
ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഷിപ്പിംഗ് വ്യവസായം. കാരണം ലോകത്തിന്റെ മൊത്തം വ്യാപാരത്തിന്റെ എൺപതു ശതമാനവും കൈകാര്യം ചെയ്യുന്നത് സമുദ്ര മാർഗത്തിലൂടെ ആയതിനാലാണ് അതങ്ങനെ വളരുന്നത്. ഇന്ത്യയുടേതാകട്ടെ മൊത്തം വ്യാപാരത്തിന്റെ 95 ശതമാനവും കൈകാര്യം ചെയ്യുന്നത് സമുദ്ര മാർഗമാണ്. കപ്പൽ നിർമ്മാണ വ്യവസായത്തിൽ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണ്. ഇന്ത്യയിലെ കപ്പൽ നിർമ്മാണശാലകൾ പിടിച്ചുനിൽക്കുന്നത് പ്രധാനമായും പ്രതിരോധാവശ്യങ്ങൾക്കുള്ള കപ്പലുകളുടെ നിർമ്മാണത്തിലൂടെയും അറ്റകുറ്റപ്പണികളിലൂടെയുമാണ്. വിദേശ കപ്പലുകളുടെ നിർമ്മാണത്തിന് ലഭിക്കുന്ന ഓർഡറുകളുടെ എണ്ണം അടുത്ത കാലത്തായി ഉയർന്നിട്ടുണ്ടെങ്കിലും പറയത്തക്ക ആശാവഹമല്ല.
ഈ കുറവ് പരിഹരിക്കുന്നത് മുൻകൂട്ടി കണ്ടാണ് ഇന്ത്യൻ കപ്പൽ നിർമ്മാണ വ്യവസായത്തെ ആഗോളതലത്തിൽ മുൻപന്തിയിൽ എത്തിക്കുക എന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ 70,000 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. 2047ഓടെ ഏതാണ്ട് 80 ലക്ഷം കോടിയുടെ നിക്ഷേപമാണ് മാരിടൈം മേഖലയിൽ ഇന്ത്യ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്തപ്പെടേണ്ടത്. സിംഗപ്പൂർ എന്ന രാജ്യത്തിന്റെ സാമ്പത്തിക ഭാഗധേയം നിർണയിക്കുന്നതിൽ തുറമുഖമാണ് ഏറ്റവും നിർണായക പങ്ക് വഹിച്ചതെന്നത് കാണാതിരിക്കാനാവില്ല. തുറമുഖങ്ങളും വ്യവസായങ്ങളും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുള്ള നഗരങ്ങൾ ഇന്ത്യയിൽ വലിയ സാമ്പത്തിക കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
ഒരു അന്താരാഷ്ട്ര തുറമുഖം വലിയ തോതിൽ വികസിക്കുമ്പോൾ തുറമുഖ കേന്ദ്രീകൃതമായ വൻകിട വ്യവസായങ്ങളും ചെറുകിട ബിസിനസുകളും ഉണ്ടായി വരിക സ്വാഭാവികമാണ്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഒരു കപ്പൽ നിർമ്മാണശാലയുടെ സാദ്ധ്യതയെക്കുറിച്ച് വളരെക്കാലമായി പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും വൻകിട നിക്ഷേപകർ മുന്നോട്ട് വന്നിരുന്നില്ല. എന്നാൽ കപ്പൽ നിർമ്മാണ മേഖലയിലേക്ക് ചുവടുവയ്ക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ആദ്യ സംരംഭം കേരളത്തിൽ തുടങ്ങുമെന്ന വാർത്ത അത്യധികം ആഹ്ളാദം പകരുന്നതാണ്. ഇതിനായി 10,000 കോടി നിക്ഷേപിക്കാനുള്ള സന്നദ്ധത ടാറ്റ ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി പൂവാറിൽ കപ്പൽ നിർമ്മാണശാല വരാനാണ് സാദ്ധ്യത. ടാറ്റയുടെ അപേക്ഷയിൽ സംസ്ഥാന സർക്കാർ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വെളിപ്പെടുത്തിയിട്ടുണ്ട്. ടാറ്റയുടെ അനുബന്ധ കമ്പനിയായ ആർട്‌സൺ ലിമിറ്റഡാവും നിക്ഷേപം നടത്തുക.
വിഴിഞ്ഞത്തിന് പത്തുകിലോമീറ്റർ അകലെയുള്ള പൂവാർ, കപ്പൽ നിർമ്മാണശാല സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കടലിന് 13 മീറ്റർ സ്വാഭാവിക ആഴമുണ്ട്. ഡ്രഡ്‌ജിംഗ് വേണ്ടിവരില്ല. കപ്പൽ നിർമ്മാണശാലയിൽ കപ്പൽ നിർമ്മാണത്തിനൊപ്പം കപ്പലുകളുടെ അറ്റകുറ്റപ്പണികളും നടക്കും. വിഴിഞ്ഞം തുറമുഖത്തെത്തുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികൾ ഇവിടെ നടത്താനാകും. ഒരുപക്ഷേ വിഴിഞ്ഞം തുറമുഖം സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളുടെ ഇരട്ടിയാവും കപ്പൽ നിർമ്മാണശാല സ്ഥാപിക്കപ്പെട്ടാൽ സൃഷ്ടിക്കപ്പെടുക. ഇതിനായി മൂവായിരം ഏക്കറോളം സ്ഥലം കണ്ടെത്താൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഏറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. അക്കാര്യങ്ങളിൽ വിവാദങ്ങൾക്കിട നൽകാതെയും താമസം വരുത്താതെയും നടപടികൾ ത്വരിതപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിയണം. വിഴിഞ്ഞം തുറമുഖവും ടാറ്റയുടെ കപ്പൽശാലയും മറ്റും കേരളത്തിന് മുന്നിൽ തുറക്കുന്നത് സുവർണ സാദ്ധ്യതകളാണ്. അത് പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സന്ദർഭമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |