3 MIN READ | AUTHOR : Web Desk PUBLISHED: OCTOBER 02, 2026 01:07 AM IST
(യോഗനാദം 2026 ഒക്ടോബർ 1 ലക്കം എഡിറ്റോറിയൽ)
കേരളത്തിന്റെ പൊതുആരോഗ്യമേഖല എക്കാലത്തും രാജ്യത്തിന് മാതൃകയായിരുന്നു. ആതുരശുശ്രൂഷാ സംവിധാനങ്ങളും ജനങ്ങളുടെ ആരോഗ്യനിലവാരവും നമ്മുടെ നാട് വികസിതരാജ്യങ്ങൾക്ക് സമാനമാണെന്നതിൽ ഓരോ മലയാളിയും അഭിമാനിക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും ഉണ്ടെങ്കിൽ കൂടിയും സാധാരണക്കാരായ ജനലക്ഷങ്ങളുടെ ആശ്രയമാണ് പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികൾ. കേവലം രണ്ടു രൂപയും ഒരു കുപ്പിയുമായി ചെന്നാൽ ഒരുവിധം അസുഖങ്ങൾക്ക് നല്ല ചികിത്സയും സൗജന്യ മരുന്നും ലഭിക്കുമെന്ന വിശ്വാസം ചെറിയ കാര്യമല്ല. ഈ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സിംഗ്, മറ്റ് അനുബന്ധമേഖലയിലുള്ളവരും അറിവുകൊണ്ടും അനുഭവസമ്പത്തുകൊണ്ടും ആർക്കും പിന്നിലുമല്ല.
ദൗർഭാഗ്യവശാൽ കുറച്ചുദിവസമായി സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ആരോഗ്യമന്ത്രി കെ.മുരളീധരൻ ആദ്യം ഇത് നിഷേധിച്ചെങ്കിലും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് അത്യാവശ്യമരുന്നുകൾ ലോക്കൽ പർച്ചേസ് നടത്തണമെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പരസ്യമായതോടെ പ്രധാനപ്പെട്ടവയുൾപ്പെടെ കുറെ മരുന്നുകൾക്ക് ലഭ്യതക്കുറവുണ്ടെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. പേവിഷ പ്രതിരോധ മരുന്നുൾപ്പെടെ 209 ഇനം മരുന്നുകളുടെ പുതിയ സ്റ്റോക്ക് വരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്തെ എണ്ണായിരത്തോളം സർക്കാർ ആശുപത്രികൾ നിലനിൽക്കുന്നത് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ നൽകുന്ന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടാണ്. സർക്കാർ ആശുപത്രികൾക്ക് വേണ്ടി ഇവ പരമാവധി വില കുറച്ച് വാങ്ങി യഥാസമയം ആശുപത്രികളിൽ എത്തിച്ചു നൽകുക എന്നതു മാത്രമാണ് കോർപ്പറേഷന്റെ ചുമതല. കാര്യക്ഷമമായി ഈ സംവിധാനം പ്രവർത്തിക്കണമെങ്കിൽ കോർപ്പറേഷന്റെ ഭരണം കുറ്റമറ്റതാകണം. ആവശ്യമായ ഫണ്ട് കൃത്യമായി സർക്കാർ ലഭ്യമാക്കുകയും വേണം. അതിൽ പിഴവുണ്ടായെന്നുവേണം കരുതാൻ.
വർഷം ആയിരത്തിലേറെ കോടിരൂപയുടെ മരുന്നുകളും ഉപകരണങ്ങളുമാണ് കോർപ്പറേഷൻ വാങ്ങുന്നത്. 180 മരുന്നുകൾക്ക് ടെൻഡറുകൾ ലഭിക്കാത്തതും 171 മരുന്നുകൾക്ക് ഉയർന്ന നിരക്ക് വന്നതും മൂലം റീടെൻഡറിംഗ് വേണ്ടിവന്നതുമാണ് നിലവിൽ മരുന്നുക്ഷാമത്തിന് വഴിവച്ചതത്രെ. മരുന്നു കമ്പനികൾക്ക് നൽകേണ്ട തുക വലിയ തോതിൽ കുടിശിക ആയതും അവർക്ക് താത്പര്യം കുറയാൻ കാരണമായിട്ടുണ്ടാകും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ കുറഞ്ഞ നിരക്കിൽ അവർ ആവശ്യത്തിന് മരുന്നുകൾ വാങ്ങുന്നുണ്ട്. അതിന്റെ എത്രയോ ഇരട്ടി മരുന്നുകൾ വാങ്ങുന്ന മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് ഇവ ലഭ്യമാകാതിരിക്കുകയോ കൂടുതൽ നിരക്ക് നൽകേണ്ടി വരുകയോ ചെയ്യുന്നുണ്ടെങ്കിൽ ഈ സംവിധാനത്തിൽ എന്തോ ഗുരുതരമായ തകരാറുണ്ട്. അത് പരിഹരിക്കാനാണ് ആരോഗ്യമന്ത്രി അടിയന്തര ശ്രദ്ധ നൽകേണ്ടത്. ഇത്തരം വീഴ്ചകൾ ഇല്ലാതെ നോക്കേണ്ടതാണ് കോർപ്പറേഷന്റെ ഉത്തരവാദിത്വം. എന്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഫണ്ട് ലഭ്യമാക്കേണ്ട ബാദ്ധ്യത സർക്കാരിനുമുണ്ട്. ഇക്കാര്യത്തിൽ കർക്കശമായ നടപടികളും മുൻകരുതലുകളും സ്വീകരിക്കണം. പാവപ്പെട്ടവർ ആശ്രയിക്കുന്ന ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്ന് വന്നാൽ സർക്കാർ എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്തെന്ന് പറഞ്ഞാലും അതെല്ലാം നിഷ്പ്രഭമാകും. പാവങ്ങളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ ബാദ്ധ്യതയാണ്.
സമയബന്ധിതമായി അവശ്യമരുന്നുകൾ സംഭരിച്ച് വിതരണം ചെയ്യുന്നതിൽ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന് വീഴ്ചകൾ ഉണ്ടായെന്നത് വ്യക്തമാണ്. സംവിധാനങ്ങളുടെ പിഴവുകളും സാമ്പത്തിക പ്രതിസന്ധികളും ഇതിന് കാരണമായിട്ടുണ്ടാകാം. അതിന്റെ പേരിൽ, ഈ വിഷയത്തിൽ സർക്കാരിന് കൈകഴുകാനാവില്ല. പൊതു ആരോഗ്യകാര്യങ്ങളിൽ ചെയ്യാനുള്ള കാര്യങ്ങൾ വൃത്തിയായും ഭംഗിയായും ചെയ്തേ പറ്റൂ. ഭരണം കൈയാളുന്നവർക്ക് ആരെയെങ്കിലും കുറ്റം പറഞ്ഞ് രക്ഷപ്പെടാനാവില്ല. മരുന്ന് ഇടപാടുകൾ ലോകത്ത് ഒരിടത്തും ജീവകാരുണ്യമോ വിശുദ്ധ പ്രവൃത്തിയോ അല്ല. ധാർമ്മികത തീരെ ഇല്ലെന്ന് തന്നെ പറയാവുന്ന കച്ചവടമാണിത്. കോടികളുടെ അഴിമതിയും കമ്മിഷനുകളും ഉൾപ്പെടുന്നതാണ് മരുന്നുവ്യാപാരം. ഇതിന്റെ 'ഗുണഫലങ്ങൾ' സ്വാഭാവികമായും ഇവിടെയും എത്തിയിട്ടുണ്ടാകും. വൻകിട, ബഹുരാഷ്ട്ര മരുന്നുകമ്പനികൾ മുതൽ ലോക്കൽ കമ്പനികൾ വരെ ഡോക്ടർമാർക്കും ആശുപത്രി ഉടമകൾക്കും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും ഉപഹാരങ്ങളും നൽകിയാണ് തങ്ങളുടെ മരുന്നുകൾ വിറ്റഴിക്കുന്നത്. മരുന്നായാലും മെഡിക്കൽ ഉപകരണങ്ങളായാലും വലിയ കമ്മിഷനുകളും നൽകുന്നുണ്ട്. എന്തൊക്കെ ആദർശം പറഞ്ഞാലും ഈ ഇടപാടുകൾ നടക്കുക തന്നെ ചെയ്യും. അത് അവസാനിപ്പിച്ചോ, അതിൽ നിന്നൊക്കെ ഒഴിഞ്ഞു നിന്നോ പ്രവർത്തിച്ച് മുന്നോട്ടുപോകാൻ ആരോഗ്യമന്ത്രി കെ.മുരളീധരന് സാധിക്കുമെന്നും കരുതാനാവില്ല. എന്നിരുന്നാലും കുറെക്കൂടി ഉത്തരവാദിത്വബോധം കാണിച്ച്, മറ്റുള്ളവരെ കുറ്റം പറയാതെ, ഏറ്റവും വേഗം ഗുണനിലവാരമുള്ള മരുന്നുകൾ എത്തിക്കാനുള്ള അടിയന്തരമായ നടപടികൾ സ്വീകരിക്കാനും അതിന് നേരിട്ട് മേൽനോട്ടം വഹിക്കാനും അദ്ദേഹം മുതിരണം.
ഭക്ഷണം കഴിഞ്ഞാൽ ഏറ്റവും പ്രാഥമികമായി പരിഗണിക്കേണ്ടത് ആരോഗ്യമാണ്. ഇന്ന് കഴിക്കേണ്ട മരുന്ന് നാളെ കഴിച്ചതുകൊണ്ട് ഫലമില്ല. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാചെലവ് താങ്ങാൻ കഴിയാത്ത സാധാരണക്കാരന്റെ ഏക ആശ്രയം സർക്കാർ ആശുപത്രികളാണ്. മരുന്ന് ലഭിക്കാതെ വെറുംകൈയ്യുമായി അവിടെ നിന്ന് അവർ മടങ്ങേണ്ട സ്ഥിതി കേരളത്തിന് അപമാനമാണ്. അത് സംഭവിക്കാതെ നോക്കണം. എന്ത് വലിയ പ്രതിബന്ധങ്ങളുണ്ടായാലും യുദ്ധകാലാടിസ്ഥാനത്തിൽ നമ്മുടെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ എത്തിക്കണം. ആ കടമ കൃത്യവും സത്യസന്ധവുമായി നിർവഹിച്ച് പാവപ്പെട്ടവരെ സംരക്ഷിക്കണം. ഇക്കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടാകരുത്.
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ