
.........................................................................................................................................
കേരളം നേരിടുന്ന അസാധാരണവും അതീവ ഗുരുതരവുമായ വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നു ഭീഷണി. വിദ്യാർത്ഥികളും യുവജനതയും ആൺ- പെൺ വ്യത്യാസമില്ലാതെ, ഈയാംപാറ്റകളെപ്പോലെ ലഹരിയുടെ മാരകവലയത്തിൽ അകപ്പെടുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. ഈ വിപത്തുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകൾകണ്ട് മാതാപിതാക്കൾക്ക് നെഞ്ചിൽ തീയാണ്. ഇത് തിരിച്ചറിഞ്ഞാകണം സംസ്ഥാനത്ത് ചുമതലയേറ്റ വി.ഡി.സതീശൻ സർക്കാരിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ലഹരി മാഫിയയെ അടിച്ചൊതുക്കാൻ 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതി പ്രഖ്യാപിച്ചത്. അത് എന്തായാലും നല്ല കാര്യമായി. ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് തൂഫാനെ കാണുന്നത്.
കൊവിഡ് മഹാവ്യാധിക്ക് ശേഷമാണ് മറ്റൊരു മഹാവ്യാധിയെപ്പോലെ ഒരു തലമുറയെ ഇല്ലാതാക്കുന്ന തലത്തിലേക്ക് ലഹരി ഭീഷണി കേരളത്തെ ഗ്രസിച്ചത്. നാട്ടിൻപുറങ്ങളിൽവരെ ലഹരി മാഫിയ അഴിഞ്ഞാടുകയാണ്. സമർത്ഥരായ വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിക്കെണികളിൽപ്പെടുത്തി, മയക്കുമരുന്നുകൾക്ക് അടിമയാക്കി സാമ്പത്തികലാഭം കൊയ്യുന്ന അന്തർദേശീയ ബന്ധങ്ങളുള്ള സംഘങ്ങളാണ് ഇതിനുപിന്നിൽ. പുതിയ തലമുറയുടെ സ്വതന്ത്ര ജീവിതസ്വപ്നങ്ങളെ ചൂഷണം ചെയ്യാൻ ഇവർക്ക് എളുപ്പമാണ്. പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലകപ്പെടുന്ന ചില പെൺകുട്ടികളുടെയും യുവാക്കളുടെയും പശ്ചാത്തലം അമ്പരിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസവും സാമ്പത്തിക പശ്ചാലത്തവുമുള്ളവരാണിവർ.
കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിയിലായ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉത്തരേന്ത്യക്കാരനായ ഉദ്യോഗസ്ഥന്റെ കാര്യമെടുത്താൽമതി ലഹരിയുടെ കടന്നുകയറ്റം തിരിച്ചറിയാൻ. ഇന്ത്യയുടെ കൊവിഡ് വാക്സിൻ കണ്ടുപിടിക്കുന്നതിന് നിർണായകമായ പങ്കുവഹിച്ച സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. പ്രതിഭാശാലികളായ ഇത്തരം ആയിരക്കണക്കിന് യുവാക്കളാണ് രാസലഹരിക്ക് അടിപ്പെട്ട് ഇല്ലാതാകുന്നത്. രാജ്യത്തിന്റെ അഭിമാനവും പ്രതീക്ഷകളുമായ യുവാക്കൾ ഇങ്ങനെ നാശത്തിലേക്ക് പോകാൻ സർക്കാരും സമൂഹവും അനുവദിക്കരുത്.
മലയാളികളുടെ ആഗോളസാന്നിദ്ധ്യം അന്താരാഷ്ട്രതലത്തിലുള്ള രാസലഹരികളെ വളരെവേഗം തന്നെ കേരളത്തിലേക്കുമെത്തിക്കും. ഒരിക്കൽ ഉപയോഗിച്ചാൽപോലും അടിമകളാകുന്ന മാരകലഹരികളും ഇക്കൂട്ടത്തിലുണ്ട്. ഗ്രാമിന് ആയിരങ്ങളാണ് വില. പണമില്ലാതാകുമ്പോൾ ഇവ ലഭിക്കാൻ ഇരകൾ എന്തുംചെയ്യും. ചില്ലറക്കച്ചവടവും മരുന്നുകടത്തും അക്രമവും വ്യഭിചാരവും വരെ. ഉറ്റവർ ലഹരിക്കെണികളിൽപ്പെട്ട എത്രയോ കുടുംബങ്ങളുടെ കണ്ണീരാണ് ദിനവും വീഴുന്നത്.
ഒരിക്കൽ ലഹരിക്കെണിയിൽ പെട്ടുപോയാൽ അതിൽനിന്ന് മുക്തരാവുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നാം കേട്ടിട്ടുപോലുമില്ലാത്ത പുതിയ ഇനം സിന്തറ്റിക് മരുന്നുകൾ പെട്ടിക്കടകളിൽപ്പോലും ലഭിക്കുന്ന കാലമാണ്. മൂന്നോ നാലോ വർഷംപോലും വേണ്ട ഇരകൾ ആരോഗ്യം നശിച്ച്, ഭ്രാന്തരെപ്പോലെയാകാൻ. മനുഷ്യർ എങ്ങനെ നശിച്ചാലും കുടുംബങ്ങൾ മുച്ചൂടും മുടിഞ്ഞാലും സാമ്പത്തിക ലാഭമുണ്ടാക്കുക എന്നതു മാത്രമാണ് ലഹരിമാഫിയകളുടെ ലക്ഷ്യം.
സമൂഹത്തിന്റെ ഉന്നതങ്ങളിൽ വിരാജിക്കുന്നവർവരെ ലഹരിക്ക് അടിമകളോ ഇടനിലക്കാരോ മൊത്തക്കച്ചവടക്കാരോ ആകുന്നുണ്ട്. ലഹരിവേട്ട വാർത്തകൾ കണ്ടാൽ അറിയാം ഏതൊക്കെ തലത്തിലേക്ക് ഇവ വ്യാപിച്ചിട്ടുണ്ടെന്ന്. പണ്ട് ഇന്ത്യയിൽ പഞ്ചാബായിരുന്നു ലഹരിയുടെ തലസ്ഥാനം. കഠിനാദ്ധ്വാനികളായ, വിദ്യാഭ്യാസത്തിലും കൃഷിയിലും വ്യവസായത്തിലും മുന്നിൽനിന്ന ആ ജനത ഇപ്പോഴും അതിന്റെ പ്രതിസന്ധികളിൽ നിന്ന് കരകയറിയിട്ടില്ല. കേരളവും പഞ്ചാബിന്റെ പാതയിലേക്ക് പോവുകയാണോ എന്ന ഭയം അതിശയോക്തിയുമല്ല.
മയക്കുമരുന്ന് മാഫിയയുടെ പിന്നിൽ വിദ്ധ്വംസക പ്രവർത്തനങ്ങളുടെയും വർഗീയ ശക്തികളുടെയും അധോലോകങ്ങളുടെയും അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികളുടെയും കണ്ണികളുണ്ടെന്ന് സത്യമാണ്. അന്യരാജ്യങ്ങളിൽ നിന്ന് ലഹരിയുമായി വന്ന എത്രയോ വിദേശികൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ പിടിയിലായിട്ടുണ്ട്. മയക്കുമരുന്നെന്ന വിപത്തിനെ നമ്മുടെ സമൂഹത്തിൽ ഒഴിവാക്കാൻ പൊലീസും എക്സൈസും മാത്രം വിചാരിച്ചാൽ സാധിക്കണമെന്നില്ല. സമൂഹം ഒറ്റക്കെട്ടായിതന്നെ രംഗത്തുവരണം.
സംസ്ഥാനം നേരിടുന്ന ലഹരി ഭീഷണി ഉന്മൂലനം ചെയ്യാൻ പുതിയ സർക്കാർ അധികാരമേറ്റയുടൻ കൈക്കൊണ്ട തീരുമാനത്തിൽ വളരെ സന്തോഷമുണ്ട്. അതിന് മുൻകൈയെടുത്തതിന് സർക്കാർ അഭിനന്ദനം അർഹിക്കുന്നു. ഈ നീക്കം പുത്തനച്ചി പുരപ്പുറം തൂക്കുംപോലെ ആകരുത്. ആഭ്യന്തരവകുപ്പും എക്സൈസ് വകുപ്പും സർക്കാർ ഒന്നാകെയും ഇതിന് മുന്നിൽ വേണം.
കേരളസമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയുമാണ് ഈ തീരുമാനം. കാഴ്ചക്കാരായി നോക്കിനിൽക്കാതെ സമൂഹം ഒന്നാകെ ഈ ദൗത്യത്തിൽ സർക്കാരിനൊപ്പം അണിചേരണം. ആര് ചെയ്യുന്നു എന്നതിനല്ല, എന്തു ചെയ്യുന്നു എന്നതിനാണ് പ്രാധാന്യം. നല്ലത് ചെയ്താൽ നല്ലതെന്ന് പറയാനും തെറ്റുചെയ്താൽ ചൂണ്ടിക്കാട്ടാനും തെറ്റാണെന്ന് പറയാനുമുള്ള മനസാണ് ജനങ്ങൾക്ക് വേണ്ടത്. ഈ ദൗത്യം ഇടയ്ക്കിട്ട് പോകരുത്.
ലഹരിക്കടിപ്പെട്ടവരെ അതിൽനിന്ന് മുക്തരാക്കാനുള്ള സമഗ്രമായ കർമ്മപദ്ധതിയും സർക്കാർ പരിഗണിക്കണം. അവർ ഇരകളാണ്. അവരെ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. ഒപ്പംതന്നെ അവരിലേക്ക് ലഹരി എത്തിച്ചവരുടെ വേരറുക്കലാകണം ഈ പോരാട്ടത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. അതിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകരുത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാന് അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട്, കേരളത്തിന്റെ രക്ഷയ്ക്കുവേണ്ടി എസ്.എൻ.ഡി.പി യോഗം പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യമാണിത്. പറ്റാവുന്ന ഏതുവിധത്തിലുമുള്ള സഹായങ്ങളുമായി സർക്കാരിനൊപ്പം കേരളത്തിലെ ഏറ്റവും വലിയ സാമുദായിക പ്രസ്ഥാനമായ എസ്.എൻ.ഡി.പി യോഗം പ്രവർത്തകരും അണിനിരക്കാൻ തയ്യാറാണ്. മറ്റ് സാമൂഹ്യ, സാംസ്കാരിക സംഘടനകളും രാഷ്ട്രീയവും വിയോജിപ്പുകളും മറന്ന് ഓപ്പറേഷൻ തൂഫാനൊപ്പം ചേരണം. നമ്മുടെ മക്കളെ നന്മയുള്ളവരാക്കി വളർത്താൻ, ഒരു തലമുറയുടെ രക്ഷയ്ക്കായി ഒന്നിച്ചുനിന്ന് കൈകോർക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |