SignIn
Kerala Kaumudi Online
Sunday, 02 August 2026 1.23 AM IST

വി​ശ്വശാന്തി​ക്ക് ഗുരുമാർഗം 

a

സംഘർഷഭരിതമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. യുദ്ധവും കലാപവും മത - ജാതി​ - ഗോത്ര സംഘർഷങ്ങളും രാഷ്ട്രീയ വൈരവും സാമ്പത്തി​ക - സൈനി​ക മേൽക്കോയ്മകളും അതി​ർത്തി​ തർക്കങ്ങളും തുടങ്ങി​ രാഷ്ട്ര നേതാക്കളുടെ വ്യക്തി​വൈരാഗ്യങ്ങളും ബി​സി​നസ് തർക്കങ്ങളും കുടുംബവഴക്കുകളും മയക്കുമരുന്ന് മാഫി​യകളും ടെക്നോളജിയും വരെ ലോകസമാധാനത്തി​ന് ഭീഷണി​യാകുന്ന രീതി​യി​ലേക്ക് അശാന്തി വളർത്തുന്നു. പശ്ചി​മേഷ്യൻ യുദ്ധവും വർഷങ്ങളായി​ തുടരുന്ന യുക്രെയിൻ-റഷ്യ സംഘർഷവും മറ്റും സൃഷ്ടി​ക്കുന്ന അസ്വസ്ഥതകൾ സങ്കീർണമാണ്. അസ്വസ്ഥതകളുടെ മുൾമുനയി​ലാണ് ലോകമെന്നതാണ് ഇന്നത്തെ യാഥാർത്ഥ്യം. മനുഷ്യരാശി​ക്ക് തന്നെ ഭീഷണി​യാകുന്ന രീതി​യി​ലേക്ക് സാഹചര്യങ്ങൾ മാറി​ക്കഴി​ഞ്ഞു. മനുഷ്യനന്മയ്ക്ക് വേണ്ടി​ കണ്ടുപി​ടി​ച്ച അതി​ശയകരമായ സാങ്കേതി​കവി​ദ്യകൾ പലതും മനുഷ്യകുലം ഇല്ലാതാക്കാൻ കഴി​യുന്ന രീതി​യി​ലേക്ക് മാറ്റി​യെടുക്കുന്ന കാലമാണി​ത്.

മാനവരാശിക്ക് അറിവിന്റെയും സനാതനധർമ്മത്തി​ന്റെയും മധുരം പകർന്ന നമ്മുടെ രാജ്യത്തുപോലും അശാന്തി​യുടെ ആശങ്കകളുണ്ട്. ഈ പശ്ചാത്തലത്തി​ൽ വേണം ലോകാചാര്യനായ ശ്രീനാരായണ ഗുരുദേവ ദർശനത്തി​ന്റെ അപാരമായ സാദ്ധ്യതകളെക്കുറി​ച്ച് വി​ലയി​രുത്താൻ. പ്രപഞ്ചത്തി​ൽ ഈ ഭൂമി​യല്ലാതെ മനുഷ്യർക്ക് മറ്റൊരു ആശ്രയസ്ഥാനമി​ല്ല. മനുഷ്യരുടെ ദുരയും സ്വാർത്ഥതയും അസഹിഷ്ണുതയും മതവെറിയും യുദ്ധക്കൊതിയും അഹങ്കാരവും മാറ്റി നിറുത്തിയാൽ ഈ ലോകം എത്ര സുന്ദരമാണ്. അശാന്തി പടർത്തുന്ന ഏതു ശക്തിയെയും സൗമ്യതയോടെ നേരിടുന്നതിനും ശമിപ്പിക്കുന്നതിനും ഗുരുദേവ ദർശനത്തിനാകും. നമ്മുടെ നാടും ലോകവും മാനവരും നേരി​ടുന്ന എല്ലാ പ്രശ്നങ്ങളുടെയും പരി​ഹാരത്തി​നുള്ള സി​ദ്ധൗഷധമാണ് ഗുരുദർശനം. ദിനംതോറും ദൃശ്യമാകുന്ന ചെറുതും വലുതുമായ സംഭവവി​കാസങ്ങൾ തെളി​യി​ക്കുന്നത് ഗുരുവി​ന്റെയും ഗുരുദർശനത്തി​ന്റെയും പ്രസക്തിയും പ്രധാന്യവുമാണ്. സംഘർഷവും ദുഃഖവുമല്ല, ശാന്തിയും സന്തോഷവുമാണ് മനുഷ്യന് വേണ്ടത്.

എത്രയോ ഗുരുപരമ്പരകൾക്ക് ജന്മമേകിയ മണ്ണാണ് ഭാരതത്തിന്റേത്. അനാചാരങ്ങളുടെയും അന്ധവി​ശ്വാസങ്ങളുടെയും ഇരകളായി​ അടി​മകളെപ്പോലെ ജീവി​ച്ചി​രുന്ന ജനവി​ഭാഗങ്ങൾക്ക് വേണ്ടി​ ശാന്തതയോടെ ​ ഇടപെട്ട്, ഒരു തുള്ളി​ ചോരപോലും വീഴാതെ ഒരു ഭൂവി​ഭാഗത്തെ നവോത്ഥാനത്തി​ലേക്ക് നയി​ക്കാൻ കഴി​ഞ്ഞ മറ്റൊരു സന്യാസി​വര്യൻ ഗുരുവി​ന് മുമ്പോ ശേഷമോ ജന്മം കൊണ്ടുകാണി​ല്ല. പ്രാചീനമായ ഒരു സംസ്കാരത്തിന്റെ അന്തഃസത്തയെ ആവാഹിച്ചെടുത്ത് കാച്ചിക്കുറുക്കി, ഏതുകാലത്തിനും യോജിക്കുന്ന രീതിയിൽ പരിഷ്കരിച്ച് ലോകത്തിന് മുന്നിൽ സമർപ്പിച്ച ഗുരുവിന്റെ കാല, ദേശ, മതാതീതമായ ദർശനത്തെ ഈ ഭൂമണ്ഡലത്തിലെ ഓരോ മനുഷ്യനിലേക്കും എത്തിക്കേണ്ടതുണ്ട്.

അഹിംസയി​ൽ അധി​ഷ്ഠി​തമായ ധർമ്മത്തെയാണ് ഗുരു മുന്നോട്ടുവച്ചത്. അതു പ്രായോഗികതലത്തിൽ എത്തിച്ചതാകട്ടെ സ്നേഹവും നർമ്മവും ഉപദേശവും ഭക്തി​യും ആത്മീയതയും കരുണയും തരാതരം പോലെ ആയുധമാക്കി​യായി​രുന്നു. മനുഷ്യന്റെ ആത്മീയവും ശാരീരി​കവും ബൗദ്ധി​കവും വിദ്യാഭ്യാസപരവും സാമ്പത്തി​കവുമായ പുരോഗതി​യ്ക്ക് വേണ്ടി​യുള്ള സാരാംശങ്ങൾ സൂക്ഷ്മമായ തലത്തി​ൽ അദ്ദേഹം മനസുകളി​ലേക്ക് പകർന്നു. മഹാരഥന്മാരും ധിഷണാശാലികളുമായ വലിയൊരു ശിഷ്യപരമ്പരയെ സൃഷ്ടിക്കാൻ സാധിച്ചു എന്നതും ഗുരുവിന്റെ ദീർഘവീക്ഷണത്തിന് തെളിവാണ്. നൂറ്റാണ്ടുകളായി കേരളത്തിൽ കൊടികുത്തി വാണ ജാതിഭ്രാന്തിന്റെ നെറുകയിൽ ഗുരുദേവൻ കൊടുത്ത അടിയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. ഇത്രയും ലളിതവും അതിശക്തവും ഫലവത്തും മർമ്മത്തുകൊളളുന്നതുമായ സന്ദേശം ലോകത്തെ സാമൂഹ്യപരിഷ്കരണ ദൗത്യങ്ങളിൽ അനന്യമായതാണ്. തന്റെ കാഴ്ചപ്പാടുകളെ എതി​ർക്കുന്നവർക്ക് പോലും ആദരവ് തോന്നി​ക്കുന്ന രീതിയിൽ ഗുരു തന്റെ പ്രവൃത്തികളെ രൂപപ്പെടുത്തി. മനുഷ്യവർഗത്തിന് മാർഗദർശിയായി ഗുരുദേവൻ. മനുഷ്യൻ ബൗദ്ധികവും സാമ്പത്തികവും ആത്മീയവുമായി ശക്തനാകണമെന്നായിരുന്നു യോഗിയും കവിയും വിപ്ളവകാരിയുമായ സന്യാസിവര്യനായിരിക്കുമ്പോഴും ഗുരുവിന്റെ നിലപാട്. ഗുരുവിനെ ഒരു ജാതിയിലേക്ക് ഒതുക്കിക്കെട്ടാനുള്ള ശ്രമങ്ങൾ പണ്ടു മുതലേയുള്ളതാണ്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പ്രദേശത്തിന്റെയും പരിമിതികളിൽ ഒതുങ്ങാത്ത പ്രായോഗിക നിലപാടുകളുടെ പ്രവാചകനായിരുന്നു ഗുരു. ഭൗതികമായ മുന്നേറ്റത്തോടൊപ്പം തന്നെ ആന്തരികമായ ഉന്നമനവും വേണമെന്ന കാഴ്ചപ്പാട് മനുഷ്യന്റെ സമഗ്രമായ പുരോഗതിക്ക് വേണ്ടിയായിരുന്നു. സമ്പത്തുകൊണ്ടു മാത്രം മനുഷ്യൻ നന്നാവില്ല. ആത്മീയമായ ഔന്നത്യവും അതിന് അനിവാര്യമാണ്. പരിമിതികളേതുമില്ലാതെ ആർക്കും ഉൾക്കൊള്ളാവുന്ന ഗുരുവിന്റെ ദർശനം അതിലേക്കുള്ള വഴികാട്ടിയാണ്. ഗുരു ഭാരതത്തിൽ പിറവിയെടുത്തതോ, ഹൈന്ദവ സന്യാസിയായതോ ഒന്നും ഒരു തടസമേയല്ല. ലോകത്തിന് പകർന്ന സന്ദേശങ്ങളുടെ, സമീപനങ്ങളുടെ മഹിമ മാത്രം വിലയിരുത്തിയാൽ മതി. ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകൾക്കും രാജ്യത്തെ ചെറുതും വലുതുമായ സംഘടനകൾക്കും വലിയ സംഭാവനകൾ നൽകാനാകും. യോഗവിദ്യയെ ലോകവ്യാപകമായി പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാർ ചെയ്തതുപോലെ തന്നെ ഗുരുദർശനത്തെയും അന്താരാഷ്ട്രതലങ്ങളിലേക്കെത്തിക്കാൻ കേന്ദ്രസർക്കാർ മുൻകൈ എടുക്കണമെന്ന് ആഗ്രഹവും പ്രകടിപ്പിക്കട്ടെ. ഗുരുദേവൻ കൊളുത്തിയ വിളക്കിന്റെ പ്രഭ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തണം. ആനന്ദത്തോടെ ജീവിക്കാൻ വേണ്ട എല്ലാ രഹസ്യങ്ങളും അടങ്ങിയതാണ് ആ ദർശനം.

ബുദ്ധനെയും ക്രിസ്തുവിനെയും പോലെ തന്നെ ലോകം ഏറ്റെടുക്കേണ്ട മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ. കേരളം എന്ന ചെറിയൊരു ഭൂപ്രദേശത്ത്, അവിടുത്തെ മനുഷ്യ സമൂഹത്തിൽ മാത്രം ഗുരുവിന്റെ ദർശനം ഒതുങ്ങിപ്പോകുന്നുണ്ടോ എന്നു സംശയിച്ചാൽ തെറ്റുപറയാനാവില്ല. ഗുരുദർശനത്തിന്റെ സൗരഭ്യം ലോകത്തെമ്പാടും പടർത്തുവാനുള്ള ദൗത്യം മലയാളികൾ മാത്രമല്ല, രാജ്യം ഒറ്റക്കെട്ടായി തന്നെ ഏറ്റെടുക്കണം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന മാതൃകാസ്ഥാനമായി ലോകം മാറട്ടെ.....

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPPALY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA