അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ്. മൂന്നരക്കോടി മലയാളികൾക്കും വാനോളം അഭിമാനിക്കാൻ വക നൽകുന്ന നേട്ടം. കസാക്കിസ്ഥാനിലെ ബൈക്കനൂരിലുള്ള റഷ്യൻ ബഹിരാകാശ നിലയത്തിൽ നിന്ന് സോയൂസ് എം.എസ് 29 പേടകത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17ന് പുറപ്പെട്ട അനിൽ മേനോൻ, റഷ്യൻ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന്ന എന്നിവർ ഉൾപ്പെട്ട സംഘം 11.26ന് ബഹിരാകാശ നിലയത്തിലെത്തി. ഗവേഷണങ്ങൾക്കായി എട്ട് മാസം
ഇവർ ബഹിരാകാശത്തു ചെലവിടും. എമർജൻസി വിഭാഗം ഡോക്ടറും യു.എസ് ബഹിരാകാശ സേനയിൽ കേണൽ പദവിയിലുള്ള ഉദ്യോഗസ്ഥനുമാണ് 49കാരനായ അനിൽ മേനോൻ. അച്ഛൻ ശങ്കരൻ മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശി. അമ്മ യുക്രെയിൻകാരി എലിസബത്ത് സമോയിലെങ്കോ.
''ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി ഞാനാകും. പക്ഷേ അവസാനത്തേത് ഞാനാകില്ലെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കുടുംബത്തിന്റെ അതേ സ്ഥലത്തു നിന്നുള്ള പ്രശാന്ത് നായർ അടുത്തതായി എത്തും. കേരളം അവിടെ നന്നായിത്തന്നെ പ്രതിനിധാനം ചെയ്യപ്പെടും." യാത്രയ്ക്ക് ഏതാനും ദിവസം മുമ്പ് അനിൽ മേനോൻ പറഞ്ഞ ഈ വാക്കുകൾ എത്രത്തോളം കേരളത്തെയും മലയാളികളെയും ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്നു എന്നതിന് നിദർശനമാണ്. 1984 ഏപ്രിൽ 3ന് സോവിയറ്റ് യൂണിയന്റെ സോയൂസ് പേടകത്തിൽ ബഹിരാകാശത്തെത്തിയ രാകേഷ് ശർമ്മയാണ് ആദ്യ ഇന്ത്യക്കാരൻ. 2025 ജൂൺ 25ന് ആക്‌സിയം - 4 ദൗത്യത്തിലൂടെ ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായത് ശുഭാംശു ശുക്ളയാണ്. വലിയ ആഘോഷത്തോടെയും ആവേശത്തോടെയുമാണ് ഇവരുടെയെല്ലാം ഗഗനയാത്രകൾ ഇന്ത്യക്കാർ ഏറ്റുവാങ്ങിയിട്ടുള്ളത്.
റഷ്യയും അമേരിക്കയും മാറിമാറിയാണ് സ്പേസ് സ്റ്റേഷനിലേക്ക് മനുഷ്യരെ എത്തിക്കുന്നത്. ഇത്തവണ റഷ്യയുടെ ഉൗഴമായിരുന്നു. അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ പ്രതിനിധിയായാണ് അനിൽ മേനോൻ സ്പേസ് സ്റ്റേഷനിലെത്തിയത്. സ്പേസ് എക്സ് ജീവനക്കാരിയായ അനിൽ മേനോന്റെ ഭാര്യ അന്നയും നേരത്തേ ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. കേരളകൗമുദിയുടെ പ്രത്യേക ലേഖകന് എഴുതി നൽകിയ മറുപടികളിൽ കേരളവുമായുള്ള ആത്മബന്ധം ഡോ. അനിൽ മേനോൻ സൂചിപ്പിക്കുന്നുണ്ട്.
''ഒറ്റപ്പാലവുമായുള്ള ബന്ധം ആഴത്തിലുള്ളതാണ്. എന്റെ മുതുമുത്തച്ഛൻ സർ സി. ചേറ്റൂർ ശങ്കരൻ നായർ, അമ്മാവൻ ജനറൽ കെ.പി. കാൻഡത്ത് തുടങ്ങിയവരൊക്കെ ഞങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചവരാണ്. കേരളത്തിലേക്ക് വീണ്ടും വരും. നാടിന്റെ സുഗന്ധം ഇനിയും ആസ്വദിക്കണം" - ഇതായിരുന്നു അനിൽ മേനോന്റെ കേരളവുമായുള്ള ഹൃദയബന്ധം സൂചിപ്പിക്കുന്ന വാക്കുകൾ.
2027 ഏപ്രിൽ ഒന്നു വരെയാകും അനിൽ മേനോനും സംഘവും സ്പേസ് സ്റ്റേഷനിൽ തങ്ങുക.
ഓരോ ബഹിരാകാശ യാത്രകളും ശാസ്‌ത്രമേഖലയ്ക്ക് പകരുന്ന നേട്ടങ്ങൾ ചെറുതല്ല. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയും ബഹിരാകാശത്ത് വൻ ശക്തിയാകാനുള്ള കുതിപ്പിലാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ യത്നങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ അനിൽ മേനോന്റെ ഈ യാത്ര പ്രചോദനമാകുമെന്നതിൽ സംശയമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |