
പാലക്കാട്: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടത്തിലേക്ക് നാസയിലെ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ എത്തുമ്പോൾ പാലക്കാടിനും ഒറ്റപ്പാലത്തിനും ഒരുപോലെ അഭിമാനിക്കാം. ജനിച്ചത് അമേരിക്കയിലാണെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അദ്ധ്യക്ഷൻ സർ ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ. ചേറ്റൂർ തറവാട്ടിലെ നാലാം തലമുറയിൽപ്പെട്ട അനിൽ മേനോൻ അവസാനമായി പാലക്കാട്ടെ തറവാട് സന്ദർശിച്ചത് 2024ലായിരുന്നു. അച്ഛമ്മയായ കല്യാണിക്കുട്ടിയമ്മയെ കാണാനാണ് രണ്ട് വർഷം മുമ്പ് പാലക്കാടെത്തിയത്. ആ വർഷം കല്യാണിക്കുട്ടിയമ്മ മരിച്ചു. അച്ഛൻ കെ.പി.ശങ്കരൻ മേനോൻ ഇപ്പോൾ അമേരിക്കയിലാണ്. ഇടയ്ക്ക് ഡൽഹിയിൽ വന്ന് താമസിക്കാറുണ്ട്. നേരിൽ കണ്ടിട്ടില്ലെങ്കിലും വാർത്താ മാദ്ധ്യമങ്ങളിലൂടെയാണ് തങ്ങളും അനിലിന്റെ നേട്ടങ്ങളെ കുറിച്ച് അറിയുന്നത്. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ന്യൂറോ ബയോളജി പഠിച്ച അനിൽ ഹണ്ടിംഗ്ടൺ രോഗത്തെ പറ്റിയാണ് ഗവേഷണം നടത്തിയത്. ഇതിന് ശേഷം റോട്ടറി അമ്പാസഡോറിയൽ സ്‌കോളറായി ഇന്ത്യയിൽ ഒരു വർഷം പഠന നടത്തിയിരുന്നു. പോളിയോ വാക്സിനേഷനെക്കുറിച്ച് പഠിക്കുകയും പ്രചാരം നൽകുകയുമായിരുന്നു ഇന്ത്യയിലെ അദ്ദേഹത്തിന്റെ ദൗത്യം.ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരൻ എന്നതിൽ താൻ എന്നും അഭിമാനിക്കുന്നുവെന്ന് അനിൽ മേനോൻ പറയാറുണ്ട്. എട്ടുമാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഭൂമിയിലേക്ക് എത്തിയശേഷം അദ്ദേഹം പാലക്കാട്ടെ തറവാട്ടിലേക്ക് എത്തുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
അനിൽ ലോകത്തിന്റെ നെറുകയെത്തുന്നതിൽ ഒറ്റപ്പാലത്തുകാർ ഏറെ അഭിമാനിക്കുന്നതായി ചേറ്റൂർ ശങ്കരൻ നായർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ചിത്രേഷ് നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |