SignIn
Kerala Kaumudi Online
Saturday, 20 June 2026 7.34 AM IST

സിബിൽ സ്കോർ മാനദണ്ഡമാക്കരുത്

READ ENGLISH VERSION

photo

ഇക്കാലത്ത് ശമ്പള സുരക്ഷിതത്വമുള്ള ജോലിനേടുക ചെറിയ കാര്യമല്ല. പഴയ ആകർഷകത്വമില്ലെങ്കിലും മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന മാന്യമായ ജോലികളിലൊന്നാണ് ബാങ്ക് ഉദ്യോഗം. കൊമേഴ്സ് ബിരുദധാരികളെക്കാൾ എൻജിനിയറിംഗ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിച്ചിറങ്ങുന്നവരാണ് ബാങ്കുദ്യോഗത്തിന് ശ്രമിക്കുന്നത്. ബാങ്കിലെ ക്ളാർക്ക് തസ്‌തികയിലേക്കുള്ള പ്രവേശനം മത്സരപരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. രാജ്യത്ത് ലക്ഷങ്ങളാണ് ബാങ്ക് ജോലിയെന്ന സ്വപ്നവുമായി പരീക്ഷകളെഴുതുന്നത്. ഇതിൽ പകുതിയും മറ്റ് സ്വകാര്യ കമ്പനികളിൽ താത‌്‌കാലിക ജോലി നോക്കുന്നവരും പലകാര്യങ്ങൾക്കും ബാങ്കിൽനിന്ന് ലോണെടുത്തിട്ടുള്ളവരുമായിരിക്കും. അല്ലാത്തവർ വിദ്യാഭ്യാസ ലോണിന്റെ കുടിശികയുള്ളവരായിരിക്കും. അത്തരം കാര്യങ്ങളൊന്നും ഇതുവരെ ബാങ്ക് ജോലി ലഭിക്കുന്നതിന് തടസമായിരുന്നില്ല. എന്നാൽ പുതിയ യോഗ്യത കൂടി നിർബന്ധമാക്കുകയാണ് ബാങ്ക് റിക്രൂട്ടിംഗ് അധികൃതർ. വായ്‌പാ തിരിച്ചടവുമായി ബന്ധപ്പെട്ട മികച്ച സിബിൽ സ്‌കോറും ജോലിക്കായി ഹാജരാക്കണമെന്ന വിചിത്രമായ നിബന്ധനയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. യോഗ്യതയ്ക്കൊപ്പം കൂടുതൽ കോഴ്‌സുകളിലെ പഠനവും അനുബന്ധമായി ചേർത്താൽ മനസിലാകും. പക്ഷേ വായ്‌പാ തിരിച്ചടവിലെ മുടക്കം മത്സരപരീക്ഷയുമായി ബന്ധപ്പെടുത്തുന്നതിന്റെ യുക്തി മനസിലാകുന്നില്ല.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്സണൽ സെലക്‌ഷൻ ഈ വർഷത്തെ ഓഫീസർ, ക്ളാർക്ക് തസ്തികകളിലേക്കുള്ള ആദ്യ സെലക്‌‌ഷൻ പ്രക്രിയയ്ക്ക് തുടക്കമിട്ട സാഹചര്യത്തിലാണ് പുതിയ മാനദണ്ഡവും വന്നിരിക്കുന്നത്. അപേക്ഷിക്കുന്നവർ വായ്‌പ എടുത്തിട്ടില്ലാത്തവരാണെങ്കിൽ എങ്ങനെ മികച്ച സിബിൽ സ്കോർ കാണിക്കും? ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ സിബിൽ സ്കോർ ഹാജരാക്കേണ്ടതില്ലെന്നും വ്യവസ്ഥയിൽ പറയുന്നു. ഇക്കാലത്ത് ബാങ്ക് അക്കൗണ്ടില്ലാത്ത ഏത് ബിരുദധാരിയാണുള്ളത്. ഈ നിബന്ധന ഉദ്യോഗാർത്ഥികൾക്ക് വലിയ തലവേദനയാണ് വരുത്തിവച്ചിരിക്കുന്നത്. സിബിൽ സ്കോർ കുറഞ്ഞുപോകുന്നത് രാജ്യദ്രോഹകുറ്റമൊന്നും അല്ലല്ലോ. ഉദ്യോഗാർത്ഥികൾക്ക് പുതിയ വ്യവസ്ഥയെ നിസാരമായി കാണാനാകില്ല. ജോലിക്ക് കയറുന്നതിന് മുമ്പ് കർശനമായി സിബിൽ സ്കോർ അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്നും അതില്ലാത്തവർ കുടിശികയൊന്നുമില്ലെന്ന് കാണിക്കുന്ന നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റ് വാങ്ങി നല്‌കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ വീഴ്ചവന്നാൽ ജോലി കൈവിട്ടുപോയേക്കാം.

ബാങ്കിംഗ് ജോലി മെച്ചപ്പെട്ടരീതിയിൽ നടക്കണമെങ്കിൽ മിടുക്കന്മാരെയാണ് എടുക്കേണ്ടത്. സിബിൽ സ്കോർ അതിന് മാനദണ്ഡമാകരുത്. ഇത്തരം മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നവരാണ് ബാങ്കിംഗ് മേഖലയെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തിച്ചിരിക്കുന്നതെന്നും മറക്കാനാവില്ല. ഉദ്യോഗാർത്ഥികൾ ഈ വ്യവസ്ഥയ്ക്കെതിരെ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഒന്നുകിൽ സിബിൽ സ്കോർ നോക്കി ആളിനെ എടുക്കുക. അല്ലെങ്കിൽ മത്സരപരീക്ഷ മാത്രം നടത്തി എടുക്കുക. ഇത് രണ്ടുംകൂടി പരിഗണിക്കുന്നത് ശരിയായ കാര്യമല്ല. പതിനായിരക്കണക്കിന് കോടികൾ പറ്റിച്ചുകൊണ്ട് പോകുന്നവരെ ഒന്നും ചെയ്യാൻ ഈ ബാങ്കുകൾക്ക് കഴിയുന്നില്ല. ചെറിയ വായ്‌പയെടുത്ത് ഗതികേടുകൊണ്ട് മുടങ്ങിപ്പോകുന്നവൻ ജോലിക്കുപോലും അർഹനല്ലെന്ന് ബോദ്ധ്യപ്പെടുത്താനാണ് ഇത്തരം വിചിത്ര മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ആദ്യം അവർ വലിയ പറ്റിപ്പുകാരെ പിടിക്കട്ടെ. എന്നിട്ടാവാം ഈ പരിഷ്കാരങ്ങളൊക്കെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIBIL SCORE FOR BANK JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY