SignIn
Kerala Kaumudi Online
Saturday, 20 June 2026 3.28 AM IST

ഓരോ ശിശുരോദനത്തിലും കേൾക്കാൻ...

a

തിരുവനന്തപുരം നെടുമങ്ങാട് അർഷിദ് എന്ന ഒന്നരവയസുകാരൻ

ക്രൂരമർദ്ദനത്തിനിരയായി മരിച്ചത് മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നവർക്കെല്ലാം വലിയ ഞെട്ടലായി. കാരണം സംരക്ഷിക്കേണ്ടവർ തന്നെയാണ് അവന്റെ ജീവനെടുത്തത്.ഒഴിവാക്കപ്പെടാമായിരുന്ന കൊലപാതകമെന്നാണ് പിന്നീട് വന്ന നിഗമനങ്ങൾ. സർക്കാർ സംവിധാനങ്ങൾക്കും ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. വിശദീകരണം തേടിയിരിക്കുന്നതും.

കുഞ്ഞ് അർഷിദിന്റെ മരണം കേരളത്തിൽ ഒരു വിലാപമാവുകയായിരുന്നു. പിഞ്ചുശരീരത്തിൽ മർദ്ദനമുറിവുകളും ചതവുകളും സിഗരറ്റിന്റെ പൊള്ളലുകളും സഹിതമാണ് അവൻ കൊടിയ യാതനയിൽ നിന്ന് എന്നേയ്ക്കുമായി മുക്തി നേടിയത്. അതിലും ഞെട്ടലായത് പിന്നീട് പുറത്തുവന്ന ഒരു വീഡിയോ ആണ്.രണ്ടു കൈകളും ഒടിഞ്ഞ നിലയിൽ പ്ലാസ്റ്ററിട്ട് കുട്ടി അമ്മയുടെ ഒക്കത്തിരുന്ന ദൃശ്യം.ഒരു വ്ലോഗർ യാദൃശ്ചികമായി നേരത്തേ പകർത്തിയ ദൃശമായിരുന്നു അത്. എന്തു പറ്റിയെന്ന ചോദ്യത്തിന് മകൻ സൈക്കിളിൽ നിന്ന് വീണതാണെന്ന് അമ്മയുടെ മറുപടി.വീഡിയോ പ്രചരിക്കും മുമ്പേ തന്നെ കുട്ടിയുടെ കൈകൾ ഒടിഞ്ഞതിന്റെ കാരണവും മരണകാരണവും ജനസമക്ഷമെത്തിയിരുന്നു. ലാളന നൽകേണ്ടിയിരുന്ന രണ്ടാനച്ഛനായിരുന്നു ഈ മർദ്ദന പരമ്പരകളിലെ വില്ലൻ. പുറംലോകത്തോട് കള്ളങ്ങൾ പറഞ്ഞ് എല്ലാത്തിനും കൂട്ടുനിന്ന പെറ്റമ്മ വില്ലത്തിയും. ഇവർ കസ്റ്റഡിയിലായി.പിന്നാലെ പല വിവരങ്ങളും പുറത്തുവന്നു.ഇതിൽ നിന്നാണ് ഇത് ഒഴിവാക്കപ്പെടാമായിരുന്ന കൊലപാതകമാണെന്ന തിരിച്ചറിവുണ്ടായത്.ആശുപത്രിയിലും ശിശു സംരക്ഷണ യൂണിറ്റിലും ജാഗ്രതക്കുറവുണ്ടായെന്നാണ് ഹൈക്കോടതിയുടെ പ്രാഥമിക വിലയിരുത്തൽ.

മുത്തശിയുടെ

മുന്നറിയിപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 29നാണ് അർഷിദ് മരിച്ചത്.ആന്തരിക രക്തസ്രാവവും മർദ്ദനമേറ്റതുമായിരുന്നു കാരണം.സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയേയും രണ്ടാച്ഛൻ അഷ്കറിനേയും പൊലീസ് അറസ്റ്റ് ചെയ്തു.അഖിലയ്ക്ക് ആദ്യ ഭർത്താവിൽ ജനിച്ച കുട്ടി

തനിക്ക് ബാദ്ധ്യതയാണെന്ന് കരുതിയാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് അഷ്കർ പൊലീസിനോട് സമ്മതിച്ചിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ 90 മുറിവുകൾ കണ്ടെത്തി.സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും വാരിയെല്ലിന് ഒടിവുകളും ഉണ്ടായിരുന്നു.

കുട്ടിയുടെ കൈകൾക്ക് നേരത്തെ ഒടിവുണ്ടായപ്പോൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.എന്നാൽ ആശുപത്രി അധികൃതർ ഇത് പൊലീസിനെയോ ചൈൽഡ് വെൽഫെയർ ഓഫീസറെയോ അറിയിച്ചില്ല.സൈക്കിളിൽ നിന്ന് വീണതാണെന്ന പ്രതികളുടെ കള്ളം വിശ്വസിച്ചു. ഒടിവുകളുടെ അസ്വാഭാവികത വിശദമായി പരിശോധിച്ചില്ല.

കുട്ടി നേരിടുന്ന പീഡനത്തെക്കുറിച്ച് മുത്തശി ശിശുസംരക്ഷണ യൂണിറ്റിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ടെന്ന് കോടതി സ്വമേധയാ എടുത്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. മുത്തശിയുടെ പരാതിയിൽ സർക്കാർ നടപടിയെടുക്കാതിരുന്നതെന്തെന്നും വാദത്തിനിടെ ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കക്ഷിചേർത്ത കോടതി ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്ര വച്ച കവറിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.

അതിക്രമം തടയുന്നതിലും വിവരം അധികൃതരെ അറിയിക്കുന്നതിലും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് ഹർജിയിൽ പറയുന്നു.

മുത്തശിയുടെ പരാതി അധികൃതർ അവഗണിച്ച കാര്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പ്രത്യേക കത്തിലൂടെ ചീഫ് ജസ്റ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പത്രവാർത്തകൾ മുൻനിർത്തിയായിരുന്നു കത്ത്.

തനിയാവർത്തനം

2019ൽ തൊടുപുഴ കരിമണ്ണൂരിലും സമാനമായ രീതിയിൽ കുട്ടി കൊല്ലപ്പെട്ടിരുന്നു. അമ്മയുടെ പങ്കാളി നടത്തിയ ഗുരുതരമായ ശാരീരിക പീഡനമായിരുന്നു കാരണം. എന്നാൽ ആകസ്മികമായ വീഴ്ചയാണ് പരിക്കുകൾക്ക് കാരണമെന്നാണ് കുട്ടിയുടെ അമ്മ മൊഴി നൽകിയത്.അതുവഴി ശാരീരിക പീഡനമുണ്ടായത് മറച്ചുവയ്ക്കുകയും ചെയ്തു. വസ്തുതകൾ പീന്നിട് പുറത്തുവന്നതോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്നും ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അന്വേഷണം നിരീക്ഷിക്കുക, സംസ്ഥാനത്ത് കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു കോടതി നടപടി. കേരളത്തിലുടനീളം ഫലപ്രദമായ നിരീക്ഷണം നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ച് അന്ന് കേസ് അവസാനിപ്പിച്ചത്. എന്നാൽ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും സംവിധാനങ്ങൾ പരാജയപ്പെട്ടെന്നുമാണ് അർഷിദിന്റെ മരണത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് നിരീക്ഷിക്കുന്നത്.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ മാർഗനിർദ്ദേശങ്ങൾ വേണമെന്നും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ജുഡീഷ്യൽ ഇടപെടൽ അത്യാവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ജൂലായ് ഒന്നിനാണ് വിഷയത്തിൽ സർക്കാർ വകുപ്പുകൾ നിലപാട് വ്യക്തമാക്കേണ്ടത്. ഗുരുതരമായ ഗാർഹിക പീഡനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക,ശിശുക്ഷേമ മുൻകരുതലുകൾ കാര്യക്ഷമമാക്കുക,ബാലപീഡനം റിപ്പോർട്ട് ചെയ്യുന്നതിന് മെഡിക്കൽ ട്രീറ്റ്മെന്റ് സെന്ററുകൾക്കും ബന്ധപ്പെട്ട അധികാരികൾക്കും കൂടുതൽ നിർദ്ദേശങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുതാത്പര്യ ഹർജി.എല്ലാ ഭാഗവും കേട്ട ശേഷം ആവശ്യമായ മാർഗനിർദ്ദേശങ്ങൾ കോടതിയിൽ നിന്നുണ്ടാകും.വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ നിയമപാലകർക്ക് പരിമിതികളുണ്ട്.കുട്ടികളാണ് ഭാവി സംരക്ഷകരെന്നും ഭാവിയുടെ പൗരന്മാരെന്നുമുള്ള ബോദ്ധ്യത്തോടെ മുതിർന്നവർ വാത്‌സല്യത്തിന്റെ മാർഗം സ്വീകരിക്കുന്നതാകും ഏറ്റവും ഉചിതം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY