SignIn
Kerala Kaumudi Online
Saturday, 12 September 2026 7.58 PM IST

പുതിയ പാപ്പയ്ക്ക് സ്വാഗതം

READ ENGLISH VERSION
pope

മതത്തിന്റെ മതിൽക്കെട്ടുകൾക്കുമപ്പുറം ലോക ജനതയുടെ തന്നെ ആരാധനാ പാത്രമായിരുന്ന അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ആഗോള കത്തോലിക്കാ സഭയെ നയിക്കാൻ കർദ്ദിനാളായ റോബർട്ട് പ്രെവോസ്തിനെ തിരഞ്ഞെടുത്തിരിക്കുന്നു. പുതിയ മാർപാപ്പ ലിയോ പതിനാലാമൻ എന്ന് ഇനി അറിയപ്പെടും. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ നടന്ന കർദ്ദിനാൾമാരുടെ കോൺക്ളേവിന്റെ രണ്ടാം ദിനത്തിലെ മൂന്നാം റൗണ്ട് വോട്ടെടുപ്പിലാണ് ലിയോ മാർപാപ്പയെ സഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുള്ള വെളുത്ത പുക ഉയർന്നത്. മാർപാപ്പയുടെ പദവിയിലെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് ലിയോ പതിനാലാമൻ.

1955 സെപ്റ്റംബർ 14 ന് അമേരിക്കയിലെ ഷിക്കാഗോയിൽ ജനിച്ച റോബർട്ട് പ്രെവോസ്ത് ലൊയോള സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിൽ തത്പരനായ അദ്ദേഹം സെന്റ് അഗസ്റ്റീൻ സഭയിൽ ചേരുകയായിരുന്നു. ഇരുപത്തിയേഴാം വയസിൽ വൈദികനായി അഭിഷിക്തനായി.പെറുവിലെ ട്രൂജിയോ രൂപതയിൽ മെത്രാനായി നിയോഗിച്ചു. ഷിക്കാഗോയിൽ ജനിച്ചെങ്കിലും സഭാ സേവനകാലത്തിലേറെയും അമേരിക്കയ്ക്കു പുറത്താണ് ചെലവഴിച്ചത്.പെറുവിൽ ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരെ കടുത്ത നിലപാടു സ്വീകരിച്ചു.കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.രണ്ടു ദശകത്തോളം പെറുവിൽ വിവിധ പദവികളിൽ സഭാ സേവനം നടത്തി. അവിടെപൗരത്വവും നേടി. 2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു. 2023-ൽ കർദ്ദിനാൾ പദവിയിലേക്കുയർത്തി. കർദ്ദിനാളായി രണ്ടു വർഷത്തിനുള്ളിൽ സഭയുടെ പരമാദ്ധ്യക്ഷനായ മാർപാപ്പയുമായി,

നിന്ദിതർക്കും നിരാശ്രയർക്കുമൊപ്പം നിലകൊള്ളുന്ന പാരമ്പര്യമാണ് ലിയോ പതിനാലാമൻ മാർപാപ്പയുടെയും എന്നത് സന്തോഷസൂചകമാണ്. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ലോകാരാദ്ധ്യനായി മാറിയ പാപ്പയുടെ പിന്തുടർച്ച ലളിതജീവിതം നയിക്കുന്ന ലിയോ പതിനാലാമനിൽ എത്തിച്ചേർന്നത് സ്നേഹത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന എല്ലാവരിലും ആഹ്ളാദം പരത്തുന്നു. ഇന്ത്യാ സന്ദർശനത്തിന് താത്പര്യം പ്രകടിപ്പിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ ഈ വർഷമൊടുവിലോ അടുത്തവർഷമോ ഇന്ത്യയിലെത്തുമെന്ന് പറയുകയും ചെയ്തിരുന്നു. കേരളത്തിൽ വരുമ്പോൾ ശിവഗിരി മഠം സന്ദർശിക്കുമെന്നും വാക്കു നൽകിയിരുന്നു.നിർഭാഗ്യവശാൽ അതിന് അവസരം ലഭിക്കാതെയാണ് അദ്ദേഹത്തിന്റെ മടക്കം. എന്നാൽ സഭാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ടുവട്ടം കേരളം സന്ദർശിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ മാർപാപ്പ.

കത്തോലിക്കാ സഭയിൽ കാലം മറക്കാത്ത മാറ്റങ്ങൾക്ക് തുടക്കം കുറിച്ചാണ് ഫ്രാൻസിസ് മാർപാപ്പ കടന്നു പോയത്. വിപ്ളവകരമായ മാറ്റങ്ങൾ എന്നു തന്നെ പറയണം. ഔദ്യോഗിക വസതിയിൽ ഒരു വിധ ആഡംബരങ്ങളും അനുവദിക്കാതെ ക്രിസ്തുവിന്റെ യഥാർത്ഥ ഇടയനായിട്ടായിരുന്നു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ജീവിതം നയിച്ചുവന്നത്. വേനൽക്കാല കൊട്ടാര വസതിയിലെ താമസം പോലും ഒഴിവാക്കി. ലളിത ജീവിതത്തിന്റെ പര്യായമായി മാറിയ ജീവിതം. അഭയാർത്ഥി പ്രശ്നത്തിലും പരിസ്ഥിതി വിഷയത്തിലും ശക്തമായ നിലപാടെടുത്തു. ജീവൻ വെടിയും മുമ്പും ഗാസയിലെ കുരുതികൾക്കെതിരെ ശബ്ദമുയർത്തി. കത്തോലിക്കാ സഭയുടെ തെറ്റുകൾക്കെല്ലാം പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തു. അത്രമാത്രം പരിശുദ്ധനായ ഒരു പാപ്പയുടെ പിൻഗാമിയായി വരുന്നതിന്റെ വെല്ലുവിളി ലിയോ പതിനാലാമനെ സംബന്ധിച്ചിടത്തോളം നിർണായകമാകും. ആ നിലയിൽ പ്രവർത്തിക്കാനും വിശ്വാസികളുടെയും ലോകജനതയുടെയും പ്രിയങ്കരനായി മാറാനും പുതിയ പാപ്പയ്ക്കു കഴിയട്ടെ എന്ന് ആശംസകൾ നേരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY