SignIn
Kerala Kaumudi Online
Friday, 22 May 2026 1.12 AM IST

പാഠമായിത്തീരേണ്ട മഞ്ഞക്കുറ്റികൾ

a

പേര് 'വെള്ളിരേഖ' എന്നായിരുന്നെങ്കിലും സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലായി പതിനായിരക്കണക്കിന് സാധാരണക്കാരിൽ ആശങ്കയുടെ അഗ്നിരേഖ വരച്ചിട്ട 'സിൽവർലൈൻ' വേഗറെയിൽ പദ്ധതിയെ അതിന്റെ 'മഞ്ഞക്കുറ്റി'യോടെയാണ് പുതിയ സർക്കാർ കഴിഞ്ഞദിവസം പിഴുതെറിഞ്ഞത്. പദ്ധതിയുടെ വിജ്ഞാപനം റദ്ദാക്കിയ മന്ത്രിസഭാ യോഗതീരുമാനം പുറത്തുവന്നയുടൻ വിവിധ ജില്ലകളിൽ നടന്ന ആഹ്ളാദാശ്ളേഷങ്ങളും മധുരവിതരണവും കണ്ടാലറിയാം,​ ജനരോഷം അവഗണിച്ച് ഭൂമി ഏറ്റെടുക്കാനും വാശിയോടെ പദ്ധതി നടപ്പാക്കാനും മുൻ സർക്കാ‌ർ കാട്ടിയ കടുംപിടിത്തത്തോട് ആ മനുഷ്യർ ഉള്ളിൽ സൂക്ഷിച്ചിരുന്ന പ്രതിഷേധത്തിന്റെ ആഴം. ജനങ്ങളിൽ നിന്ന് ധാർഷ്ട്യത്തോടെ അകലുകയും,​ പല വിഷയങ്ങളിലും ജനവികാരത്തെ പാടേ വിഗണിക്കുകയും ചെയ്തതാണ് ഇടതുമുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്ന കനത്ത പരാജയത്തിനു കാരണമെന്ന് അവർതന്നെ ഇപ്പോൾ പലമട്ടിൽ വിലയിരുത്തുന്നുമുണ്ട്!

തിരുവനന്തപുരം മുതൽ കാസർകോട് വരെ 197 കിലോമീറ്ററിൽ വിഭാവനം ചെയ്തിരുന്ന സെമി ഹൈസ്‌പീഡ് റെയിൽപ്പാതയുടെ രൂപരേഖയ്ക്ക് മുൻ സർക്കാർ അംഗീകാരം നല്കിയത് ഏഴു വർഷം മുമ്പ് 2019 ജൂലായിലാണ്. ഒരുവർഷത്തോളം കഴിഞ്ഞ് പാതയുടെ അലൈൻമെന്റ് പുറത്തുവന്നതോടെ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. 2020 ആദ്യം ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുകയും,​ ആ ഭൂമിയിൽ കെ- റെയിലിന്റെ മഞ്ഞക്കുറ്റികൾ സ്ഥാപിച്ചു തുടങ്ങുകയും ചെയ്തതോടെ ജനകീയ പ്രക്ഷോഭം സംസ്ഥാനമാകെ പടർന്നു. അങ്ങനെ ഏറ്റെടുത്ത സ്ഥലങ്ങളിലായി ആകെ 6700ലധികം മഞ്ഞക്കുറ്റികളാണ് കെ- റെയിൽ കമ്പനി കുഴിച്ചിട്ടത്. പലേടത്തും വീടുകളുടെ മുറിക്കുള്ളിലും അടുക്കളകളിലുമൊക്കെ പിടിവാശിയുടെ ഹുങ്ക് വെളിവാക്കിക്കൊണ്ട് ആ കൽക്കുറ്റികൾ എഴുന്നുനിന്നു!

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു,​ സർക്കാർ രൂപീകരിക്കാനായാൽ സിൽവർ ലൈൻ പദ്ധതി റദ്ദാക്കുമെന്നത്. ആ വാക്കു പാലിച്ചാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ,​ അതിന്റെ രണ്ടാമത് മന്ത്രിസഭായോഗത്തിൽത്തന്നെ പദ്ധതി അപ്പാടെ വേണ്ടെന്നുവയ്ക്കുന്ന തീരുമാനമെടുത്തത്. പ്രതിഷേധിച്ചവരുടെ പേരിലെടുത്ത ആയിരത്തിലധികം കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചു. ഭൂമി കൈമാറ്റം ചെയ്യാനോ ബാങ്ക് വായ്പകൾക്കായി ഈടുവയ്ക്കാനോ കഴിയാതെ വർഷങ്ങളായി വിഷമസന്ധിയിലായിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്വാസത്തോടെയും നിറഞ്ഞ ആഹ്ളാദത്തോടെയും ആ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് റെയിൽ യാത്രാവേഗം വർദ്ധിക്കണമെന്നതിലോ,​ യാത്രാസമയം കുറഞ്ഞുകിട്ടണമെന്നതിലോ ഒരാൾക്കും തർക്കമുണ്ടാവില്ല. പക്ഷേ,​ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള അത്തരം പദ്ധതികൾ ആയിരക്കണക്കിന് കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ഇടിച്ചുകളഞ്ഞോ,​ അവരുടെ ഭൂമി അവർക്കുതന്നെ അന്യമാക്കിക്കൊണ്ടോ ആകരുതെന്നു മാത്രം.

പദ്ധതിയോടുള്ള എതിർപ്പിന് കനം കൂടിവരികയും,​ പ്രതിഷേധം പുതിയ രൂപങ്ങളിലേക്ക് മാറുകയും ചെയ്തതോടെ 2022 ജൂണിൽ തുടങ്ങിയ സാമൂഹികാഘാത പഠനം തുടരേണ്ടതില്ലെന്ന് ആ നവംബറിൽത്തന്നെ റവന്യു വകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നതാണ്. കേന്ദ്രാനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ പദ്ധതിയുമായി മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പിന്നീട് പറയുകയും ചെയ്തു. എന്നിട്ടും പദ്ധതി വേണ്ടെന്നുവച്ച് വിജ്ഞാപനം റദ്ദാക്കാനോ,​ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാനോ ആ സർക്കാർ തയ്യാറാകാതിരുന്നത് ദുർവാശിയും ധാർഷ്ട്യവും ഒന്നുകൊണ്ടു മാത്രമായിരുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താതെയും,​ അവരുടെ വിശ്വാസവും പിന്തുണയും ആർജ്ജിക്കാതെയും ഏകപക്ഷീയമായി നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾക്ക് ഇതുതന്നെയാവും ഗതി. സിൽവർ ലൈൻ എന്ന പാഠം ഉൾക്കൊണ്ടുവേണം പുതിയ സർക്കാർ ഒരു ബദൽ റെയിൽ പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY