SignIn
Kerala Kaumudi Online
Saturday, 06 June 2026 2.04 AM IST

മ്യാൻമറിന്റെ വാഗ്‌ദാനം

s

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മ്യാൻമറിന്റെ മണ്ണ് ഉപയോഗിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന മ്യാൻമർ പ്രസിഡന്റിന്റെ പ്രസ്താവന നയതന്ത്രരംഗത്ത് ഇന്ത്യ നേടിയ മറ്റൊരു വിജയമായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മ്യാൻമർ പ്രസിഡന്റ് മിൻ ആങ് ഹ്ളെയിങ് ഈ ഉറപ്പ് നൽകിയത്. ഇന്ത്യയുടെ അയൽപക്കത്തിന്റെ ഈ ചുവടുമാറ്റം മുൻപ് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നതല്ല. മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്റെ തലവൻ കൂടിയായ പ്രസിഡന്റിന്റെ ഈ വാഗ്ദാനം നടപ്പിലായാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വംശീയ ഭീകരാക്രമണങ്ങൾ കുറയാൻ ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം.

മ്യാൻമർ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന് ഒരാഴ്ച മുമ്പ് മോസ്‌കോയിൽ ചരിത്രപ്രധാനമായ മറ്റൊരു ഉടമ്പടി റഷ്യയും അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിൽ ഒപ്പുവച്ചിരുന്നു. ഈ സന്ദർഭത്തിൽ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോസ്‌കോയിലുണ്ടായിരുന്നത് യാദൃച്ഛികമാണെന്ന് കരുതാനാവില്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് ലോകത്തിലെ വൻശക്തികളിൽ ഒന്നായ റഷ്യയുടെ അംഗീകാരം കിട്ടിയതിന് തുല്യമാണ് ഈ ഉടമ്പടി. പാകിസ്ഥാനും താലിബാൻ പോരാളികളും തമ്മിൽ ഖൈബർ പഖ്‌തൂൺ പ്രവിശ്യയിൽ നിരന്തരം ഏറ്റുമുട്ടലുകൾ തുടരുകയാണ്. പലപ്പോഴും അഫ്‌ഗാനിസ്ഥാനിൽ പാക് പട്ടാളം വ്യോമാക്രമണങ്ങളും നടത്തിയിട്ടുണ്ട്. ഇത് തടയുന്നതിന് പുതിയ ഉടമ്പടി താലിബാന് കരുത്തേകും. കാരണം തോളിൽ കൊണ്ടു നടക്കാവുന്ന വ്യോമപ്രതിരോധ സംവിധാനം അടക്കമുള്ള വ്യോമപ്രതിരോധ ഉപകരണങ്ങളും ഇവ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകുന്നത് ഉടമ്പടിയുടെ ഭാഗമാണ്.

താലിബാന്റെ വീര്യം കൂടുന്നതോടെ ഇന്ത്യൻ അതിർത്തികളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്വാഭാവികമായും പാകിസ്ഥാന് കഴിയാതെ വരും. അതോടൊപ്പം മ്യാൻമറുമായുള്ള ഇന്ത്യയുടെ കരാർ കൂടിയാവുമ്പോൾ രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ ചൈനയുടെ പിന്തുണയോടെ നടക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും മേഖലയെ ശാന്തമാക്കാനും കഴിയുന്നതാണ്. 2026 ഏപ്രിലിൽ പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം മ്യാൻമർ പ്രസിഡന്റ് ഹ്ളൈങ് നടത്തിയ ആദ്യ വിദേശയാത്രയും ഇന്ത്യയിലേക്കായിരുന്നു എന്നതും ഏറെ പ്രസക്തമാണ്. 2021ൽ ഓങ് സാൻ സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച പട്ടാള മേധാവിയുമായി ഇന്ത്യ കരാർ ഒപ്പിട്ടതും ഇന്ത്യയുടെ ശത്രുക്കളായ അയൽ രാജ്യങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണെന്നതും എടുത്തു പറയണം.

മ്യാൻമറും ഇന്ത്യയും തമ്മിലുള്ള കരാറിൽ ഏറ്റവും പ്രധാനം നിർണായക ധാതുക്കളിലും അപൂർവ ധാതുഖനനത്തിലും സഹകരിക്കുക എന്നതാണ്. ചില ധാതുലവണങ്ങളുടെ കാര്യത്തിൽ ചൈന പുലർത്തിപ്പോരുന്ന കുത്തക തകർക്കാൻ അതേ ധാതുലവണങ്ങൾ സമൃദ്ധമായുള്ള മ്യാൻമറുമായുള്ള ഉടമ്പടി ഉതകും. വളരെ നാളായി ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന പല തീവ്രവാദ ഗ്രൂപ്പുകളുടെയും താവളമാണ് മ്യാൻമർ. അവിടെ നിന്നാണ് മണിപ്പൂരിലേക്കും മറ്റും വിദേശ മുദ്ര‌യുള്ള ആയുധങ്ങൾ കടത്തപ്പെടുന്നത്. ഇന്ത്യയുമായി 1,643 കിലോമീറ്റർ അതിർത്തിയാണ് മ്യാൻമർ പങ്കിടുന്നത്. മ്യാൻമറിലെ അതിർത്തി വനങ്ങളാണ് തീവ്രവാദികളുടെ സുരക്ഷിത താവളം. ഇത്തരം ക്യാമ്പുകളിൽ ഇന്ത്യൻ സേന ഡ്രോണാക്രമണം നടത്തിയിട്ടുമുണ്ട്. അതൊക്കെ അനൗദ്യോഗികമായിരുന്നു. മ്യാൻമർ പ്രസിഡന്റുമായി ഇന്ത്യ ഉഭയകക്ഷി കരാർ ഒപ്പുവച്ചതോടെ അതിർത്തിയിലെ ഇന്ത്യൻ തിരിച്ചടികളുടെ മൂർച്ച കൂടുന്നത് ചൈനയെ അസ്വസ്ഥപ്പെടുത്തുമെന്ന് ഉറപ്പാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY