SignIn
Kerala Kaumudi Online
Saturday, 06 June 2026 2.03 AM IST

തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി

READ ENGLISH VERSION

s

നദികളും കായലുകളും തോടുകളും കൊണ്ട് അനുഗൃഹീതമാണ് കേരളം. അതുപോലെ പ്രകൃതി കനിഞ്ഞു നൽകിയ വിശാലമായ കടൽത്തീരം നമ്മുടെ മറ്റൊരു സൗഭാഗ്യമാണ്. ഏതാണ്ട് അറുനൂറ് കിലോമീറ്റർ കടലോരമുണ്ട് കേരളത്തിന്. പ്രകൃതി നൽകിയ അപൂർവമായ ഈ അനുഗ്രഹത്തെ വേണ്ട രീതിയിൽ ഉപയോഗിക്കാനും പ്രയോജനപ്പെടുത്താനും നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ വൻകിട- ഇടത്തരം തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ജലമാർഗമുള്ള ചരക്ക് നീക്കം വർദ്ധിപ്പിക്കാൻ സമഗ്ര പദ്ധതി ഒരുങ്ങുകയാണ്. ഇത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ സഹായിക്കും. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അറുനൂറ് കിലോമീറ്ററോളം വരുന്ന തീരദേശത്ത് വിഴിഞ്ഞം, കൊച്ചി അന്താരാഷ്ട്ര തുറമുഖങ്ങൾക്ക് പുറമേ നാലു ഇടത്തരം തുറമുഖങ്ങളും പതിനേഴു ചെറുകിട തുറമുഖങ്ങളുമുണ്ട്.

ഇവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള ജലമാർഗ പദ്ധതിയാണ് ഒരുങ്ങുന്നത്. കോവളം മുതൽ കാസർകോട് ബേക്കൽ വരെ നാല്പതുമീറ്റർ വീതിയിലും 2.20 മീറ്റർ ആഴത്തിലും ജലപാത വികസിപ്പിക്കുന്നത് സംസ്ഥാന സർക്കാർ തുടരുകയാണ്. ഇതിൽ വരുന്ന കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാത കേന്ദ്ര സർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞു. കോട്ടപ്പുറം മുതൽ കോഴിക്കോട് വരെ കേന്ദ്ര സർക്കാർ അടുത്ത ഘട്ടത്തിൽ പൂർത്തിയാക്കും. കൊല്ലം മുതൽ തെക്കോട്ട് കോവളം വരെയും കോഴിക്കോട് മുതൽ വടക്കോട്ട് ബേക്കൽ വരെയും മാത്രമാണ് സംസ്ഥാനത്തിന് ചെയ്യാനുള്ളത്. വിഴിഞ്ഞം തുറമുഖം വന്നതോടെ അത് സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്ന് ദീർഘവീക്ഷണമുള്ളവർ കണക്കാക്കിയിരുന്നു. തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള ജലമാർഗ പദ്ധതിക്കും വിഴിഞ്ഞം വഴികാട്ടും.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളിൽ എത്തുന്ന കണ്ടെയ്‌നറുകൾ ചെറിയ കപ്പലുകളിലോ ബാർജുകളിലോ കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കാസർകോട് തുടങ്ങിയ ഇടങ്ങളിൽ എത്തിക്കാനാകും. കയറ്റുമതിക്കുള്ള ചരക്കുകൾ തുറമുഖങ്ങളിലും എത്തിക്കാൻ സാധിക്കും. ജലമാർഗ പദ്ധതിയുടെ സാദ്ധ്യതകളും സാമ്പത്തിക വികസനവും കേരളകൗമുദി കഴിഞ്ഞ ദിവസം പ്രത്യേക റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ പദ്ധതിക്ക് നേരിടേണ്ടി വരാവുന്ന പ്രതിബന്ധങ്ങളെയും അതിൽ ചൂണ്ടിക്കാട്ടിയിരുന്നു. പല വികസന പദ്ധതികളും പാതിവഴിയിൽ നിലയ്ക്കുന്നതും ഇഴഞ്ഞിഴഞ്ഞ് നിശ്ചലമാകുന്നതും പതിവാണ്. ജലമാർഗ പദ്ധതിക്ക് പ്രധാന തടസമാകുന്നത് സംരംഭകരുടെ കുറവും ട്രക്ക്, ട്രെയ്‌ലർ ലോബിയുടെ ഇടപെടലുമാണ്. ജലമാർഗമുള്ള ചരക്ക് നീക്കത്തെ സ്വാഭാവികമായും ഇക്കൂട്ടർ തുരങ്കം വയ്ക്കാൻ സാദ്ധ്യതയുണ്ട്.

അത് മുൻകൂട്ടി കണ്ടു വേണം പദ്ധതി ലക്ഷ്യത്തിലെത്തിക്കാൻ. ചെലവു കുറഞ്ഞ ജലമാർഗമുള്ള ചരക്ക് നീക്കം ഇപ്പോൾ ഇവർ അനുഭവിക്കുന്ന സുവർണാവസരങ്ങൾ കുറയ്ക്കും. സംസ്ഥാനത്തിന്റെ മൊത്തമുള്ള വികസനത്തെക്കാൾ തങ്ങളുടെ കൈയിലെത്തുന്ന സൗഭാഗ്യത്തിലായിരിക്കും അവരുടെ കണ്ണ്. ഇച്ഛാശക്തിയോടെ സർക്കാർ നീങ്ങിയാൽ ഇത്തരം പ്രതിബന്ധങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാനാകും. കേരളത്തെ തുറമുഖ നഗരമാക്കുക എന്നതാണ് ഏറ്റവും വലിയ വികസന സ്വപ്നമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. ആ വികസന സ്വപ്നങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് ഈ ജലമാർഗ പദ്ധതി. അധികം മുടക്കുമുതലും ചെലവും വേണ്ടാത്തതുമായ ഈ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ വികസന മുഖച്ഛായ തന്നെ മാറുമെന്നതിൽ സംശയമില്ല. ലക്ഷ്യബോധവും ഉറച്ച ഇച്ഛാശക്തിയും ഉണ്ടെങ്കിൽ അതു വൈകാതെ സാധിക്കുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY