
താത്‌കാലിക വെടിനിറുത്തൽ നൽകിയ സമാധാന പ്രതീക്ഷകൾ തകർത്ത് പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായി മാറുന്നു. ഇത് ലോകത്തിന് മുഴുവൻ പകരുന്ന അശാന്തിയും സാമ്പത്തിക ആഘാതവും ദീർഘകാല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണ്. ഒമാൻ തീരത്ത് പതിനൊന്ന് ഇന്ത്യൻ നാവികരുമായി പോയ ചരക്കുകപ്പൽ ഞായറാഴ്ച ഇറാൻ ആക്രമിക്കുകയുണ്ടായി. തീപിടിച്ച കപ്പലിൽ ഇന്ത്യക്കാരനായ ഒരു നാവികനെ കാണാതായി. ബാക്കി 10പേരെ രക്ഷപ്പെടുത്തി. ഹോർമുസ് കടലിടുക്കിലെ ഇറാൻ അംഗീകരിക്കാത്ത പാതയിലൂടെ പോയതിനാലാണ് കപ്പൽ ആക്രമിച്ചതെന്നാണ് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡിന്റെ വിശദീകരണം. സൈപ്രസ് പതാകയുള്ള കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇതിനു മറുപടിയായി ഇറാനിലുടനീളം അമേരിക്ക വ്യോമാക്രമണം നടത്തുകയുണ്ടായി. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ യു.എസ് താവളങ്ങളിൽ ഇറാൻ പ്രത്യാക്രമണം നടത്തുകയും ചെയ്തു.
സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയും ചെയ്തു. എന്നാൽ അന്താരാഷ്ട്ര സമുദ്ര പാതയിലൂടെയുള്ള കപ്പൽ നീക്കം തടസപ്പെടില്ലെന്നാണ് യു.എസ് പറയുന്നത്. പക്ഷേ വീണ്ടും ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ കപ്പലുകളുടെ ചരക്കുനീക്കം ഏതാണ്ട് പൂർണമായി തടയപ്പെടുന്ന സ്ഥിതിയാവും സംജാതമാവുക. ഇത് ലോകത്തെ വീണ്ടും എണ്ണ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്ക അതീവ ശക്തമായിരിക്കുന്നു. പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായതോടെ ക്രൂഡോയിൽ, സ്വർണം, ഓഹരി വിപണികൾ വലിഞ്ഞുമുറുകുന്ന സമ്മർദ്ദത്തിലാണ്. ഇന്ധന വിലയിൽ കുതിപ്പുണ്ടാകാനുള്ള സാദ്ധ്യതയാണ് ഏറ്റവും വലിയ ദൂഷ്യഫലങ്ങൾ സൃഷ്ടിക്കുക. പശ്ചിമേഷ്യയിലെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇത് ഇടയാക്കാം.
വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡോയിലിന് വില ബാരലിന് 76 ഡോളറായിരുന്നു. സംഘർഷം രൂക്ഷമായി തുടർന്നാൽ ഇത് നൂറ് ഡോളർവരെ ഉയരില്ലെന്ന് പറയാനാകില്ല. ക്രൂഡ് ഓയിൽ വില ഒരു ഡോളർ ഉയർന്നാൽ ഇന്ത്യയുടെ ഇറക്കുമതി ചെലവിലെ വർദ്ധന 1,800 കോടി രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ യു.എസ് ബോണ്ടുകൾക്കും ഡോളറിനും പ്രിയം കൂടുമെന്നതിനാൽ സ്വർണ വിപണിയിലും ചാഞ്ചാട്ടം ശക്തമായേക്കും. ആഭ്യന്തര ഇന്ധന ആവശ്യങ്ങളുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളെയാണ് ഈ യുദ്ധം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. അതിനപ്പുറം കേരളത്തെയും ഗുരുതരമായി ബാധിക്കുന്നതാണിത്. ഏതാണ്ട് 25 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തിൽ നിന്നു മാത്രമായി ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുകയും ബിസിനസ് സംരംഭങ്ങൾ നടത്തുകയും ചെയ്യുന്നത്.
മൂന്നുമാസം മുമ്പ് യുദ്ധം തുടങ്ങിയതു മുതൽ ഗൾഫ് മേഖലയിലെ ബിസിനസ് സ്തംഭിച്ച് തുടങ്ങിയിരുന്നു. ഇപ്പോഴത്തെ സാഹചര്യം ഈ സ്ഥിതി കൂടുതൽ വഷളാക്കുകയും വലിയ തോതിലുള്ള പ്രവാസികളുടെ തിരിച്ചുവരവിന് കളമൊരുക്കുകയും ചെയ്യാം. ലോക മര്യാദകളെല്ലാം ലംഘിക്കുന്ന രീതിയിലാണ് അമേരിക്കയും ഇറാനും ഒരേപോലെ യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരു വിധത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറാകാത്ത ഇസ്രയേലിന്റെ നിലപാടാണ് വീണ്ടും യുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലിന് ഇടയാക്കിയിരിക്കുന്നതെന്നതും കാണാതിരുന്നുകൂടാ. ഇതിൽ അമേരിക്കയ്ക്ക് കാര്യമായി നഷ്ടപ്പെടാൻ ഒന്നുമില്ല. യുദ്ധച്ചെലവും ഗൾഫ് രാജ്യങ്ങളുടെ കൈയിൽ നിന്നാവും അവർ ഈടാക്കുക. എന്നാൽ ആത്യന്തിക നഷ്ടം ഇറാനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കുമാവും. യുദ്ധം ഒരു പരിധി കഴിഞ്ഞ് നീങ്ങിയാൽ ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും ബദൽ ഇന്ധന മാർഗങ്ങളിലേക്ക് തിരിയാനാണ് സാദ്ധ്യത. ഇതും ഒടുവിൽ നഷ്ടം വരുത്തുക ഗൾഫ് രാജ്യങ്ങൾക്കാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |