
സംസ്ഥാനത്തെ നിരത്തുകളിലോടുന്ന ഭാരവാഹനങ്ങളിൽ കൊലയാളിയെന്ന് പണ്ടേ ചീത്തപ്പേരുള്ള ടിപ്പറുകൾ വരുത്തിവയ്ക്കുന്ന അപകടങ്ങളും മരണങ്ങളും ഓരോ ദിവസവും കൂടുകയാണ്. കൊട്ടാരക്കരയിൽ മണ്ണു കയറ്റിവന്ന ടിപ്പർ ലോറി, ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി പതിനഞ്ചുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് ജീവൻ നഷ്ടമായത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ്. അന്നുതന്നെ പാലക്കാട് വടക്കഞ്ചേരിയിൽ നിറുത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കോയമ്പത്തൂർ സ്വദേശിയുടെ ജീവൻ പൊലിഞ്ഞത് പിന്നിലൂടെയെത്തിയ കണ്ടെയ്‌നർ ലോറി ഇടിച്ചാണ്. ഭാരവാഹനങ്ങൾ നിരത്തുകൾ കൈയടക്കുമ്പോൾ ജീവഭയത്തോടെയല്ലാതെ ജനങ്ങൾക്ക് പുറത്തിറങ്ങാനാവില്ല എന്നതാണ് സ്ഥിതി. കഴിഞ്ഞ ആറുവർഷത്തിനിടെ കേരളത്തിൽ ടിപ്പറുകൾ ഇടിച്ചുമാത്രം മരണമടഞ്ഞത് 375 പേരാണ്.
ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത് ആയിരത്തിലേറെപ്പേർ. നിയമലംഘനങ്ങളും ചട്ടലംഘനങ്ങളും കൈക്കൂലിയും ഡ്രൈവർമാരുടെ അശ്രദ്ധയുമെല്ലാം കൂടി ചേരുമ്പോൾ നിരത്തുകൾ നിണച്ചാലുകളായി മാറുന്നു. കൊട്ടാരക്കരയിൽ അപകടത്തിന് ഇടയാക്കിയ ടിപ്പർ ലോറിയുടെ ഡ്രൈവർ നിസാമിന് ഭാരവാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഹെവി ലൈസൻസ് ഇല്ലായിരുന്നു. വിദേശത്തുനിന്ന് ഒരുമാസം മുമ്പു മാത്രമെത്തിയ നിസാം ലൈറ്ര് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉപയോഗിച്ചാണ് അളവിലധികം മണ്ണുകയറ്റിയ ടിപ്പറുമായി പാഞ്ഞ് മൂന്നുപേരുടെ ജീവനെടുത്തത്. രണ്ടുമാസം മുമ്പ് ഫിറ്റ്നസ് പുതുക്കിയ ഈ ടിപ്പറിന്റെ ടയറുകൾ ഉരഞ്ഞുതേഞ്ഞ് കണ്ണാടിപോലെ മിനുത്തതായിരുന്നു എന്നതാണ് ഒരേസമയം അദ്ഭുതവും അമ്പരപ്പും ജനിപ്പിക്കുന്നത്.
വാഹനം പൂർണമായും അറ്റകുറ്റപ്പണി നടത്തി, പുതിയ ടയറുകളും മറ്റും ഘടിപ്പിച്ചു മാത്രം നേടേണ്ട ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അങ്ങനെയല്ലാതെ തരപ്പെടുത്തിയെങ്കിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൈമടക്കു വാങ്ങി കണ്ണടച്ചുകൊടുത്തു എന്നുവേണം മനസിലാക്കേണ്ടത്. സംസ്ഥാനത്ത് ടിപ്പറുകൾ കാരണമുള്ള അപകടങ്ങൾ വർദ്ധിച്ചപ്പോൾ 2014ലാണ് ഇവയ്ക്ക് നിരത്തുകളിൽ ആദ്യമായി സമയ നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ ഒമ്പതുമുതൽ പത്തുവരെയും, വൈകുന്നേരം നാലുമുതൽ അഞ്ചുവരെയുമായിരുന്നു അന്നത്തെ നിയന്ത്രണമെങ്കിലും ടിപ്പർ ഉടമകളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർമാർ സർക്കാരിന് കത്തു നൽകുകയും അതനുസരിച്ച് 2018ൽ നിയന്ത്രണം സംബന്ധിച്ച് പുതിയ ഉത്തരവിറക്കുകയും ചെയ്തു.
ഓരോ ജില്ലയുടെയും വലിപ്പവും, റോഡുകളിലെ ജനസാന്ദ്രതയും മറ്റും പരിഗണിച്ച് സമയക്രമം നിശ്ചയിക്കാൻ ജില്ലാ കളക്ടർമാരെ അധികാരപ്പെടുത്തുന്നതായിരുന്നു പുതിയ ഉത്തരവ്. അതുതന്നെയാണ് ഇന്നും നിലനിൽക്കുന്നത്. അതേസമയം, ട്യൂഷനും മറ്റുമായി പോകുന്ന സ്കൂൾ വിദ്യാർത്ഥികൾ അതിരാവിലെ മുതൽക്കും സന്ധ്യയോളവും നിരത്തുകളിൽ ഉള്ളതിനാൽ സമയനിയന്ത്രണംകൊണ്ട് ഫലമില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആളില്ലാത്ത സമയത്തേ ടിപ്പർ ഓടിക്കാവൂ എന്ന് ഉത്തരവിറക്കുന്നത് അപ്രായോഗികവുമാണ്. ടിപ്പറുകൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്, അവയുടെ ഫിറ്റ്നസ്, വേഗനിയന്ത്രണം പാലിക്കുന്നുണ്ടോ എന്ന പരിശോധന, നിയമലംഘനങ്ങൾക്കുള്ള കേസ്, പിഴശിക്ഷ എന്നിവ കർശനമാക്കുകയും കടുപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ നിരത്തുകൾ ചോരപ്പുഴകളാകുന്നതിന് ഒരു ശമനവും ഉണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |