SignIn
Kerala Kaumudi Online
Friday, 17 July 2026 2.02 AM IST

ഹേ റാം!

ramayanamasam

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വെടിയേറ്റ് വീണ് അന്ത്യശ്വാസം വലിക്കവേ, അദ്ദേഹത്തിന്റെ നാവിൽനിന്ന് അവസാനമായി ഉതിർന്നുവീണത് രാമനാമം. രാഷ്ട്രത്തിന്റെ താരക മന്ത്രമാണ് രാമനാമം. ഇനി ഒരുമാസം സാർവത്രികമായ രാമനാമ ജപത്തിന്റെയും രാമായണ പാരായണത്തിന്റെയും നാളുകൾ. ഇന്ന് കർക്കടക്കം ഒന്ന്. ഇനി അങ്ങോട്ട് ഒരു മാസത്തോളം കേരളത്തിൽ രാമായണമാസം. നാടും നഗരവും രാമായണ മുഖരിതം. കർക്കടക മാസം രാമായണ മാസമായത് എന്നുമുതൽക്ക് എന്നത് അജ്ഞാതം. പേമാരിയുടെയും പട്ടിണിയുടെയും മാത്രം കാലമായിരുന്ന മലയാളത്തിലെ പഞ്ഞമാസത്തിൽ പണ്ടുമുതലേ പതിവായിരുന്നു

വീടുകളിൽ സന്ധ്യാവേളയിൽ വിളക്ക് കൊളുത്തിവച്ചുള്ള രാമായണ പാരായണം. പക്ഷേ, ഇടക്കാലത്ത് എന്തോ എങ്ങനെയോ ആ പാരായണ പാരമ്പര്യത്തിന്റെ പതിവുതെറ്റി. കർക്കടക സന്ധ്യകളിലെ രാമായണ പാരായണം അപൂർവം ഗൃഹങ്ങളിൽ മാത്രമായി ഒതുങ്ങി. സായന്തനങ്ങളിൽ, കൈയുംകാലും കഴുകി കുട്ടികൾ നാമം ചൊല്ലുന്ന കുടുംബങ്ങളും നന്നേചുരുങ്ങി. രാമായണം വായന മരണംനടന്ന വീടുകളിൽപോലും അത്ര സാധാരണമല്ലാതായി. രാമനാമത്തോടും രാമായണത്തോടും, എന്തിനേറെ രാമനോടുപോലും, കേരളം വിടചൊല്ലിയ പോലെ ഒരു പ്രതീതി പരന്നു അമ്പതുകളുടെ അവസാനം മുതൽ, അറുപതുകളിലും എഴുപതുകളിലും ഉടനീളം. അദ്ധ്യാത്മ രാമായണ രചനയിലൂടെ മലയാളനാട്ടിൽ നവോത്ഥാനത്തെ നയിച്ച തുഞ്ചത്താചാര്യന്റെ സ്വന്തം നാട്ടിലാണ് ഇപ്രകാരം രാമായണം അന്യമാകാൻ ആരംഭിച്ചത്. ഭാഷാപിതാവ് എന്ന് നാം വിശേഷിപ്പിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശത്ത്, അനാച്ഛാദനം അനുവദിക്കപ്പെടാതെ, അദ്ദേഹത്തിന്റെ പ്രതിമ പൊതിഞ്ഞുകെട്ടി ഇന്നും സൂക്ഷിക്കേണ്ടി വരുന്നു എന്നതും ഇവിടെ എഴുതാതെ വയ്യ. കർക്കടകത്തിലെ രാമായണ പാരായണ പാരമ്പര്യം പഴയ ഭക്തിയോടെയും പുതിയ ശക്തിയോടെയും എൺപതുകളുടെ മദ്ധ്യത്തോടെ മലയാളം പുനരുജ്ജീവിപ്പിച്ചു.

ആ പുനരുജ്ജീവന യജ്ഞത്തിന്റെ മുഖ്യനായകൻ പരമേശ്വർജി എന്ന്, എന്നെന്നും ഒപ്പം നിന്നവരും നിരന്തരം അദ്ദേഹത്തോട് വിയോജിച്ചവരും ആദരവോടെ വിളിച്ചിരുന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ പി.പരമേശ്വരൻ. തുടക്കം കുറിച്ചത്, എൺപത്തിരണ്ടിൽ എറണാകുളത്ത് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന വിശാല ഹിന്ദുസമ്മേളനത്തിൽ. "അന്ത്യജൻ അഗ്രജൻ ഇല്ലിവിടെ, വർണം വർഗം അരുതിവിടെ " എന്നുപ്രഖ്യാപിച്ച ആ സമ്മേളനം ഒരർത്ഥത്തിൽ കേരളത്തിൽ ഒരു രണ്ടാം നവോത്ഥാനത്തിന് തിരികൊളുത്തി. വിശാല ഹിന്ദു സമ്മേളനത്തിന്റെ ഒരു പ്രധാന ആഹ്വാനമായിരുന്നു കർക്കടകമാസം രാമായണ മാസമായി ആചരിക്കണമെന്നത്. സമൂഹം 'മനസാ വാചാ കർമ്മണാ' അത് ഏറ്റെടുത്തു. കുടുംബങ്ങളിൽ മാത്രമല്ല, കുടുംബങ്ങളുടെ കൂട്ടായ്മകളിലേക്കും ഭക്തജന സമിതികളിലേക്കും ഇതര സാംസ്കാരിക, ആദ്ധ്യാത്മിക സംഘടനകളും കൂട്ടായുള്ള രാമായണ പാരായണം സംഘടിപ്പിക്കാൻ സന്നദ്ധരായി. രാമായണപാരായണ പ്രസ്ഥാനം ഇന്ന് സ്വാഭാവികമായി സമൂഹത്തിൽ ശക്തമായി, ആരുടേയും പ്രേരണകൂടാതെ. ഒരു തരത്തിലുമുള്ള സംഘാടനം ഇല്ലാതെ. സ്വാഭാവികമായ ഒരു സാംസ്കാരിക പരിണാമം പോലെ. ജാതി, മത, കക്ഷി വ്യത്യാസങ്ങൾക്ക് അതീതമായി കഴിഞ്ഞു രാമായണ മാസാചാരണവും രാമായണ പാരായണവും ഇന്ന്. ചില ക്രൈസ്തവ സഭകൾവരെ രാമായണ പ്രഭാഷണങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്. രാമായണം മാതാതീതമായത് കൊണ്ടാണല്ലോ മുസ്ലിങ്ങൾ ഭൂരിപക്ഷമായ ഇൻഡോനേഷ്യയിലും മറ്റും രാമനും രാമകഥയ്ക്കും വലിയ സ്വാധീനം. ഇടതുപക്ഷ നേതാക്കളിൽ ചിലർപോലും രാമായണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പൊതുവേദികളിൽ സംസാരിക്കുന്നു. മുതിർന്ന മാർക്സിസ്റ്റ് നേതാവിന്റെ അഭിമാനത്തോടെയുള്ള രാമായണ പാരായണം സമൂഹമാദ്ധ്യമങ്ങളിൽ 'വൈറൽ' ആവുന്നു. പ്രസാധനാലയങ്ങളും പ്രസിദ്ധീകരണശാലകളും കർക്കടക മാസത്തോടനുബന്ധിച്ച് ആദ്ധ്യാത്മ രാമായണത്തിന്റെ പരമാവധി കോപ്പികൾ അച്ചടിച്ച് വിപണനം ചെയ്യാൻ പരസ്പരം മത്സരിക്കുന്നു. എല്ലാവർഷവും മലയാള ഗ്രന്ഥങ്ങളിൽ ഏറ്റവുമധികം വിൽപ്പന, കഴിഞ്ഞ കുറെകാലമായി അദ്ധ്യാത്മ രാമായണത്തിനാണത്രെ. മാദ്ധ്യമങ്ങളിലും രാമായണം ഇടംപിടിച്ചെടുക്കുന്നു. രാമായണ കഥകളില്ലാതെ കർക്കടകത്തിൽ ഒരു ദിവസംപോലും പത്രങ്ങൾ പുറത്തിറങ്ങാറില്ല. ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളിലും രാമായണത്തിന് അർഹമായ പ്രാധാന്യം ലഭിക്കുന്നുണ്ട്. രാമാനന്ദ സാഗറിന്റെ രാമായണം ടെലി സീരിയൽ 'ദൂർദർശൻ' സംപ്രേക്ഷണം ചെയ്ത് വന്ന കാലത്ത്, ആ ഞായറാഴ്ചകളിൽ വിവാഹങ്ങളുടെ മുഹൂർത്തവും പൊതുസമ്മേളനങ്ങളുടെ സമയവുംവരെ നിശ്ചയിച്ചിരുന്നത് ആ ടിവി പരിപാടി കാണുന്നതിന് തടസം വരാത്ത വിധത്തിലായിരുന്നു. രാമായണം പൊതുവീഥിയിൽ ചുട്ടുകരിക്കുകയും രാമവിഗ്രഹത്തിന് ചെരുപ്പുമാല അണിഞ്ഞധിക്ഷേപിക്കുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നതും ഇവിടെ ഓർത്തു പോകുന്നു. ആ കെട്ട കാലം എന്നെന്നേക്കുമായി കടന്നുപോയി. സീതാ പരിത്യാഗവും ശംബുക വധവും ബാലി നിഗ്രഹവും മറ്റും, അവയുടെ പൊരുളും പശ്ചാത്തലവും ഉൾക്കൊള്ളാതെ ചോദ്യം ചെയ്യുന്നവർ ഇന്നുമുണ്ട്. ഭക്തിയുടെ ഭാഷയിൽ അല്ലാതെ, യുക്തിയുടെ അടിസ്ഥാനത്തിൽ, അത്തരം വിമർശനങ്ങൾക്ക് വ്യക്തമായ വിശദീകരണവുമുണ്ട്. വിസ്താര ഭയത്താൽ അതിനിപ്പോൾ ഇവിടെ മുതിരുന്നില്ല. അതല്ലല്ലോ ഇവിടെ വിഷയം. രാമജന്മഭൂമി പ്രസ്ഥാനത്തെ പല്ലും നഖവും കൊണ്ട് എതിർത്തിരുന്നവർ, അയോദ്ധ്യയിൽ അടുത്തിടെ നടന്ന, പൊറുക്കാനോ മറക്കാനോ ആവാത്ത മോഷണത്തെ ചൊല്ലി, പൊടുന്നനെ രാമഭക്തരായി മാറി അയോദ്ധ്യക്കായി മുതലക്കണ്ണീർ പൊഴിക്കുന്ന പുതിയ പ്രതിഭാസത്തെ വിധിവൈപരീത്യം എന്നാണോ വിരോധാഭാസം എന്നാണോ വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല. ഇക്കൂട്ടരും രാമനെ പിടിച്ചാണ് ഇപ്പോൾ ആണയിടുന്നത്. അതും മറ്റൊരു രാമലീല. 'മര്യാദ പുരുഷോത്തമൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമനെ ഉത്തമ രാജാവ് എന്നുമാത്രമല്ല, ഉത്തമ മനുഷ്യനായി കൂടി കണ്ടിട്ടാണ് രാമരാജ്യം എന്നത് തന്റെ രാഷ്ട്ര സങ്കല്പമായും രാഷ്ട്രത്തിന്റെ ആത്യന്തിക ലക്ഷ്യമായും രാഷ്ട്രപിതാവ് പ്രഖ്യാപിച്ചത്. രാമരാജ്യം യാഥാർത്ഥ്യമാവാൻ സാക്ഷാൽ ശ്രീരാമചന്ദ്രൻ അനുഗ്രഹിക്കട്ടെ. ഹേ റാം! ജയ് ശ്രീ റാം!!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY