SignIn
Kerala Kaumudi Online
Wednesday, 02 September 2026 2.49 AM IST

പത്താം നമ്പറിലെ ഇതിഹാസം

ss

കാൽപ്പന്തിനെ ഖൽബിലേറ്റിയവരുടെ ഇടനെഞ്ചിൽ നോവായി ഒടുവിൽ ആ വാർത്തയെത്തി; ലയണൽ മെസി ഇനി അർജന്റീന ഫുട്ബാൾ ടീമിന്റെ കുപ്പായമണിയില്ല. ദിവസങ്ങൾക്ക് മുമ്പ് ന്യൂജഴ്സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ലോകകപ്പ് ഫൈനലിൽ തോറ്റ് കണ്ണീരൊഴുക്കി നിന്ന മെസിയുടെ ചിത്രം ആരാധകരുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ആ നിമിഷങ്ങളിൽ എപ്പോഴോ മനസിൽ കുറിച്ചിട്ട തീരുമാനമാണ് ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനമായി കഴിഞ്ഞദിവസം പുറത്തുവന്നത്. ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീന ലോകത്തെ വിസ്മയിപ്പിച്ചത് ഫുട്ബാളിലെ അത്ഭുതപ്രതിഭകൾക്ക് ജന്മം നൽകിയതിലൂടെയാണ്. ഡീഗോ മറഡോണയെന്ന കാൽപ്പന്തുകളിയുടെ ദൈവത്തിന് ശേഷം അർജന്റീനയിൽ പിറന്ന ഫുട്ബാൾ മിശിഹയായി ലയണൽ മെസി വാഴ്ത്തപ്പെട്ടു. 1986ൽ മറഡോണയുടെ മാന്ത്രികതയിൽ ലോകകപ്പ് നേടിയതിന് ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് നേടാൻ കാത്തിരിക്കേണ്ടിവന്നത് 36 കൊല്ലക്കാലമാണ്. ഇതിനിടയിൽ മറഡോണ കാലയവനികയ്ക്കുള്ളിൽ മറയുകയും ലയണൽ മെസിയെന്ന ഇതിഹാസം ഉരുവംകൊള്ളുകയും ചെയ്തു.

റൊസാരിയോ നഗരപ്രാന്തത്തിലെ കൊച്ചുവീട്ടിൽ നിന്ന് തെരുവിൽ തുണിപ്പന്തുതട്ടി വളർന്ന കൊച്ചുപയ്യനെത്തേടി സ്പെയ്‌നിലെ ഏറ്റവും വലിയ ക്ളബ് ബാഴ്സലോണയിൽ നിന്ന് വിളിയെത്തിയത് ചെറുപ്രായത്തിൽതന്നെ പ്രതിഭയുടെ മിന്നലൊളി പരന്നതിനാലാണ്. വളർച്ചാഹോർമോണിന്റെ കുറവുണ്ടായിരുന്ന കുട്ടിയുടെ ചികിത്സയടക്കമാണ് ബാഴ്സലോണ ഏറ്റെടുത്തത്. ബാഴ്സയുടെ ലാ മാസ്യ അക്കാഡമിയിൽ അവൻ ലോകോത്തര താരമായി വളർന്നു. 18-ാം വയസിൽ രാജ്യത്തിന്റെ കുപ്പായമണിയാൻ അവനെത്തിയതോടെ അർജന്റീനയ്ക്ക് പുതിയ രക്ഷകനെയാണ് ലഭിച്ചത്. മറഡോണ ബാക്കിയാക്കിയ പ്രതീക്ഷകളുടെ ഭാരമാണ് ആ ചുമലിലേക്ക് അർജന്റീന വച്ചുകൊടുത്തത്. മെസിയെന്ന പ്രതിഭയിലേക്ക് ആവേശിക്കപ്പെട്ടതോടെ അർജന്റീനയുടെ നീലവരയൻ കുപ്പായം തിളക്കം വീണ്ടെടുത്തു. നീലപ്പതാകയിലെ സൂര്യമുഖത്തിന് മെസിയുടെ ഛായവന്നു. അർജന്റീനയെന്ന രാജ്യം മെസിയെന്ന മജീഷ്യനിലേക്ക് രൂപാന്തരപ്പെട്ടു. അഥവാ മെസിയെന്ന മനുഷ്യൻ അർജന്റീനയായി മാറി. പക്ഷേ കളിക്കളത്തിൽ എതിരാളികളെ വെട്ടിയൊഴിഞ്ഞ് ഇടംകാലുകൊണ്ട് ഗോളുകൾ അടിച്ചുകൂട്ടുമ്പോഴും, ക്ളബ് കുപ്പായത്തിൽ കിരീടങ്ങൾകൊണ്ട് അമ്മാനമാടിയപ്പോഴും രാജ്യത്തിനായി കിരീടം നേടാനാകാത്തതിന്റെ സങ്കടം മെസിയെ ചൂഴ്ന്നുനിന്നു.

2010ലെ ലോകകപ്പിൽ കോച്ചായെത്തിയ മറഡോണയ്ക്കൊപ്പം കണ്ണീരോടെ മടങ്ങി. 2014ൽ ഫൈനൽവരെ നീണ്ട കുതിപ്പിനൊടുവിൽ ജർമ്മനി കിരീടമുയർത്തുന്നത് കണ്ടുനിൽക്കേണ്ടി വന്നു. രണ്ടു വർഷത്തിന് ശേഷം കോപ്പ അമേരിക്ക ഫൈനലിൽ തോറ്റപ്പോൾ കളിനിറുത്താൻ തീരുമാനിച്ചതാണ്. പക്ഷേ ലോകമെങ്ങുമുള്ള ആരാധകരുടെ പിൻവിളി ആ തീരുമാനത്തെ മാറ്റിവയ്പ്പിച്ചു. 2018ലെ ലോകകപ്പിലെ പുറത്താകലും കൂടിയായപ്പോൾ രാജ്യത്തിനായി കിരീ‌ടം നേടാൻ കഴിയാത്ത രാജാവെന്ന് വിളിക്കപ്പെട്ടു. പക്ഷേ 2021ൽ കോപ്പ അമേരിക്കയിൽ അർജന്റീന മുത്തമിട്ടതോടെ അവതാരപ്പിറവിയുടെ പൂർണതയിലേക്കുള്ള മെസിയുടെ ചുവടുവയ്പ്പ് തുടങ്ങി. 2022ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ പൊന്നിൻ കിരീ‌ടത്തിലേക്ക് മെസിയുടെ ചുണ്ടുകൾ ചേർന്നപ്പോൾ എക്കാലത്തെയും മികച്ചവനായി വാഴ്ത്തപ്പെട്ടു.

ലോക ഫുട്ബാളിൽ പത്താം നമ്പർ കുപ്പായത്തിൽ വിസ്മയിപ്പിച്ചവരിൽ എക്കാലവും ഓർക്കപ്പെടുന്നവനാണ് മെസി. രണ്ടുപതിറ്റാണ്ടോളം ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾ മുഴുവൻ തോളിലേറ്റുകയും ലക്ഷ്യത്തിലെത്തുവോളം തന്റെ ടീമിനെ മുഴുവൻ ഒരേ മനസോടെ കൂട്ടിയിണക്കുകയും ചെയ്ത മഹാപ്രതിഭ. റെക്കാഡുകൾ ഓരോന്നായി വെട്ടിപ്പിടിക്കുമ്പോഴും സങ്കടങ്ങളിൽ കണ്ണീരൊഴുക്കിയ സാധാരണ മനുഷ്യൻ. തന്റെ വിരമിക്കൽ സന്ദേശത്തിൽ മെസി പറഞ്ഞത് ശരിയാണ്, അർജന്റീനയ്ക്കുവേണ്ടി തന്നിലെ പ്രതിഭ മുഴുവൻ നൽകിക്കഴിഞ്ഞു. ഈ 39-ാം വയസിൽ ഇനിയൊന്നുമില്ല. കാലമിനിയും കടന്നുപോകും, പുതിയ പ്രതിഭകൾ വരും. റെക്കാഡുകൾ തിരുത്തിയെഴുതപ്പെടും. എങ്കിലും കാൽപ്പന്തുകളത്തിൽ ലയണൽ മെസി മാന്ത്രികച്ചുവടുകൾകൊണ്ട് അടയാളപ്പെടുത്തിയ ഓർമ്മച്ചിത്രങ്ങൾ മാഞ്ഞുപോകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI, FOOTBALL, RETIRED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY