SignIn
Kerala Kaumudi Online
Friday, 02 October 2026 2.00 AM IST

ശുദ്ധികലശം തുടരട്ടെ

ss

ശബരിമല തീർത്ഥാടന കാലം തുടങ്ങാൻ ഒന്നരമാസം മാത്രം ബാക്കിയുള്ളപ്പോൾ മുന്നൊരുക്കങ്ങളെക്കുറിച്ചും അധിക സൗകര്യങ്ങളെക്കുറിച്ചുമുള്ള ശുഭവർത്തമാനങ്ങൾ കേൾക്കേണ്ട സമയത്ത് തുടരെ ഉയരുന്നത് അഴിമതിയെക്കുറിച്ചുള്ള അശുഭ വാർത്തകളായിരിക്കുന്നു. ശബരിമലയിൽ അഴിമതിയുടെ സർവവ്യാപനമാണെന്ന യാഥാർത്ഥ്യം വ്യക്തമാക്കുന്നതാണ് ഞങ്ങൾതന്നെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ആക്രി ലേലത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ. ദേവസ്വം ജീവനക്കാരും കരാറുകാരും കൂട്ടുചേർന്നു നടത്തുന്ന ലക്ഷങ്ങളുടെ കൊള്ള ഞങ്ങളുടെ ലേഖകൻ വി.എ.ഗിരീഷിന്റെ റിപ്പോർട്ടിലൂടെ വെളിച്ചത്തായതോടെ ലേലം റദ്ദാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത് നടപടികളുടെ നല്ല തുടക്കമാകട്ടെ.

ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ശബരിമലയിലെ കടമുറികളുടെ ടെൻഡർ അട്ടിമറിച്ച വാർത്ത ദിവസങ്ങൾക്കു മുമ്പ് പുറത്തു വന്നതും കേരളകൗമുദിയിലൂടെയാണ്. ആ സംഭവത്തിൽ ശബരിമല എക്സിക്യുട്ടീവ് ഓഫീസിലെ ഹെഡ് ക്ളാർക്ക് ആർ. റെജിമോനെ സസ്പെൻഡ് ചെയ്ത ബോർഡ്,​ സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ശബരിമലയിൽ ദേവസ്വം ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുചേർന്നു നടത്തുന്ന കൊള്ള പുതിയ കാര്യമല്ലെങ്കിലും,​ ടെൻഡർ രേഖകൾ ഉദ്യോഗസ്ഥർ തന്നെ സ്ഥിരം കരാറുകാർക്ക് ചോർത്തിനല്കുന്ന സംഭവം ആദ്യത്തേതാണ്. വിവരങ്ങൾ ചോർന്നതായി അറിഞ്ഞതോടെ 110 കടകൾക്കുള്ള ഇ- ലേലമാണ് ബോ‌ർഡ് ആദ്യം റദ്ദാക്കിയത്. ഇതിനു പിന്നാലെയായിരുന്നു,​ ദേവസ്വം കമ്മിഷണർ ഓഫീസിലെ ശബരിമല വിഭാഗത്തിലെയും ശബരിമല എക്സിക്യുട്ടീവ് ഓഫീസിലെയും ഉദ്യോഗസ്ഥരാണ് വിവരം ചോർത്തലിനു പിന്നിലെന്ന കാര്യം ഞങ്ങൾ കഴി‍ഞ്ഞ 28-ന് പുറത്തുവിട്ടത്.

'അയ്യപ്പാ,​ ആക്രിയിലും ലക്ഷങ്ങൾ തട്ടിപ്പോ' എന്ന റിപ്പോർട്ട് കഴിഞ്ഞ 30-നും പുറത്തുവന്നു. ഇ- ടെൻഡർ വിളിക്കാതെ ബോർഡ് എൻജിനിയറിംഗ് വിഭാഗം ക്വട്ടേഷൻ വിളിച്ച് ലേലം ഉറപ്പിക്കുന്നതായിരുന്നു തട്ടിപ്പ്. സ്ഥിരം കരാറുകാരായിരിക്കും ലേലത്തിൽ പങ്കെടുക്കുക. ഇവർ കുറഞ്ഞ തുക ക്വാട്ട് ചെയ്യും. കിട്ടുന്ന ലാഭം ഉദ്യോഗസ്ഥരും കരാറുകാരും പങ്കിട്ടെടുക്കുകയും ചെയ്യും. ഇ- ടെൻഡർ ആയാൽ ഒത്തുകളി നടക്കില്ലെന്നു കണ്ടായിരുന്നു അത് അട്ടിമറിക്കാനുള്ള തന്ത്രം. ഇനി മുതൽ സർക്കാരിനു കീഴിലുള്ള ക്ളീൻ കേരള കമ്പനിയായിരിക്കും ശബരിമല,​ പമ്പ,​ നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള ആക്രി ശേഖരിക്കുക. അവർക്കു തന്നെ ലേലം നടത്താവുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. വരുമാനത്തിന്റെ 70 ശതമാനം ബോർഡിനും ബാക്കി തുക ക്ളീൻ കേരള കമ്പനിക്കും ആയിരിക്കും. ആക്രി ലേലത്തിൽ നിന്ന് സ്വകാര്യ കരാറുകാരെ പൂർണമായും ഒഴിവാക്കിയിട്ടുമുണ്ട്.

ശബരിമലയിൽ ലേല നടപടികൾ എങ്ങനെ വേണമെന്ന തീരുമാനവും നടത്തിപ്പും പൂർണമായും ഉദ്യോഗസ്ഥരുടെ കൈകളിലായതുകൊണ്ട് ഒത്തുകളി ഇത്രയും കാലം തടസമില്ലാതെ നടന്നുവരികയായിരുന്നു. ഉദ്യോഗസ്ഥർ സംശയനിഴലിലാവുകയും വകുപ്പുതല നടപടികൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ശുദ്ധികലശത്തിന് തുടക്കമായെന്നു തന്നെ കരുതാം. ശബരിമലയുമായി ബന്ധപ്പെട്ട് നടക്കുന്ന ഏത് ലേല നടപടിക്കുമേലും സൂക്ഷ്മനിരീക്ഷണം ഉണ്ടാകേണ്ടതാണ്. ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പൂർണമായും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്,​ ക്രമക്കേടിൽ പങ്കാളികളെന്നു തെളിയുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന ഇ- ടെൻഡർ നടപടികളുടെ നിരീക്ഷണത്തിന് ഏകീകൃത മേൽനോട്ട സംവിധാനമുണ്ടാകുന്നതും ആലോചിക്കാവുന്നതാണ്. ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പരിഷ്കരണ നടപടികളെ പൂർണമായും പിന്തുണയ്ക്കുന്നതാണ് ദേവസ്വം മന്ത്രി കെ. മുരളീധരന്റെ നിലപാട് എന്നതുകൊണ്ട് അയ്യന്റെ സന്നിധിയെ അശുദ്ധമാക്കുന്ന അഴിമതിക്ക് അറുതിയാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY