
വയനാട്ടിൽ ഏറ്റവും ഒടുവിൽ ഒരാളെക്കൂടി കാട്ടാന കൊലപ്പെടുത്തിയിരിക്കുന്നു.തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം പുളിമൂട്കുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന ആദിവാസിയായ പുട്ടൻ എന്ന രാജു (65)വിനെയാണ് കഴിഞ്ഞ ബുധനാഴ്ച കാട്ടാന കൊലപ്പെടുത്തിയത്. സ്വന്തം കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് കാട്ടാനയുടെ പരാക്രമം.കഴിഞ്ഞ നാൽപ്പത്തിയാറ് വർഷത്തിനിടെ 178 പേരാണ് വയനാട്ടിൽ കൊല്ലപ്പെടുന്നത്. തിരുനെല്ലി ഗ്രാമ പഞ്ചായത്തിൽ മാത്രം വന്യമൃഗങ്ങളാൽ ജീവൻ പൊലിയുന്നവരുടെ എണ്ണം 89 ആണ്. ഇത് ഞെട്ടിപ്പിക്കുന്ന അവസ്ഥയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വന്യമൃഗശല്യം നേരിടുന്ന പഞ്ചായത്തും തിരുനെല്ലിയാണ്. പ്രതിരോധ സംവിധാനങ്ങൾ പാടെ തകർന്നിരിക്കുന്നു.ഫലപ്രദമായ സംവിധാനങ്ങൾ ആവിഷ്കരിക്കാൻ അധികൃതർക്ക് കഴിയാത്തത് വനാതിർത്തികളിൽ കഴിയുന്നവരെ ഭീതിയിലാക്കുന്നു. തിരുനെല്ലി പഞ്ചായത്തിന് 200 ചതുരശ്ര കിലോ മീറ്റർ വിസ്‌തീർണ്ണമെയുളളു. ഇതിൽ 65 ശതമാനവും വനമാണ്. എന്നാൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്കുള്ള ഭക്ഷണം ഇല്ലാത്തതാണ്
ഇവ നാട്ടിലേക്കിറങ്ങാൻ കാരണം. വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടക,തമിഴ്നാട് വനമേഖലയിൽ നിന്ന് വൻ തോതിൽ വന്യമൃഗങ്ങൾ വയനാട്ടിലേക്കെത്തുന്നു. നാട്ടിലേക്കിറങ്ങിയ കാട്ടാനയെ വനം വകുപ്പ് പ്രദേശവാസികളുടെ സഹായത്താൽ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് രാജുവിനെ കാട്ടാന കൊലപ്പെടുത്തുന്നത്. തലയ്ക്ക് പരിക്കേൽക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. വെള്ളാഞ്ചേരി മാനി വയൽ കോളനിയിൽ താമസിച്ചിരുന്ന രാജു വർഷങ്ങൾക്ക് മുൻപാണ് മിച്ചഭൂമിയിൽ താമസം തുടങ്ങിയത്. പരേതരായ വെള്ളു എമ്മി എന്നിവരുടെ മകനാണ്.
വാതിൽ തുറന്നാൽ കാട്ടാനയും കടുവയും
അതെ,കാട്ടാനകൾക്ക് അറിയില്ലല്ലോ കേരളത്തിലെ ഭരണമാറ്റം. എന്തിനേറെ സംസ്ഥാനങ്ങളുടെ അതിർത്തി പോലും അവർക്ക് അറിയില്ല. നല്ല തീറ്റയും സുരക്ഷയും തേടി അവർ അങ്ങനെ കാടുകളിൽ നിന്ന് കാടുകളിലേക്ക് യാത്രയാണ്. വയനാടൻ വനത്തിൽ ഇപ്പോൾ നല്ല തീറ്റയും പച്ചപ്പും ഉണ്ട്. അതാണ് വയനാടൻ വനത്തിലേക്ക് കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ വൻ തോതിലെത്താൻ കാരണം. വനത്തിൽ തീറ്റയും സുരക്ഷിതത്വവും നഷ്ടമാകുമ്പോഴാണ് കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ കാട് വിട്ട് നാട്ടിലേക്കിറങ്ങുന്നത്.ചക്കയുടെ സീസണായതോടെ കൂടുതൽ ആനകളും ഇപ്പോൾ കാട് വിട്ട് നാട്ടിലാണ്. കൂട്ടമായി ഇറങ്ങി വരുന്ന കാട്ടാനകൾ കണ്ണിൽ കണ്ടതൊക്കെ നശിപ്പിച്ചാണ് വനത്തിലേക്കുളള തിരിച്ച് പോക്ക്. വനത്തോട് ചേർന്ന പ്രദേശത്തെ വീട്ടുകാർക്ക് ഇപ്പോൾ പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ പോലും വയ്യെന്നായി. അതിരാവിലെ വാതിൽ തുറന്നാൽ മുറ്റത്ത് കാണുന്നത് കാട്ടാനയും കടുവയും പുലിയും കരടിയുമൊക്കെയാണ്. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തന്നെ തുരത്താൻപ്പെടുന്ന പാട് കുറച്ചൊന്നുമല്ല. കൈയിൽ മുളവടിയുമായി എത്തുന്ന വനം വകുപ്പിന്റെ സേവനത്തെയാണ് നാം മാനിക്കേണ്ടത്. കാട് മുഴുവൻ കൈയേറിയാൽ വന്യമൃഗങ്ങൾ എവിടെ പോകും. അവരുടെ ആവാസ കേന്ദ്രം നാൾക്ക് നാൾ ഇല്ലാതാവുന്ന കാഴ്ചയാണ് വയനാട്ടിൽ കാണുന്നത്. വന്യമൃഗങ്ങളാണെങ്കിൽ പെറ്റ് പെരുകുന്നുമുണ്ട്. കാട് സംരക്ഷിക്കാനുളള നടപടികൾ മാറി മാറി ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഇതേവരെ ഉണ്ടായിട്ടുമില്ല.
നഷ്ടപരിഹാരം കിട്ടാത്തവർ നിരവധി
കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ വകുവരുത്തുന്നത് വയനാട്ടിൽ ഇപ്പോൾ നിത്യ സംഭവമാണ്. മരണപ്പെടുന്നവരുടെ നഷ്ടപരിഹാരത്തെ ചൊല്ലി എപ്പോഴും വനം വകുപ്പുമായി നാട്ടുകാർ സമര മുഖത്തേക്ക് വരുന്നതും ഇവിടെ പതിവായിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എടുക്കാൻ അനുവദിക്കാതെ നഷ്ടപരിഹാരവും ആശ്രിത നിയമനവും ആവശ്യപ്പെട്ടുളള സമരവും ഇവിടെ എക്കാലവുമുണ്ട്. പതിനാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്. സമരത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചിലപ്പോൾ സർക്കാർ സർവീസിൽ താത്കാലിക നിയമനവും ലഭിക്കും. എന്നാൽ ഇതും രണ്ടും പൂർണമായി ലഭിക്കാത്ത എത്രയോ കുടുംബങ്ങൾ ഇന്നും വയനാട്ടിലുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ പ്രതിഷേധം ഭയന്ന് ചെറിയൊരു തുകയുടെ ഗഡു ആദ്യം നൽകും. ബാക്കി തുക അധികവും നൽകാറില്ല. അതേ പോലെ പ്രഖ്യാപിച്ച ആശ്രിത നിയമനവും. ഇതിന് വേണ്ടി വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നവരുടെ നിര കുറച്ചൊന്നുമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |