നാഗരാജാവിന്റെ അനുഗ്രഹം തേടി മണ്ണാറശാല നാഗരാജക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. നവംബർ രണ്ടിനാണ് പ്രസിദ്ധമായ മണ്ണാറശാല ആയില്യം. നാളെ പുണർതം നാളിൽ വൈകിട്ട് 6നാണ് മഹാദീപക്കാഴ്ച ഒരുക്കും. ഭക്തജനങ്ങളും ക്ഷേത്രം കാര്യക്കാരും ചേർന്നാണ് പതിനായിരക്കണക്കിന് വിളക്കുകൾ തെളിക്കുക. ഞായറാഴ്ച പൂയം തൊഴലും തിങ്കളാഴ്ച ആയില്യം ദർശനവും നടക്കും.
പൂയം നാളിൽ രാവും പകലും ക്ഷേത്രം ഭക്തജനങ്ങളെക്കൊണ്ട് നിറയും. നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തി ചതുഃശ്ശത നിവേദ്യത്തോടെ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ കാർമ്മികത്വത്തിൽ പൂയം നാളിലെ ഉച്ചപൂജ ദർശനം പ്രധാനമാണ്. പകൽ 11മുതൽ പൂയംസദ്യ ആരംഭിക്കും. ആയില്യം നാളിൽ ഉച്ചയ്ക്ക് ഒന്നിനാണ് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് ഏകദേശം ഒൻപത് ഏക്കറിലേറെ വരുന്ന കാവിനകത്താണ് മണ്ണാറശാലയിലെ ശ്രീനാഗരാജ ക്ഷേത്രം. കാവിനകത്തെ വഴികളിലും മരങ്ങളുടെ ചുവട്ടിലും 30000ത്തോളം നാഗവിഗ്രഹങ്ങളുണ്ട്. മണ്ണാറശാല ഇല്ലത്തെ ഏറ്റവും മുതിർന്ന അന്തർജനമാണ് ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത്. വലിയമ്മ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. നാഗരാജാവായ വാസുകിയും രാജ്ഞിയായ സർപ്പയക്ഷിയുമാണ് മുഖ്യപ്രതിഷ്ഠ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ അനന്തൻ ( ആദിശേഷൻ) കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ആയില്യം നാളിൽ വാസുകി, നാഗയക്ഷി, അനന്തൻ എന്നിവ കൂടാതെ ക്ഷേത്രത്തിലെ എല്ലാ നാഗപ്രതിഷ്ഠകളെയും എഴുന്നെള്ളിക്കും. വലിയമ്മ നാഗരാജാവിന്റെ വിഗ്രഹവുമായി മുന്നിൽ എഴുന്നെള്ളും.
ക്ഷേത്രത്തിലെ ഉരുളി കമഴ്ത്തൽ വഴിപാട് പ്രസിദ്ധമാണ്. ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ ദമ്പതിമാർക്ക് സന്താനഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം. തുലാമാസത്തിലെ ആയില്യത്തിനാണ് മണ്ണാറശാലയിൽ പ്രാധാന്യം, ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവിന് ചില അസൗകര്യങ്ങൾ കാരണം കന്നിമാസത്തിലെ ആയില്യത്തിന് മണ്ണാറശാലയിൽ എത്താൻ സാധിക്കാതെ വന്നു. തുടർന്ന് രാജാവിന്റെ അഭ്യർത്ഥന പ്രകാരം ഇവിടുത്ത ആയില്യം മഹോത്സവം തുലാത്തിലേക്ക് മാറ്റി എന്നാണ് ഐതിഹ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |