SignIn
Kerala Kaumudi Online
Saturday, 23 May 2026 6.11 PM IST

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തീയതി കുറിച്ച് പ്രക്കൂഴം ചടങ്ങുകൾ

kottiyur

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും ചിട്ടകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര സന്നിധിയിൽ നടന്നു. പ്രക്കൂഴം മുതൽ വിളക്ക് തെളിയിക്കാനുള്ള പശുവിൻ നെയ്യ് മാലൂർ പടി ക്ഷേത്രത്തിൽ നിന്നും ഗണപതി ഹോമത്തിനും അവിൽ നിവേദ്യത്തിനുമുള്ള അവിൽ കാക്കയങ്ങാട് പാലാ പുല്ലാഞ്ഞിയോട് നരസിംഹമൂർത്തിക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ച് സ്ഥാനികർ ഇന്നലെ രാവിലെ ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചു.

പ്രക്കൂഴം ചടങ്ങുകളുടെ തുടക്കം കുറിച്ച് തണ്ണീർകുടി ചടങ്ങും നടന്നു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെയായി കല്ലുവാഴയുടെ ഏഴ് ഇലകളിൽ തേങ്ങയും ശർക്കരയും പഴവും വെച്ചാണ് തണ്ണീർകുടി ചടങ്ങ് നടന്നത്. ക്ഷേത്ര അടിയന്തിരക്കാരായ ഒറ്റപ്പിലാൻ, പുറങ്കലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കണിയാൻ, കാടൻ എന്നിവർ ചേർന്നാണ് ചടങ്ങ് നടത്തിയത്. തുടർന്ന് ഒറ്റപ്പിലാനും പുറങ്കലയനും ചേർന്ന് അക്കരെ കൊട്ടിയൂർ കിഴക്കേ നടയ്ക്ക് സമീപം ബാവലിപ്പുഴയിൽ മുങ്ങി മൂന്ന് കല്ലുകളെടുത്ത് ബാവലി കെട്ടിനായി വച്ചു. ഉത്സവ നാളുകളിൽ തിരുവഞ്ചിറയിലേക്ക് വെള്ളം ഒഴുക്കുന്നതിനാണ് ബാവലിക്കെട്ട്.

തുടർന്ന് കുത്തോട് മണ്ഡപത്തിൽ ക്ഷേത്ര അടിയന്തിരക്കാർ സമുദായി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കണക്കപ്പിള്ള മഹോത്സവത്തിന്റെ തീയതി കുറിച്ചു.

പാരമ്പര്യ ഊരാളന്മാരായ തിട്ടയിൽ നാരായണൻ നായർ, ആക്കൽ ദാമോദരൻ നായർ, കരിമ്പനക്കൽ ചാത്തോത്ത് കെ.സി. സുബ്രഹ്മണ്യൻ നായർ, കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ എന്നിവരുടെയും ഏഴില്ലക്കാരുടെയും നേതൃത്വത്തിൽ സമുദായി കൃഷ്ണമുരളി, കണക്കപ്പിള്ള, ഓച്ചർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രക്കൂഴം ചടങ്ങുകൾ നടന്നത്. അർദ്ധരാത്രിയിൽ ആയില്യാർക്കാവിൽ നടന്ന ഗൂഢപൂജയ്ക്ക് ക്ഷേത്ര ജന്മശാന്തി പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.

വിശേഷ ദിവസങ്ങൾ:

മേയ് 23ന് നീരെഴുന്നള്ളത്ത്

28ന് നെയ്യാട്ടം

29ന് ഭണ്ഡാരം എഴുന്നള്ളത്ത്

ജൂൺ 5ന് തിരുവോണം ആരാധന

7ന് ഇളനീർ വെപ്പ്

8ന് ഇളനീരാട്ടം, അഷ്‌ടമി ആരാധന

10ന് രേവതി ആരാധന

14ന് രോഹിണി ആരാധന

16ന് തിരുവാതിര ചതുശ്ശതം

17ന് പുണർതം ചതുശ്ശതം

19ന് ആയില്യം ചതുശ്ശതം

20ന് മകം കലം വരവ്

23ന് അത്തം ചതുശ്ശതം, വാളാട്ടം,കലശപൂജ

24ന് തൃക്കലശ്ശാട്ട്.

സ്ത്രീകൾക്ക് പ്രവേശനം

29ന് അർദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പും ജൂൺ 20ന് മകം നാൾ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEMPLE, KOTTIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL