ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പെട്ടികളിൽ നിന്ന് മോഷ്ടിച്ച പണമുപയോഗിച്ച് കുടുംബാംഗങ്ങൾക്കും കാമുകിക്കും സുഹൃത്തുക്കൾക്കും ആഢംബര വസ്തുക്കൾ വാങ്ങിനൽകിയതായി പ്രതി. ഇതിൽ ഐഫോണും ഉൾപ്പെടുന്നു. സംഭാവന മോഷ്ടിച്ച എട്ട് പ്രതികളിൽ ഒരാളായ ക്ഷേത്രത്തിലെ കൗണ്ടിംഗ് ജീവനക്കാരനായ അവിനാഷ് ശുക്ളയുടേതാണ് വെളിപ്പെടുത്തൽ. 19 ലക്ഷമാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി.
മോഷ്ടിച്ച പണമുപയോഗിച്ച് അവിനാഷ് സഹോദരന്റെ ആഡംബര വിവാഹവും നടത്തി. വിവാഹത്തിനായി ഏകദേശം ആറ് ലക്ഷം രൂപയാണ് ചെലവഴിച്ചത്. മറ്റൊരു സഹോദരന് ആറ് ലക്ഷം രൂപയും നൽകി. കൂടാതെ പ്രതി കാമുകിക്ക് ഒരു ഐഫോൺ സമ്മാനമായി നൽകുകയും 2.5 ലക്ഷം രൂപ കൈമാറുകയും ചെയ്തു.
അയോദ്ധ്യ സംഭാവന തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ, അനുബന്ധ സ്വത്തുക്കൾ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനെക്കുറിച്ചും അനുബന്ധ ചടങ്ങുകളെക്കുറിച്ചും അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. പ്രതിഷ്ഠയോടനുബന്ധിച്ച് 124 കോടിയോളം രൂപ ചെലവാക്കി നടത്തിയ പരിപാടികളെക്കുറിച്ച് അന്വേഷിക്കാനാണ് സംഘത്തെ നിയോഗിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവർഷത്തെ കണക്ക് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഓഡിറ്റ് റിപ്പോർട്ടുകൾ, പേയ്മെന്റ് വൗച്ചറുകൾ, ബില്ലുകൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്ഷേത്ര നിർമാണത്തിനായി ചെലവായ തുകയെക്കുറിച്ചും അന്വേഷിക്കുമെന്നാണ് അറിയുന്നതെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |