
ആലപ്പുഴ: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം പൂജ തൊഴാൻ ഇന്ന് പതിനായിരങ്ങൾ ഒഴുകിയെത്തും. ഇന്ന് പുലർച്ചെ 4ന് നടതുറക്കും. ഉച്ചയ്ക്ക് ഒന്നിനാണ് ആയില്യം എഴുന്നള്ളത്ത്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജ. ഉച്ചപൂജയ്ക്ക് ശേഷം ഇല്ലത്ത് നിലവറയ്ക്ക് മുന്നിൽ തെക്കേത്തളത്തിൽ കുടുംബകാരണവരുടെ നേതൃത്വത്തിൽ ആയില്യം പൂജയ്ക്കുള്ള നാഗപദ്മക്കളം വരയ്ക്കും. തുടർന്ന് അമ്മ കുളിച്ച് ക്ഷേത്രത്തിലെത്തിയ ശേഷം മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നിന്ന് ഇല്ലത്തേക്കുള്ള നാഗരാജാവിന്റെ പരിവാരസമേതമായ എഴുന്നള്ളത്ത്. നൂറുപാലും ഗുരുതിയും നടക്കും. ആയില്യം പൂജ പൂർത്തിയായാൽ അമ്മയുടെ അനുവാദം വാങ്ങി കുടുംബകാരണവർ ആകാശ സർപ്പങ്ങൾക്കായി തട്ടിന്മേൽ നൂറുംപാലും നടത്തും. തുടർന്ന് അമ്മയുടെ ക്ഷേത്ര ദർശനത്തോടെ ആയില്യം ചടങ്ങുകൾ പൂർത്തിയാകും. പൂയം തൊഴാൻ ഇന്നലെ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. ആയില്യം മഹോത്സവവും പരുമല പെരുനാളും പ്രമാണിച്ച് ഇന്ന് ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയാണ്. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |