SignIn
Kerala Kaumudi Online
Thursday, 30 July 2026 1.48 PM IST

മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ മിന്നൽ റെയ്ഡ്: 28 കോടി രൂപയും 15 കിലോ സ്വർണവും പിടിച്ചെടുത്തു

cash-and-gold
പിടിച്ചെടുത്ത പണവും സ്വർണവും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ പൊലീസിന്റെ വൻ കള്ളപ്പണവേട്ട. 28 കോടി രൂപയും 21 കോടി രൂപയോളം വിലമതിക്കുന്ന 15 കിലോ സ്വർണവുമാണ് മിനാർ മണ്ഡൽ എന്നയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം എണ്ണാനായി ഉപയോഗിച്ച അഞ്ചുമെഷീനുകൾ കേടായതായും പൊലീസ് അറിയിച്ചു.

തൃണമൂൽ കോൺഗ്രസ് നേതാവായ അനുബ്രത മണ്ഡലിന്റെ അടുത്ത അനുയായിയായ തുളു മണ്ഡലിന്റെ ബന്ധുവാണ് മിനാർ മണ്ഡൽ. പണവും സ്വർണവും തുളു മൊണ്ഡലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന് ചോദ്യം ചെയ്യലിൽ മിനാർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് രാവിലെയാണ് അവസാനിച്ചത്. സംഭവത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിൽ രാഷ്ട്രീയപ്പോര് ശക്തമായിരിക്കുകയാണ്. പ്രതിയുമായുള്ള അനുബ്രത മണ്ഡലിന്റെ ബന്ധത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും പരസ്പരം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 2024-ൽ ബോളിവുഡ് താരങ്ങളെ ഉൾപ്പെടെ ക്ഷണിച്ച് തുളു മണ്ഡൽ നടത്തിയ മകളുടെ ആഡംബര വിവാഹവും വീണ്ടും ചർച്ചയായിരിക്കുകയാണ്.

അതേസമയം, കരിങ്കൽ മാഫിയ സംഘങ്ങൾക്കെതിരെയുള്ള ബംഗാൾ സർക്കാരിന്റെ നടപടിയുടെ ഭാഗമായാണ് റെയ്ഡെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. റെയ്ഡിന് പിന്നിലെ കൃത്യമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സുവേന്ദു അധികാരി അറിയിച്ചു.

മണൽ മാഫിയകൾക്കെതിരെ നിയമപാലകർ നടത്തിയത് അഭിനന്ദനാർഹമായ പ്രവർത്തനമാണെന്നും ബിർഭൂം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ തുളു മണ്ഡലിന്റെ ഒളിസങ്കേതത്തിൽ നിന്നാണ് വൻ തുകയും 15 കിലോ സ്വർണവും പിടിച്ചെടുത്തെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

English Summary

Authorities recovered around ₹28 crore in cash during a raid at the residence of a former bus driver in West Bengal. According to reports, the amount was so large that five currency-counting machines reportedly malfunctioned or became unusable during the counting process.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENGAL CASH SEIZURE, EX BUS DRIVER, WESTBENGAL, TRINAMOOL CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY