കന്യാകുമാരി : ശുചീന്ദ്രത്ത് ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്രുചെയ്തു. മൈലാടി കാമരാജർ നഗർ സ്വദേശി മധുരവീരൻ (30) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സംഭവത്തിൽ ശുചീന്ദ്രം സ്വദേശിയായ പെൺകുട്ടിയാണ് പിടിയിലായത്. മാരിയപ്പൻ(29),മാതാവ്, ഭാര്യമാരായ മുത്തുലക്ഷ്മി(24),ശരണ്യ(24),മറ്റൊരാൾ എന്നിവരാണ് കേസിലെ മറ്റ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി.
2021ൽ മധുരവീരൻ കൊലപ്പെടുത്തിയ ചെല്ലയ്യ എന്നയാളുടെ സഹോദരനാണ് മാരിയപ്പൻ. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ രണ്ട് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ശുചീന്ദ്രം സ്റ്റേഷനിലെത്തിച്ച് അറസ്റ്റുരേഖപ്പെടുത്തിയ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി.
പൊലീസ് പറയുന്നതിങ്ങനെ: 2021ൽ തർക്കത്തിനിടെ ചെല്ലയ്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ മധുരവീരനെ അറസ്റ്റുചെയ്തിരുന്നു. വേറെയും കേസുകൾ ഉള്ളതിനാൽ മധുരവീരനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൊലപാതകക്കേസിന്റെ വാദം നടക്കുന്ന പത്മനാഭപുരത്തെ കോടതിയിൽ തിങ്കളാഴ്ച മധുരവീരൻ ഹാജരായിരുന്നു. മാരിയപ്പന്റെ വീട്ടിൽ കേസ് ഒത്തുതീർപ്പാക്കുന്ന കാര്യം സംസാരിക്കാനെത്തിയ മധുരവീരനെ വാക്കുതർക്കത്തിനിടെ മാരിയപ്പനും കുടുംബവും ചേർന്ന് അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് പ്രതികൾക്കായി പൊലീസ് തൂത്തുക്കുടി മേഖലയിൽ പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |