SignIn
Kerala Kaumudi Online
Monday, 15 June 2026 8.12 PM IST

ഭർത്താവിന്റെ ക്രൂരപീഡനം; കഴുത്തിൽ ചങ്ങലയുമായി യുവതി ഓടിയത് കിലോമീറ്ററുകൾ, ഒടുവിൽ പൊലീസ് സ്റ്റേഷനിൽ അഭയം

mangibai-tanwar

ഭോപ്പാൽ: ഭർത്താവ് ചങ്ങലക്കിട്ട് അതിക്രൂരമായി മർദിച്ച സ്‌ത്രീ സാഹസികമായി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയംതേടി. മദ്ധ്യപ്രദേശിലെ രാ‌ജ്‌ഗഡ് ജില്ലയിലാണ് സംഭവം. മംഗീബായ് തൻവാർ എന്ന സ്‌ത്രീയാണ് കഴുത്തിൽ ബന്ധിച്ച ചങ്ങലയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്‌ക്കിട്ട് ബന്ധിച്ച ശേഷം ശരീരമാകെ പൊള്ളിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തതായാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.

ജൂൺ പത്തുമുതലാണ് യുവതിയെ ഭർത്താവായ സർദാർ സിംഗ് ബന്ധനത്തിനിട്ട് മർദിക്കാൻ തുടങ്ങിയത്. മദ്യപിച്ചെത്തിയ ഭർത്താവ് അസഭ്യവർഷം നടത്താനും മർദിക്കാനും തുടങ്ങിയതോടെ യുവതി പൊലീസിൽ പരാതിപ്പെടാനായി ഇറങ്ങി. എന്നാൽ ബലപ്രയോഗത്തിലൂടെ യുവതിയെ തിരികെ വീട്ടിലെത്തിച്ച ഇയാൾ കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് തൂണിൽ കെട്ടിയിടുകയായിരുന്നു. 'ഇനി നീ എങ്ങനെ പൊലീസിൽ പരാതിപ്പെടുമെന്ന് നോക്കട്ടെ' എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് സർദാർ സിംഗ് ഭാര്യയെ മർദിച്ചത്. ഗ്യാസ് സ്റ്റൗവിൽ ഇരുമ്പ് വടി പഴുപ്പിച്ച് യുവതിയുടെ അരക്കെട്ടിലും തുടയിലും ക്രൂരമായി പൊള്ളിച്ചതായും പരാതിയിൽ പറയുന്നു.

ഏകദേശം 24 മണിക്കൂറോളം യുവതി ബന്ധനത്തിൽ കിടന്നു. ഭർത്താവ് പുറത്തുപോയ സമയത്ത് സമീപത്ത് കിടന്ന കല്ലെടുത്ത് ചങ്ങലയിൽ തുടർച്ചയായി ഇടിച്ചാണ് ചങ്ങലയിലെ പൂട്ട് തകർത്തത്. കഴുത്തിൽ കുടുക്കിയിട്ടിരുന്ന ചങ്ങല ഊരിമാറ്റാൻ അവർക്ക് സാധിക്കാതെ വന്നതോടെ അതും കഴുത്തിലിട്ട് ഓടുകയായിരുന്നു. കുറ്റാകൂരിരുട്ടിൽ കിലോമീറ്ററുകളോളമുള്ള നാട്ടുപാത താണ്ടിയാണ് മംഗീബായ് ഖിൽച്ചിപ്പൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. കഴുത്തിലെ ചങ്ങല കണ്ട് മനോനില തെറ്റിയതാണെന്ന് തെറ്റിദ്ധരിച്ചതിനാൽ ആരും അവരെ സഹായിച്ചില്ല.

പൊലീസ് സ്റ്റേഷനിലെത്തി നടന്നകാര്യങ്ങൾ പറഞ്ഞതോടെ അടിയന്തര സേവനങ്ങൾ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായി. കഴുത്തിലെ ചങ്ങലകൾ മുറിച്ചുമാറ്റിയ ശേഷം യുവതിയെ അടിയന്തര വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പരിശോധനയിൽ യുവതി ക്രൂരമായ മർദനത്തിന് ഇരയായെന്ന് കണ്ടെത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സർദാർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ASSAULT, CASE, INJURY, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY