SignIn
Kerala Kaumudi Online
Thursday, 02 July 2026 11.50 PM IST

സ്വത്തുതർക്കത്തെ തുടർന്ന്    യുവതിയെ വിവസ്ത്രയാക്കി മുടി മുറിച്ച് തെരുവിലൂടെ  നടത്തിച്ചു; 11 പേർക്കെതിരെ കേസ്

property-dispute
പ്രതീകാത്മക ചിത്രം

ഭോപ്പാൽ: സ്വത്തുതർക്കത്തെ തുടർന്ന് യുവതിയെ മർദ്ദിച്ച് വിവസ്ത്രയാക്കി മുടി മുറിച്ചും ചെരുപ്പുമാലയണിച്ചും തെരുവിലൂടെ നടത്തിച്ച് ഭർതൃവീട്ടുകാർ. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ ജൂൺ 30നാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ മൂന്ന് സ്ത്രീകൾ അടക്കം 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ മൂന്ന് പ്രതികൾ പിടിയിലായി. ഒളിവിൽ കഴിയുന്ന ബാക്കി എട്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ജൂൺ 30ന് രാവിലെ 9:30 ഓടെ യുവതി മുറിക്കുള്ളിലിരിക്കുമ്പോഴാണ് ഭർതൃവീട്ടുകാർ വാതിൽ തകർത്ത് അകത്തുകയറിയത്. തുടർന്ന് മുടിയിൽ പിടിച്ച് വലിച്ച് പുറത്തേക്കിറക്കി ക്രൂരമായി മർദ്ദിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ യുവതിയെ ബലം പ്രയോഗിച്ച് പിടിച്ചുവയ്ക്കുകയും പുരുഷന്മാർ ചേർന്ന് ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനത്തിനിടയിൽ യുവതിയുടെ മുടി മുറിച്ചു മാറ്റുകയും വസ്ത്രങ്ങൾ വലിച്ച് കീറി വിവസ്ത്രയാക്കുകയും ചെയ്തു. തുടർന്ന് ചെരുപ്പുമാല കഴുത്തിലിട്ട് തെരുവിലൂടെ പരസ്യമായി നടത്തിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭർത്താവിനെയും സംഘം ക്രൂരമായി മർദ്ദിച്ചു. വധശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചേർത്താണ് 11 പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് ഝാർഡ പൊലീസ് അറിയിച്ചു.

രണ്ട് കുട്ടികളുടെ അമ്മയായ യുവതി കുറച്ചുനാളായി ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഭർതൃവീട്ടിലെത്തി കുടുംബസ്വത്തിൽ അവകാശം ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതോടെ ഭർത്താവിന്റെ മാതാപിതാക്കളും വീട്ടുകാരും ചേർന്ന് ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഉജ്ജയിനി എസ്പി പറഞ്ഞു. യുവതിയുടെ ഭർത്താവ്, ഭർതൃമാതാപിതാക്കൾ, മറ്റ് ബന്ധുക്കൾ, അയൽവാസി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, CASEDAIRY, UJJAIN, MADYAPRADESH POLICE, PROPERTY DISPUTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY