
ഭോപ്പാൽ: വിവാഹാഭ്യർത്ഥന നിരസച്ചതിന് പിന്നാലെ പത്തൊമ്പതുകാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം. ഒന്നാം വർഷ ബിഎ വിദ്യാർത്ഥിനിയായ പൂജയ്ക്കാണ് കുത്തേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൂജ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വയറിലും കഴുത്തിലും കൈകളിലും പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ ഇരുപത്തൊന്നുകാരനായ സുനിൽ ജറോളിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ ഇന്നലെ ഉച്ചയ്ക്ക് 12:45 ഓടെയാണ് സംഭവം. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നടുറോഡിൽവച്ച് വാക്കുതർക്കമുണ്ടാകുകയും ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയെ പതിനാലുതവണ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് വിവരം.
ആക്രമണത്തിന് ശേഷം മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ കാലിന് പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയതായും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതി ആഗ്രഹിച്ചിരുന്നെന്നും വിവാഹാഭ്യർത്ഥന നിരസിച്ചതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |