SignIn
Kerala Kaumudi Online
Friday, 15 May 2026 6.05 PM IST

അവസാന ഫോൺ കോൾ അമ്മയുമായി, പിന്നാലെ മരണം; ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

twisha-samarth

ഭോപ്പാൽ: വിവാഹം കഴിഞ്ഞ് അഞ്ചാം മാസം യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് നോയിഡ സ്വദേശിനി ട്വിഷ ശർമ്മയാണ് (33) മരിച്ചത്. ഭോപ്പാലിലെ അഭിഭാഷകനായ സമർത്ഥ് സിംഗുമായി അഞ്ച് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം കഴിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും യുവതിയെ പീഡിപ്പിച്ചിരുന്നതായും ട്വിഷയുടെ കുടുംബം ആരോപിച്ചു.


ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ട്വിഷ തന്റെ അമ്മയെ ഫോണിൽ വിളിച്ച് അനുഭവിക്കുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് സംസാരിച്ചു. എന്നാൽ ഭർത്താവ് മുറിയിലേക്ക് വന്നതോടെ സംസാരം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് കുടുംബം ട്വിഷയെയും ഭർത്താവിനെയും ഭർതൃമാതാവിനെയും വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. 10:20 ഓടെ ട്വിഷയ്ക്ക് ശ്വാസമില്ലെന്ന വിവരമാണ് ഭർതൃവീട്ടുകാർ കൈമാറിയതെന്ന് ട്വിഷയുടെ സഹോദരനും സൈനിക ഉദ്യോഗസ്ഥനുമായ മേജർ ഹർഷിത് ശർമ്മ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് വെറും 10 മിനിട്ട് ദൂരം മാത്രമേയുള്ളൂവെങ്കിലും എത്തിക്കാൻ ഒന്നര മണിക്കൂറോളം വൈകിയെന്നും കുടുംബം ആരോപിക്കുന്നു.

ട്വിഷയ്ക്ക് നേരെ ക്രൂരമായ ഗാർഹിക പീഡനം നടന്നിരുന്നതായി മേജർ ഹർഷിത് ആരോപിച്ചു. ജനിക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ച് മോശം ആരോപണങ്ങൾ ഉന്നയിക്കുകയും മാനസികമായി തളർത്തി ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ട്വിഷയുടെ ഗർഭച്ഛിദ്രം നടന്നത്. പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ ഓഹരികളും നിക്ഷേപങ്ങളും തന്റെയും വീട്ടുകാരുടെയും പേരിലേക്ക് മാറ്റാൻ സമർത്ഥ് സമ്മർദ്ദം ചെലുത്തിയിരുന്നതായും പരാതിയിലുണ്ട്.


ട്വിഷയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. യുവതി സ്വയം ജീവനൊടുക്കിയതാണെങ്കിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും മുമ്പുണ്ടായ മുറിവുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്കായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ലാബിലേക്ക് അയച്ചു. ഡിഎൻഎ പരിശോധനയ്ക്കായി നഖത്തിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.


വിരമിച്ച ജഡ്ജിയാണ് ട്വിഷയുടെ ഭർതൃമാതാവ്. ഈ സാഹചര്യത്തിൽ ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ ആശങ്ക . ഭർതൃവീട് ഉടൻ സീൽ ചെയ്യണമെന്നും കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തണമെന്നും കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, DOMESTIC ABUSE, DEOMESTIC VIOLENCE, BHOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY