സൂറത്ത്: സുഹൃത്തുക്കൾക്ക് കടം നൽകിയ പണം തിരികെ ലഭിക്കാത്തതിന്റെ മാനസിക സംഘർഷത്തിൽ വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സൂറത്തിലെ സാർത്ഥാനയിൽ താമസിച്ചിരുന്ന എംബ്രോയിഡറി വ്യവസായിയായ രാജേശ് ഭായ് കുഞ്ചാടിയയാണ് ജൂലായ് 30ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.
17.32 ലക്ഷം രൂപയാണ് ഇയാൾ സുഹൃത്തുക്കൾക്ക് കടം നൽകിയത്. രാജേശിന്റെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്തിൽ നിന്ന് നിരന്തര ഭീഷണിയും മാനസിക പീഡനവും നേരിട്ടതായി പറയുന്നുണ്ട്. സുഹൃത്തുക്കളായ ഘൻഷ്യാം അഹിർ, നികിത് (റിക്കി), ദാധി അഹിർ എന്നിവരുടെ പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ജുനാഗഡ് സ്വദേശിയായ രാജേശ് ഭായ് ഭാര്യയ്‌ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് സൂറത്തിൽ താമസിച്ചിരുന്നത്. ബിസിനസിൽ നഷ്‌ടം നേരിട്ടതിനെ തുടർന്ന് എംബ്രോയിഡറി മെഷീനുകൾ വിറ്റ് കിട്ടിയ 14 ലക്ഷം രൂപയാണ് ഘൻശ്യാം അഹിറിന് കടം നൽകിയത്. കാനഡയിലേക്ക് പോകാനെന്ന് പറഞ്ഞാണ് ഇയാൾ രാജേശിൽനിന്ന് പണം വാങ്ങിയത്.
ഘൻശ്യാമിന്റെ നിർബന്ധത്തിന് വഴങ്ങി ആറു ബാങ്കുകളിലായി അക്കൗണ്ടുകളും തന്റെ പേരിൽ രാജേശ് ആരംഭിച്ചിരുന്നു. എന്നാൽ, ഘൻശ്യാം ഈ അക്കൗണ്ടുകൾ സൈബർ തട്ടിപ്പിന് ഉപയോഗിക്കുകയാണെന്ന് കണ്ടെത്തിയതോടെ രാജേശ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെ രാജേശിനെ സൈബർ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഇതുകൂടാതെ നികിത്തിന് രണ്ട് ലക്ഷം രൂപയും ദാധി അഹിറിന് 1.32 ലക്ഷം രൂപയും രാജേശ് കടം നൽകിയിരുന്നു. പണം തിരികെ നൽകുന്നതിന് പകരം മൂന്ന് പേരും ചേർന്ന് രാജേശിനെ നിരന്തരം അപമാനിക്കുകയായിരുന്നു. പണമില്ലെങ്കിൽ പോയി ചാകണമെന്ന് സുഹൃത്തുക്കൾ രാജേശിനോട് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
ജൂലായ് 30ന് ആത്മഹത്യാക്കുറിപ്പെഴുതി വാഹനത്തിൽ സൂക്ഷിച്ച ശേഷമാണ് രാജേശ് വിഷം കഴിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആത്മഹത്യാക്കുറിപ്പും ബന്ധുക്കളുടെ മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചശേഷമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തത്.
Surat businessman Rajeshbhai Kunjadiya died by suicide allegedly due to harassment by three friends who owed him Rs 17.32 lakh. Police arrested the accused after his suicide note named them.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |