
ഹൈദരാബാദ്: ഹൈദരാബാദിൽ പ്രമുഖ പബ്ബ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പിടികൂടി വനിതാ പൊലീസ് ഓഫീസര്‍. സൈബരാബാദിലെ കൂക്കട്ട്പള്ളി ഡിസിപി റിതി രാജാണ് പബ്ബിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളും നിയമലംഘനങ്ങളും മിന്നല്‍ പരിശോധനയിലൂടെ പുറത്തുകൊണ്ടുവന്നത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 2018 ബാച്ച് തെലങ്കാന കേഡര്‍ ഓഫീസറായ ഡിസിപി റിതി രാജ് നേതൃത്വം നൽകുന്ന സംഘം 'ക്ലബ്ബ് മസ്തി' എന്നറിയപ്പെടുന്ന കിംഗ്‌സ് ആന്‍ഡ് ക്വീന്‍സ് പബ്ബില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്. വേഷം മാറിയാണ് റിതി രാജും സംഘവും പബ്ബിലെത്തിയത്. പബ്ബിനുള്ളില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. റെയ്ഡിൽ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് പേരെ പൊലീസ് പിടികൂടി.
പൊലീസ് പറയുന്നതനുസരിച്ച് പബ്ബ് പെണ്‍വാണിഭവും അനാശാസ്യ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നു. മദ്യം വിളമ്പുന്ന സ്ഥലത്ത് പ്രായപൂർത്തിയാകാത്തവർ പ്രവേശിക്കുന്നത് തടയുന്നതിനുള്ള സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൽ മാനേജ്മെന്റ് പരാജയപ്പെട്ടുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പുരുഷന്മാരെ ആകര്‍ഷിക്കാനും അവരുടെ പക്കല്‍ നിന്നും അമിതമായി പണം ഈടാക്കാനും സ്ത്രീകളെ ഇവിടെ ദുരുപയോഗം ചെയ്തിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു നല്‍കുന്നതിനടക്കം മാനേജ്മെന്റ് കൂട്ടുനിന്നതായാണ് കണ്ടെത്തൽ. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിതി രാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തന്ത്രപരമായ ഇടപെടലാണ് സംഭവം പുറത്തുകൊണ്ടുവന്നത്.
പ്രശസ്തമായ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയ റിതി രാജ് 2018ലാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേരുന്നത്. സൈബര്‍ ക്രൈം വിഭാഗത്തിലും സൈബരാബാദിലെ മാധാപൂര്‍ സോണിലും ഉള്‍പ്പെടെ പ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ഇവര്‍ കൂക്കട്ട്പള്ളി ഡിസിപിയായി ചുമതലയേറ്റത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ഭാഗീരഥ് സായിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നതും റിതി രാജാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |