
ബംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ ലിവിംഗ് പങ്കാളി കഴുത്തറുത്തു കൊലപ്പെടുത്തി. സിക്കിം സ്വദേശിനി അതി ഹാംഗ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും ഡാർജിലിംഗ് സ്വദേശിയുമായ പുർബ ലെപ്‌ചയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ ഡൊഡകന്നഹള്ളിയിലെ വാടകവീട്ടിൽ ഇന്ന് രാവിലെയായിരുന്നു ദാരുണ സംഭവം.
ഇരുവരും തമ്മിലുണ്ടായ കടുത്ത വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന പുർബ ലെപ്‌ചയുടെ സംശയമാണ് തർക്കത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. വാക്കുതർക്കം മൂർച്ഛിച്ചതിനെത്തുടർന്ന് പുർബ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി എടുത്ത് അതി ഹാംഗ്മയുടെ കഴുത്തറുക്കുകയായിരുന്നു. രക്തം വാർന്ന് സംഭവസ്ഥലത്തുതന്നെ യുവതി മരിച്ചു.
കൊല്ലപ്പെട്ട അതി ഹാംഗ്മ സുബ്ബ ബംഗളൂരുവിലെ ഒരു ബ്യൂട്ടി സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. പ്രതിയായ പുർബ ലെപ്‌ച ഒരു ഹോട്ടലിലെ വെയിറ്ററാണ്. പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപാണ് ജോലി ആവശ്യങ്ങൾക്കായി ബംഗളൂരുവിൽ എത്തിയത്. സംഭവത്തിൽ ബെല്ലന്തൂർ പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |