SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

വണ്ടിപ്പെരിയാർ ജിനു വധക്കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്

accused

തൊടുപുഴ: വണ്ടിപ്പെരിയാർ മ്ലാമലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മ്ലാമല പുതുവൽ ഭാഗത്ത് മുളങ്ങാശ്ശേരിൽ വീട്ടിൽ തോമസിന്റെ മകൻ ജിനുവിനെ (21) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അനീഷ് (അനിയാച്ചൻ- 41), രണ്ടാം പ്രതി മജീഷ് മോഹനൻ (46), മൂന്നാം പ്രതി ജോബിൻ ആന്റണി (എബിൻ- 40) എന്നിവരെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി- 3 ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. ജിനുവിന്റെ സഹോദരൻ സിബിച്ചനെ വധിക്കാൻ ശ്രമിച്ചതിന് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. 2020 ജൂലായ് 11ന് രാത്രി 11.45ന് മ്ലാമല പുതുവൽ ഭാഗത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻവൈരാഗ്യത്തിന്റെ പേരിൽ സിബിച്ചനെ പ്രതികൾ തടഞ്ഞു നിറുത്തി മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ജിനുവിനെ ഒന്നാം പ്രതി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച സിബിച്ചനെയും പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ സിബിച്ചന്റെയും ദൃക്സാക്ഷികളുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും വിധിയിൽ നിർണ്ണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ഏബിൾ സി. കുര്യൻ, അഡ്വ. ജോണി അലക്സ് എന്നിവർ ഹാജരായി. വണ്ടിപ്പെരിയാർ മുൻ എസ്.എച്ച്.ഒ ടി.എസ്. ശിവകുമാറാണ് കേസ് അന്വേഷിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY