SignIn
Kerala Kaumudi Online
Thursday, 04 June 2026 5.28 AM IST

നിസാരനല്ല, പൊലീസ് തേടുന്ന അക്ബർ

crime

പെൺകുട്ടികളെ തെരുവിൽ തല്ലിച്ചതച്ച സംഭവം

കൊച്ചി: അശ്ലീല ആംഗ്യം കാട്ടുകയും കമന്റടിക്കുകയും ചെയ്തത് ചോദ്യം ചെയ്ത ഉദ്യോഗാർത്ഥികളെ ക്രൂരമായി ആക്രമിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന മുഖ്യപ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി അക്ബർ നിസാരക്കാരനല്ല. പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കിയ ശേഷം ലഹരി നൽകി അനാശാസ്യ കേന്ദ്രങ്ങളിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. 2025 ജൂലായിൽ കടവന്ത്ര പൊലീസിന്റെ പിടിയിലായപ്പോഴാണ് 35കാരനായ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നത്.

എറണാകുളം സൗത്തിൽ ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികളെ ചൂഷണം ചെയ്ത് അനാശാസ്യ കേന്ദ്രം നടത്തിവന്ന സംഭവത്തിൽ അക്ബറും രണ്ട് കൂട്ടാളികളും ഇടപാടുകാരനുമടക്കം നാലുപേർ അന്ന് പിടിയിലായിരുന്നു. എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് സംഘം കുടുങ്ങിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഇടപ്പള്ളിയിൽ ഇത്തരത്തിൽ അനാശാസ്യ കേന്ദ്രമുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പരിശോധനയിൽ ഇടപ്പള്ളിയിൽ നിന്ന് അക്ബറിനെ അറസ്റ്റ് ചെയ്തു.

ഇവിടെ സ്ത്രീകൾ ആരും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം മറ്റൊരു കേന്ദ്രം കൂടി ഉണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. തുടർന്ന് വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷപ്പെടുത്തിയത്. നഗരത്തിലെ ചില വിദ്യാർത്ഥിനികളും ഐ.ടി പ്രൊഫഷണലുകളും അക്ബറിന്റെ റാക്കറ്റിൽ കുടുങ്ങിയതായി അന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓൺലൈൻ സൈറ്റുകളിൽ നമ്പർ നൽകിയായിരുന്നു പ്രവർത്തനം. അന്ന് പിടിയിലായ കൂട്ടുപ്രതിയുടെ മൊബൈൽ നമ്പറായിരുന്നു സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇടപാടുകാർ ഈ നമ്പറിൽ ബന്ധപ്പെടുമ്പോൾ വീടിന്റെ ലൊക്കേഷൻ അവർക്ക് അയച്ചുകൊടുക്കും. അക്ബറിന്റെ ബാങ്ക് അക്കൗണ്ട് ക്യു.ആർ കോഡ് ഇടപാടുകാർക്ക് അയച്ചു കൊടുത്തോ, അല്ലെങ്കിൽ നേരിട്ടോ പണം വാങ്ങും.

കൊച്ചിയിൽ നൂറിലധികം കേന്ദ്രങ്ങൾ

3000 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇതിൽ 1000 രൂപ മുതൽ 1500 രൂപ വരെയാണ് കേന്ദ്രത്തിലെ പെൺകുട്ടികൾക്കു കൊടുക്കുക. ബാക്കി കമ്മിഷനായി അക്ബർ കൈക്കലാക്കും. അനാശാസ്യ കേന്ദ്രത്തിലൂടെ അക്ബർ ലക്ഷങ്ങൾ സമ്പാദിച്ചതായും പൊലീസ് കണ്ടെത്തി. അനധികൃത മസാജ് കേന്ദ്രങ്ങളുടെ മറവിലും നഗരത്തിൽ ഇത്തരം പ്രവർത്തനങ്ങൾ വ്യാപകമാണ്. കൊച്ചിയിൽ മാത്രം നൂറിലധികം കേന്ദ്രങ്ങളുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY