കൊച്ചി:നെടുമ്പാശേരിയിൽ ഇരുചക്രവാഹനത്തിൽ ട്രിപ്പിൾസ് അടിക്കുന്നതിന്റെ ഫോട്ടോ എടുത്ത പൊലീസുകാരന് യുവാക്കളുടെ മർദ്ദനം. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനാണ് മർദ്ദനമേറ്റത്.
മുഖ്യമന്ത്രി കടന്നുപോകുന്ന സമയത്ത് മൂവരും ഒരുബൈക്കിൽ പലതവണ ചുറ്റിക്കറ്റങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരൻ ഇതിന്റെ ഫോട്ടോയെടുത്തു. ഫോൺ തട്ടിപ്പറിച്ച യുവാക്കൾ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു.തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കപ്രശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖിൽ എന്നിവരെ നെടുമ്പാശേരി പൊലീസാണ് പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ യുവതികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച യുവാവിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി തങ്കമണി സ്വദേശി ജസ്റ്റിൻ കുര്യൻ (28) ആണ് പിടിയിലായത്.ഇന്നലെ പുലർച്ചെ 1.30ഓടെ കലൂർ ജംഗ്‌ഷനിലായിരുന്നു സംഭവം. നാല് യുവതികളെ ശല്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് എറണാകുളം വെസ്റ്റ് സബ്‌ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന ഫോർട്ട് കൊച്ചി ഇൻസ്പെക്‌ടർ കെ സി രതീഷും സംഘവും സ്ഥലത്തെത്തി. പൊലീസ് സംഘത്തെ കണ്ടതോടെ ജസ്റ്റിൻ അസഭ്യം പറയുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ചവിട്ടുകയും ചെയ്‌തു. ഇതിനിടെ കെ സി രതീഷിന്റെ ഇടത് കൈയിലെ തള്ള വിരലിലും ചൂണ്ടു വിരലിലും യുവാവ് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
സ്ത്രീകൾക്കെതിരായ അതിക്രമം, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നിയതിനാൽ പൊലീസ് പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
Two policemen in Kochi were assaulted in separate incidents. In Nedumbassery, three youths attacked an officer who photographed them triple-riding during the Chief Minister's security detail. Separately, in Kaloor, a youth harassing women assaulted and bit an inspector investigating the complaint. Both sets of assailants have been arrested by local police and charged.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |