
ഹരിപ്പാട് : ഡാണാപ്പടിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നടക്കുന്നതായി പരാതി. കൽപ്പണി മുതൽ തെങ്ങുകയറ്റം വരെയുള്ള ജോലികൾ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ ഭക്ഷണം കൊണ്ടുപോകുന്ന സഞ്ചികളിലാക്കിയാണ് പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായെത്തിക്കുന്നതെന്ന് പറയപ്പെടുന്നു.
സൈക്കിളിൽ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്നും വിൽപ്പനയുണ്ട്. ധാരാളം അന്യസംസ്ഥാന തൊഴിലാളികളാണ് ഡാണാപ്പടി കേന്ദ്രീകരിച്ച് മുറികളിൽ താമസിച്ച് വിവിധ ജോലികൾ ചെയ്തുവരുന്നത്. നാട്ടുകാരായ യുവാക്കൾക്കിടയിലും ഇവർ ലഹരിവിൽപ്പന നടത്തുന്നുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് പരിശോധന ശക്തമാക്കിയതോടെ പുകയില ഉത്പന്നങ്ങൾ ലഭിക്കുന്നത് കുറഞ്ഞതോടെയാണ് അന്യസംസ്ഥാന തൊഴിലാളികൾ ഇവയുടെ വിൽപ്പനയുമായി രംഗത്തെത്തിയത്. നാട്ടിൽ പോയിട്ട് വരുമ്പോൾ ശേഖരിച്ചു കൊണ്ടുവരുന്ന പുകയില ഉത്പന്നങ്ങളാണ് ഇവർ വിൽക്കുന്നത്.
കൊണ്ടുവരുന്നത് ഭക്ഷണത്തിന്റെ മറവിൽ
ഡാണാപ്പടിയിലും പരിസരങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികളിൽ നിരീക്ഷണം ശക്തമാക്കണം
ഇവരുടെ താമസകേന്ദ്രങ്ങളിൽ മിന്നൽപരിശോധനകൾ നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു
ഭക്ഷണമടങ്ങിയ സഞ്ചികളിൽ പുകയില ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല
ഡാണാപ്പടി പ്രദേശം അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ടു നിറഞ്ഞ് ഒരു ചെറിയ പെരുമ്പാവൂർ മോഡൽ ആകുന്നുണ്ട്. ഇവർ ജോലി ചെയ്യുന്നതിൽ ആക്ഷേപമില്ല. പക്ഷേ അതിന്റെ മറവിൽ നടക്കുന്ന ലഹരിക്കച്ചവടത്തിന് അറുതിവരുത്തണം
- പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |