കിളിമാനൂർ: മകളെ വിവാഹം കഴിപ്പിച്ച് നൽകാത്തതിന് ഗുണ്ടയും കൂട്ടാളികളും ഗൃഹനാഥനെയും മകനെയും ആൾതാമസമില്ലാത്ത വീട്ടിൽ വിളിച്ചുവരുത്തി അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ (51) മകൻ അച്ചു (20) എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റത്. സംഭവശേഷം രക്ഷപ്പെട്ട പ്രതികളായ ആരോമൽ, ലാൽകൃഷ്ണൻ, അരുൺ എന്നിവരാണ് പിടിയിലായിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ വെള്ളല്ലൂർ പുളിയറക്കോണം വീട്ടിൽ സുധീഷ് ഒളിവിൽ തുടരുകയാണ്.
പ്രതികൾ വേഷമാറി കൊല്ലം ജില്ലയിലെ പല ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ചിതറ പൊലീസാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പ്രതികളെ ഏറ്റുവാങ്ങുന്നതിനായി വർക്കല പൊലീസ് തിരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
രണ്ടു വർഷം മുമ്പ് അനിൽകുമാറിന്റെ മകളെ വിവാഹം ആലോചിച്ച് സുധീഷ് എത്തിയിരുന്നു. എന്നാൽ സുധീഷിന്റെ ക്രിമിനൽ പശ്ചാത്തലം മനസിലാക്കിയ കുടുംബം വിവാഹത്തിന് തയ്യാറായില്ല. സ്വന്തം പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിനുൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്. മദ്യപിച്ച് അടിപിടിയും പതിവാണ്. കൊല്ലം കുമ്മിൾ സ്വദേശിയായ ഇയാൾ അമ്മയുമായി പിണങ്ങി അമ്മൂമ്മയ്ക്കൊപ്പം വെള്ളല്ലൂരിൽ കഴിയുകയാണ്. മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹ നിശ്ചയം അടുത്തമാസം നടക്കുമെന്നറിഞ്ഞ സുധീഷ് പകവീട്ടാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.
ജൂലായ് 16നാണ് സംഭവം നടന്നത്. മേസ്തിരി പണിക്കാരനായ അനിൽകുമാറിനെ ഷംനാദ് എന്ന് പരിചയപ്പെടുത്തി ഒരാൾ ഫോണിൽ വിളിച്ച് വെള്ളല്ലൂരുള്ള വീട്ടിൽ ജോലിയുണ്ടെന്നും എത്തണമെന്നും അറിയിച്ചു. സ്‌കൂട്ടറിൽ എത്തിയ അനിൽകുമാറിനെ വീട്ടിൽ കയറ്റി ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു. തുടർന്ന് ചങ്ങലയിൽ ബന്ധിച്ച് ബോധം മറയുംവരെ മർദ്ദിക്കുകയായിരുന്നു. ശബ്ദം പുറത്ത് വരാതിരിക്കാൻ ഗ്ലാസ് പാളികൾ കൊണ്ടാണ് ഇടിമുറി സജ്ജീകരിച്ചിരുന്നത്.
പിന്നാലെ അനിൽകുമാറിന് അപകടം പറ്റിയെന്ന് മകൻ അച്ചുവിനെ ഫോണിൽ വിളിച്ചറിയിച്ചു. വർക്കലയിലെ വർക്ക് ഷോപ്പിലാണ് അച്ചുവിന് ജോലി. അനിൽകുമാറിന്റെ സ്‌കൂട്ടറിൽ പ്രതികളിലൊരാളെത്തി അച്ചുവിനെ കൂട്ടിക്കൊണ്ടുവന്നു. പിതാവിനെ കണ്ട് നിലവിളിക്കാൻ ശ്രമിച്ചെങ്കിലും വായപൊത്തി മർദ്ദിച്ചു. പ്ലെയർ കൊണ്ട് വിരലുകളിൽ മുറിവേൽപ്പിച്ചടക്കം ക്രൂരമർദ്ദനത്തിനിരയാക്കുകയായിരുന്നു.
Three suspects have been arrested for brutally assaulting a father and son after the family refused a marriage proposal for the daughter. The accused had been hiding in different parts of Kollam in disguise. Police are searching for the main suspect, while the arrested men will be produced before court after medical examination.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |