| ചെന്നിത്തലയിൽ പ്രവാസിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ |
മാന്നാർ: ചെന്നിത്തലയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങളും ലാപ്ടോപ്പും ഉൾപ്പടെ 40 ലക്ഷത്തോളം രുപയുടെ സാധനങ്ങൾ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. ശൂരനാട് ചക്കുവളളി പരപ്പാടി പുത്തൻ വീട്ടിൽ സന്തോഷ് കുമാർ (44), ചവറ ശങ്കരമംഗലം പള്ളത്ത് പടീറ്റേതിൽ ചില്ല് ശ്രീകുമാർ എന്ന ശ്രീകുമാർ (36) എന്നിവരാണ് പിടിയിലായത്. ജനുവരി 30 നായിരുന്നു ചെന്നിത്തല പഞ്ചായത്ത് അഞ്ചാം വാർഡ് പണിക്കരോടത്ത് ജംഗ്ഷന് കിഴക്കുള്ള വലിയവീട്ടിൽ ഷാരോൺ വില്ലയിൽ വി.ഒ ജോസിന്റെ വീട്ടിൽ മോഷണം നടന്നത്.
ആളില്ലാത്ത വീടിന്റെ കതകുകളും അലമാരകളും കുത്തിത്തുറന്ന് 25 പവനോളം വരുന്ന ആഭരണങ്ങൾ, സ്വർണ കൊയിൻ, ഐ പാഡ്, ലാപ്ടോപ്പ്, വാച്ച് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളും, 30000 രൂപ വില വരുന്ന 25 യു.കെ പൗണ്ട് എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. 22 വർഷമായി യു.കെയിൽ ജോലിചെയ്യുന്ന ജോസും കുടുംബവും അവിടെ സ്ഥിര താമസമാണ്. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ നൂറനാട് പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശ്രീകുമാറിൽ നിന്നുമാണ് ചെന്നിത്തലയിലെ മോഷണ വിവരം അറിയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ ശ്രീകുമാറിനെ മാന്നാർ പൊലീസ് ജയിലിലെത്തി അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതിയായ സന്തോഷിനെ പിടികൂടിയത്. ചെങ്ങന്നൂർ ഡി വൈ.എസ്.പി അലക്സ് ബേബിയുടെ നിർദേശപ്രകാരം മാന്നാർ പൊലീസ് എസ്.എച്ച്.ഒ ബിജു എസ്.വി, എസ്.ഐ ഷൈജ ഇ.എസ്, എ.എസ്.ഐ രജിത, സീനിയർ പൊലീസ് ഓഫീസർമാരായ അരുൺ ഭാസ്‌കർ, ഉണ്ണികൃഷ്‌ണപിള്ള, മുഹമ്മദ് ഷെഫീക്ക് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് സന്തോഷിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
..........................
1. ശ്രീകുമാർ
2. സന്തോഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |