SignIn
Kerala Kaumudi Online
Monday, 10 August 2026 2.27 PM IST

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നടപടി; ഒളിവിൽക്കഴി‌ഞ്ഞതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു

READ ENGLISH VERSION
arjun-ayanki
അർജുൻ ആയങ്കിയെ കണ്ണൂർ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം ടൗൺ സ്റ്റേഷനിൽ തിരികെ എത്തിച്ചപ്പോൾ (ഫോട്ടോ: ആഷ്‌ലി ജോസ്)

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയാരംഭിച്ച് പൊലീസ്. ഇതിനായി കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്‌ചയ്ക്കുള്ളിൽതന്നെ ജില്ലാ പൊലീസ് മേധാവി മുഖേനെ ജില്ലാ കളക്‌ടർക്ക് കൈമാറും. റിപ്പോർട്ട് പരിശോധിച്ചതിനുശേഷം കളക്‌ടറാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.

ഇതിനിടെ ഒളിവിൽ കഴിയവേ അർജുൻ നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു. ഓഗസ്റ്റ് അഞ്ചിന് കണ്ണൂരിലെത്തിയ അർജുൻ ആറിന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. സോളാർ ഇൻസ്റ്റലേഷൻ തൊഴിലാളികളും സുഹൃത്തുക്കളുമായ പ്രണവ്, കുട്ടൻ എന്നിവർക്കൊപ്പം തോട്ടട, മട്ടന്നൂർ, ചാലോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാൾ ഒളിവിൽക്കഴിഞ്ഞത്. ആറാം തീയതി രാത്രിയോടെ തളിപ്പറമ്പിലെ ലോഡ്‌ജിലെത്തി അവിടെ താമസിച്ചു. തുടർന്ന് പയ്യന്നൂരിലേയ്ക്ക് കടക്കാൻ ശ്രമിക്കവേയാണ് പൊലീസിന്റെ പിടിയിലായത്.

ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വരെ ആവർത്തിച്ച് വെല്ലുവിളിച്ച അർജുൻ ആയങ്കിയെ ഇന്നലെ പുലർച്ചെ 2.30ന് കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റ് വളഞ്ഞാണ് പൊലീസ് പിടികൂടിയത്. തലശ്ശേരി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

റിസോർട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്തുവെന്ന കേസിൽ 21 ദിവസം കോതമംഗലം പൊലീസ് തന്നെ ജയിലിടച്ച കേസ് പുനഃരന്വേഷിക്കാൻ ഉത്തരവിടണമെന്നും ഇല്ലെങ്കിൽ ബന്ധപ്പെട്ട സബ് ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചായിരുന്നു അർജുൻ പോസ്റ്റിട്ടത്. ആഭ്യന്തരവകുപ്പ് മന്ത്രിയെ അപകീർത്തിപ്പെടുത്തുകയും ജനസമാധാനം തകർക്കുന്ന തരത്തിൽ പ്രകോപനം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

English Summary

Police have initiated proceedings to charge Arjun Ayanki under the Kerala Anti-Social Activities Prevention Act (KAAPA) after his arrest for threatening Home Minister Ramesh Chennithala. A case history report will be submitted to the District Collector for a final decision. Ayanki was apprehended from an advocate's apartment in Kannur following a period of evasion and has been remanded for 14 days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN AYANKI, KAAPA, KAAPA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY