കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ വെളിപ്പെടുത്തൽ. മത്സ്യത്തൊഴിലാളിയായ പുതിയങ്ങാടി സ്വദേശി സക്കീറാണ് (49) വെളിപ്പെടുത്തൽ നടത്തിയത്. പിന്നാലെ ഇയാളെയും കൂട്ടി പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്. മരിച്ചെന്ന് കരുതിയ യുവതിക്ക് ജീവനുണ്ടെന്ന് മനസിലായതോടെ പരിസരവാസികളും നാട്ടുകാരും ചേർന്ന് യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. പിന്നാലെ കൊലപാതകശ്രമത്തിന് സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. ഭാര്യ നസീലയെ(48) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് കഴിഞ്ഞദിവസം രാത്രി 11.20നാണ് സക്കീർ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിന്റെ വാക്കുകൾ ആദ്യം പൊലീസ് വിശ്വാസത്തിലെടുത്തില്ലെങ്കിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് യുവതിക്ക് ജീവനുണ്ടെന്ന് മനസിലായത്.
യുവതിയെ ഉടൻതന്നെ ഗവൺമെന്റ് ബീച്ച് ആശുപത്രിയിലും പിന്നീട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. യുവാവിന്റെ ഉപദ്രവത്തിൽ കഴുത്തിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും അപകടാവസ്ഥ തരണം ചെയ്‌തെന്നും പൊലീസ് അറിയിച്ചു. കുടുംബവഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജയിലിലേക്ക് മാറ്റി.
A 49-year-old man in Kozhikode confessed to police that he had killed his wife. However, officers found her alive at their home and rushed her to the hospital, where she survived. The man was arrested and charged with attempted murder.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |