
കൊച്ചി: വനിതാ ഹോസ്റ്റലിൽ നിന്ന് രാത്രി സമീപത്തെ ചായക്കടയിലേക്ക് നടന്നുപോകുകയായിരുന്ന യുവതികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ ജെന്റ്സ് ഹോസ്റ്റലിൽ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ‘പൊക്കി’യുവതികൾ.
എറണാകുളം അയ്യപ്പൻകാവ് പവത്തിൽ റോഡിൽ ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു ‘പ്രദർശനം’. സമീപത്തെ ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന പാലക്കാട്, ആലപ്പുഴ, കണ്ണൂർ സ്വദേശികളായ മൂന്ന് വിദ്യാർത്ഥിനികളാണ് അയ്യപ്പൻകാവ് ഭാഗത്തേക്ക് നടന്ന് പോയത്. ഈ സമയം യുവതികളെ പിന്തുടർന്നെത്തിയ യുവാവ് പെട്ടെന്ന് മുന്നിലേക്കെത്തി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവതികൾ ബഹളം കൂട്ടിയതോടെ ആൾ സ്ഥലം വിട്ടു.
തുണച്ചത് സി.സി ടിവി
നോർത്ത് പൊലീസിൽ പരാതി നൽകിയ യുവതികൾ സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണമാണ് തുമ്പായത്. പവത്തിൽ റെസിഡന്റ്സ് അസോസിയേഷന്റെ സഹായത്തോടെ റോഡിലെ സി.സി ടിവി ക്യാമറ പരിശോധിച്ചപ്പോൾ യുവതികളെ പ്രതി പിന്തുടരുന്ന ദൃശ്യം കിട്ടി. ഇതിന് തലേദിവസവും യുവതികളെ ഇയാൾ പിന്തുടരുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. യുവാവ് മുൻകൂട്ടി ആസൂത്രണം ചെയ്താണ് നഗ്നത പ്രദർശിപ്പിച്ചതെന്ന് ഇതോടെ വ്യക്തമായി. മൊബൈൽ ഫോണിൽ സംസാരിക്കുന്നുവെന്ന വ്യാജേനയാണ് യുവതികളെ പിന്തുടർന്നത്.
ജെന്റ്സ് ഹോസ്റ്റൽ അന്തേവാസി
സിറ്റിസൺ റോഡിലെ ജെന്റ്സ് ഹോസ്റ്റലിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടപ്പാറ അനൂപാണ് (34) ദൃശ്യത്തിലെ യുവാവെന്ന് തിരിച്ചറിഞ്ഞു. നഗ്നതാപ്രദർശനത്തിന് ശേഷം സ്ഥലം വിട്ട യുവാവ് തിരിച്ചെത്തിയതറിഞ്ഞ് യുവതികളും ആൺ സുഹൃത്തുക്കളും ചേർന്ന് തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ കയറി ഇയാളെ തൂക്കിയെടുത്തു. നാട്ടുകാരും യുവാക്കളും ചേർന്ന് കൈകാര്യം ചെയ്ത ശേഷമാണ് നോർത്ത് പൊലീസിന് കൈമാറിയത്. രാത്രി അയ്യപ്പൻകാവ് ഭാഗത്ത് എത്തിയ പൊലീസ് ജനക്കൂട്ടം കൂടുതൽ അക്രമാസക്തമാകുന്നത് തടയാൻ യുവതിയുടെ സുഹൃത്തുക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന സെമിത്തേരിമുക്ക് സ്വദേശിയെ മുൻകരുതൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. അനൂപിനെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്റ്റേഷനിൽ എത്തിച്ചത്.
Three female students from a ladies' hostel in Ernakulam apprehended a man who exposed himself to them. The incident occurred Saturday night in Ayyappankavu. Using CCTV footage, the women and their friends identified Anoop, 34, from his gents' hostel. They handed him over to North Police after confronting him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |