കാസർകോട്: മൊഗ്രാലിൽ യുവാവിനെ തടഞ്ഞുനിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊല്ലാൻ ശ്രമം. കൊപ്പളം സ്വദേശി അബ്‌ദുൾ ഗഫൂറാണ് ആക്രമിക്കപ്പെട്ടത്. സ്‌ത്രീ അടക്കമുള്ള നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. നിർമ്മാണ മേൽനോട്ടക്കാരാനായ അബ്‌ദുൾ ഗഫൂർ ഇവർക്ക് പണം നൽകാനുണ്ടെന്ന കാരണത്താലാണ് ആക്രമിച്ചത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെ റെയിൽവേ അടിപ്പാതയ്‌ക്ക് താഴെ പതുങ്ങിയിരുന്നാണ് പ്രതികൾ ആക്രമണം നടത്തിയത്. പതിവുപോലെ ജോലിക്കുപോകാനിറങ്ങിയതായിരുന്നു അബ്‌ദുൾ ഗഫൂർ. ഈ സമയം പിന്നിൽനിന്നെത്തിയ മൂന്ന് പേർ ചേർന്ന് ഇയാളുടെ കൈ പിറകിലേക്ക് പിടിച്ചുവക്കുകയും കൂട്ടത്തിലുണ്ടായിരുന്ന സ്‌ത്രീ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
തനിക്കൊപ്പം നിർമ്മാണ മേഖലയിൽ പണിയെടുത്തിരുന്ന തമിഴ്‌നാട് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് അബ്‌ദുൾ ഗഫൂർ പറയുന്നു. ഇവർക്ക് ജോലിയുടെ ഭാഗമായി 3000 രൂപ ഇയാൾ കൊടുക്കാനുണ്ട്. എഞ്ചിനീറിൽനിന്ന് ലഭിക്കാനുള്ള 10000 രൂപ കിട്ടിയാലുടൻ ഈ പണം നൽകാമെന്ന് പറഞ്ഞിരുട്ടും അതംഗീകരിക്കാൻ തയ്യാറാകാതെയാണ് നാലംഗസംഘം ആക്രമണം നടത്തിയതെന്ന് അബ്‌ദുൾ ഗഫൂർ കൂട്ടിച്ചേർത്തു.
ഗുരുതരമായി പൊള്ളലേറ്റ അബദുൾ ഗഫൂർ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്‌തെങ്കിലും മെച്ചപ്പെട്ട ചികിത്സയ്‌ക്കായി കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് അബ്‌ദുൾ ഗഫൂറിനെ മാറ്റുമെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |