SignIn
Kerala Kaumudi Online
Friday, 31 July 2026 12.11 PM IST

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി; പഠനത്തിനുശേഷം ഉടൻ അമേരിക്ക വിടേണ്ടി വരും

trump
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ന്യൂഡൽഹി: അമേരിക്കയിലേയ്ക്ക് ചേക്കേറുന്ന മിക്കവാറും യുവാക്കളുടെയും മനസിൽ യുഎസ് ബിരുദവും അതിനുശേഷം അമേരിക്കയിലെ ജോലിയുമായിരിക്കുമുള്ളത്. ഈ സ്വപ്നത്തിന് തിരിച്ചടിയാവുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കം. പഠനത്തിനുശേഷം യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ ബിരുദധാരികൾക്ക് 100,000 യുഎസ് ഡോളർ (95,34,260 രൂപ) ഫീസ് ചുമത്താനുള്ള നിർദ്ദേശം ട്രംപ് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

സർക്കാർ അനുമതിയില്ലാതെ വിദേശ വിദ്യാർത്ഥികൾക്ക് എത്ര കാലം രാജ്യത്ത് തുടരാം എന്നതിന് പരിധി നിശ്ചയിച്ചുകൊണ്ട് വിദ്യാർത്ഥി വിസ നിയമങ്ങൾ ട്രംപ് സർക്കാർ കർശനമാക്കുകയും ചെയ്യുന്നു. പഠനശേഷം യുഎസിൽ ജോലി ചെയ്യാനാഗ്രഹിക്കുന്നവർ അടയ്ക്കേണ്ട ഫീസ് ഓപ്‌ഷണൽ പ്രാക്‌ടിക്കൽ ട്രെയിനിംഗ് (ഒപിടി) എന്ന പദ്ധതിയിലേക്കാണ് പോകുന്നത്. വിദ്യാർത്ഥി പഠിക്കുന്ന കോളേജിനും അമേരിക്കയിലെ ആദ്യ ജോലിക്കുമിടയിലെ പാലമായി ഇത് കണക്കാക്കാം.

നിലവിൽ എഫ് 1 വിസയിൽ അമേരിക്കയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനശേഷം നിശ്ചിത മേഖലയിൽ ഒരുവർഷം വരെ ജോലി ചെയ്യാൻ അവസരമുണ്ട്. സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് കോഴ്‌സുകൾ ചെയ്യുന്നവർക്ക് മൂന്നുവർഷം വരെ അമേരിക്കയിൽ തുടർന്ന് ജോലി ചെയ്യാം. ഇത് ബിരുദധാരികൾക്ക് തൊഴിൽ പരിചയം നേടാനും കരിയർ കെട്ടിപ്പടുക്കാനും എച്ച് 1 ബി വർക്ക് വിസയിലേയ്ക്ക് മാറാനും സഹായകരമാവുന്നു. ഇതിന്മേലാണ് കനത്ത തുക ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ ഇത് സംബന്ധിച്ച് ച‌ർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായില്ലെന്നും അധികൃതർ അറിയിച്ചു.

ഒരുലക്ഷം ഡോളർ ഫീസ് കമ്പനികളാണ് ചുമത്തേണ്ടി വരികയെങ്കിൽ പലരും വിദേശികളെ തഴയുകയും പൗരന്മാർക്കുതന്നെ ജോലി നൽകുകയും ചെയ്യുമെന്നതാണ് ആശങ്ക. വിദ്യാർത്ഥികളാണ് ഫീസ് അ‌ടയ്ക്കേണ്ടതെങ്കിൽ പലർക്കും ഇത് താങ്ങാനാവുന്നതിലും അധികമായിരിക്കും.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് എത്ര കാലം രാജ്യത്ത് തുടരാം എന്നതിൽ മാറ്റം വരുത്തുന്ന നിയമത്തിനും അമേരിക്കൻ സർക്കാർ അന്തിമരൂപം നൽകിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി 'സ്റ്റാറ്റസ് കാലയളവ്' എന്ന സംവിധാനത്തിന് കീഴിലാണ് വിദ്യാർത്ഥികൾ അമേരിക്കയിൽ പ്രവേശിച്ചിരുന്നത്. ഒരു മുഴുവൻസമയ വിദ്യാർത്ഥിയായി തുടരുകയും വിസ നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നിടത്തോളംകാലം വിദേശ വിദ്യാർത്ഥിക്ക് ഈ സംവിധാന പ്രകാരം അമേരിക്കയിൽ തുടരാമായിരുന്നു. താമസത്തിന് നിശ്ചിത അവസാന തീയതി ഉണ്ടായിരുന്നില്ല. ഈ സംവിധാനത്തിനാണ് പുതിയ നിയമത്തോടെ അവസാനമാകുന്നത്.

പുതിയ നിയന്ത്രണത്തിന് കീഴിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നാല് വർഷം വരെയായിരിക്കും അമേരിക്കയിൽ തുടരാൻ അനുമതി ലഭിക്കുക. പഠനത്തിന് കൂടുതൽ സമയം ആവശ്യമായി വരികയാണെങ്കിൽ സ്വയമേവ രാജ്യത്ത് തുടരാൻ അനുവാദമില്ല. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ ഇതിനായി അപേക്ഷ നൽകണം. യുഎസിൽ ജോലി ചെയ്യുന്ന നിരവധി എക്സ്ചേഞ്ച് സന്ദർശകർക്കും വിദേശ പത്രപ്രവർത്തകർക്കും ഇതേ നിയമം ബാധകമാകും.

അമേരിക്കയുടെ പുതിയ നീക്കങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയായിരിക്കും നൽകുക. അമേരിക്കയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി ഗ്രൂപ്പുകളിൽ ഒന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. നിലവിൽ 3.3 ലക്ഷത്തിലധികം പേരാണ് ഇതിൽ ഉൾപ്പെടുന്നത്.

English Summary

The Trump administration is reportedly considering a $100,000 fee for foreign graduates seeking to work in the U.S. through the OPT program after graduation. It is also proposing stricter student visa rules, including a four-year stay limit for international students. These changes could significantly affect Indian students planning to study and work in the U.S.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP STUDENT VISA, US OPT FEE, DONALD TRUMP, AMERICAN STUDENT VISA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360