SignIn
Kerala Kaumudi Online
Sunday, 20 September 2026 5.04 AM IST

'പാരീസ് കഫേ' ഹാർട്ട് ബീറ്റ്

anumol

'പാരീസ് കഫേ". 'ഹാർട്ട് ബീറ്റ് സീസൺ 3' ഹോട്‌സ്റ്റാറിൽ. ഒന്നിന് പിറകെ ഒന്നായി സിനിമകൾ. തമിഴകം അനുമോളെ ചേർത്തുപിടിക്കുന്നു. തമിഴ് നായികമാർ കൊതിക്കുന്ന അവസരങ്ങൾ വന്നുചേർന്നതിന്റെ ആഹ്ളാദത്തിൽ അനുമോൾ സംസാരിച്ചു.

പാരീസ് കഫേ,​ ഹാർട്ട് ബീറ്റ് സീസൺ 3. തമിഴിൽ സജീവമാണ് അല്ലേ ?​

കൂടുതൽ പ്രോജക്ടുകൾ വരുന്നത് തമിഴിൽ നിന്നാണ്. മൂന്നു വർഷമായി ഹാർട്ട് ബീറ്റ് ചെയ്യുന്നു . ഈ വർഷം നാലഞ്ചു തമിഴ് സിനിമകൾ ചെയ്യുന്നുണ്ട്. വിളിക്കുന്ന സിനിമകളുടെ ഭാഗമാകുന്നു. നല്ല കഥാപാത്രങ്ങളും വിളികൾ വരുന്നതും പ്രേക്ഷകരുടെ സ്നേഹവും ബഹുമാനവും ലഭിക്കുന്നതും തമിഴിൽ നിന്നാണ്. മികച്ച കഥാപാത്രങ്ങൾ വരുന്നതാണ് ഏറ്റവും വലിയ സന്തോഷം. വിജയ് ആന്റണി നായകനായ ലോയർ ആണ് അടുത്ത റിലീസ്. ബോളിവുഡ് നടി രവീണ ടണ്ടൻ ആണ് മറ്റൊരു പ്രധാന താരം. നല്ല കഥാപാത്രം വന്നാൽ ഉടൻ തന്നെ അടുത്ത മലയാള സിനിമ ചെയ്യും.

ഹാർട്ട് ബീറ്റിലെ ഡോ. രതി ത്യാഗരാജൻ സിനിമയിലെ കഥാപാത്രത്തേക്കാൾ പ്രശസ്തി തന്നു എന്ന് കരുതുന്നുണ്ടോ ?​

തീർച്ചയായിട്ടും. ഡോ. രതി എന്നു തമിഴ് മക്കൾ വിളിക്കുന്നു. അതിന് മുൻപ് 'അയ്‌ലി'യിലെ കുറുവമ്മാൾ വലിയ സ്വീകാര്യത തന്നു. ഹാർട്ട് ബീറ്റ് സീസൺ 3 വന്നപ്പോൾ തന്നെ 'അയ്‌ലി' ബ്രേക്ക് ചെയ്തു. സീസൺ 2 വന്നപ്പോൾ തമിഴ്നാട് മുഴുവൻ ആ കഥാപാത്രം ഇറങ്ങി ചെന്നു. അത് ഒടിടിയുടെ റീച്ച് കൂടിയാണ്. ഒന്നും രണ്ടും സീസണിന്റെ നട്ടെല്ല് ഡോ.രതിയും റീനയുമായിരുന്നു. സീരിസിന് റീച്ച് ലഭിച്ചപ്പോൾ ഡോ. രതി വലിയ ശ്രദ്ധ നേടി. ഡോ. രതിയെപോലെ ശക്തയും ഉത്തരവാദിത്വബോധം നിറഞ്ഞതും അതേസമയം സ്നേഹനിധിയും കുടുംബത്തെയും സഹപ്രവർത്തകരെയും ചേർത്തു പിടിക്കുകയും ചെയ്യുന്ന സ്ത്രീയെ ആരും ഇഷ്ടപ്പെട്ട് പോകും . കുറെ സ്ത്രീകൾക്ക് ഡോ. രതിയെ കണ്ടതോടെ ജീവിതം മാറി. അവരെ ഞാൻ നേരിൽ കണ്ടു. ആ കഥാപാത്രം അവതരിപ്പിച്ചപ്പോൾ പ്രശസ്തി മാത്രമല്ല സ്നേഹവും ലഭിച്ചു.

മലയാളത്തിൽ നിന്ന് നടിമാർ തമിഴിലേക്ക് പോവുമ്പോൾ തിരിച്ചു സംഭവിച്ചതിന് എന്തായിരിക്കും കാരണം ?​

മലയാളത്തിൽ തുടക്കം കുറിക്കാൻ ഒരുങ്ങി എങ്കിലും നടന്നില്ല. 'കണ്ണുക്കുള്ളേ' എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പി.ആർ.ഒ അജയൻ ചേട്ടൻ അവസരം ഒരുക്കി . ഇളയരാജ സാറിന്റെ സംഗീത സാന്ദ്രമായ ചിത്രം ആണ് 'കണ്ണുക്കുളളേ'.ഇതിനുശേഷം രാംർ, മകഴ്ചി എന്നീ ചിത്രങ്ങൾ കൂടി തമിഴിൽ ചെയ്തു.ഇതു അറിഞ്ഞാണ് ഇവൻ മേഘരൂപന്റെ കാസ്റ്റിംഗ് ഡയറക്ടർ ഗോപൻ ചിദംബരം വിളിക്കുന്നത്.
ഇവൻ മേഘരൂപനുശേഷം മലയാളത്തിൽ സജീവമായി.തുടക്കത്തിലെ പോലെ ബ്രേക്കും റീച്ചും പ്രേക്ഷകരുടെ സ്നേഹവും തമിഴിൽ നിന്ന് വീണ്ടും ലഭിക്കുന്നു.

കലാമൂല്യം നിറഞ്ഞ ചിത്രങ്ങളുടെ ഭാഗമായപ്പോൾ കൊമേഴ്സ്യൽ സിനിമകൾ സൗഹൃദം കാട്ടുന്നതിൽ മടി കാണിച്ചോ?​

അങ്ങനെ കരുതുന്നില്ല. എന്റെ സിനിമാ കാഴ്ചപ്പാടും പിന്നെ നാട്ടിൻപുറത്ത് ഒരു വായനശാലയുടെ അടുത്ത് ജനിച്ച് പുസ്തകങ്ങൾ വായിച്ചു വളർന്ന ആൾ എന്ന നിലയിൽ കഥകൾ കേൾക്കുമ്പോൾ ഞാൻ എല്ലാം കൊണ്ട് ഇഷ്ടപ്പെടുകയും ചെയ്ത ആ സിനിമകൾ കലാമൂല്യം നിറഞ്ഞയവയായി മാറി. എന്നാൽ എല്ലാ സിനിമയിലും കൊമേഴ്സ്യൽ ഘടകം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ ഒരു മാസ്,​ മസാല എന്റർടെയ്നറിൽ അഭിനയിച്ചില്ല. ധാരാളം സൗഹൃദങ്ങൾ ഉണ്ടെങ്കിലും എനിക്ക് എവിടെയോ അത്തരം സിനിമകൾ ചെയ്യാൻ ധൈര്യക്കുറവ് ഉണ്ടായിരുന്നു. എനിക്കുത്തന്നെ അത് തിരിച്ചറിയാൻ കഴിയാതെ പോയി. ഒരു പക്ഷേ എന്റെ പരിമിതിയാകാം. എന്നാൽ അഭിനയിച്ച സിനിമകൾ എല്ലാം അഭിമാനം തന്നു.

അഭിനേത്രി എന്ന നിലയിൽ മലയാള സിനിമ വേണ്ടവിധം പരിഗണിച്ചില്ല എന്നു കരുതുന്നുണ്ടോ?​

അങ്ങനെയൊന്നും കരുതുന്നില്ല. മലയാളത്തിൽ നാൽപ്പതിനടുത്ത് സിനിമകൾ ചെയ്തു. അതുത്തന്നെ വലിയ നേട്ടമായാണ് കാണുന്നത്. പതിനേഴു വർഷമായി സിനിമയിൽ . കഴിഞ്ഞ മൂന്നാലു വർഷമേ ആയുള്ളൂ തമിഴിൽ സജീവം. ആസാമീസ്,​ ബംഗാളി,​ സംസ്കൃത ഭാഷകളിൽ സിനിമകൾ ചെയ്തു. ഇഷ്ടം തോന്നുന്ന കഥാപാത്രം ഏതു ഭാഷയിൽ നിന്ന് വന്നാലും അതിന്റെ ഭാഗമാകും. മലയാളം എന്റെ മാതൃ ഭാഷയാണ്.ഞാൻ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് മലയാളത്തിൽ ആണ്. അനു മോൾക്ക് വിലാസം തന്നത് മലയാള സിനിമയാണ്. ഇപ്പോൾ തമിഴിൽ ആണ് സമയം. മാറിമറിഞ്ഞു വരുന്നതാണല്ലോ സമയം. പട്ടാമ്പിയിലെ നടുവട്ടം എന്ന ഗ്രാമത്തിൽ നിന്ന് എന്റെ കുടുംബം പോലൊരു കുടുംബത്തിൽ നിന്ന് 62 സിനിമകൾ വരെ എത്തി നിൽക്കുന്നുവെന്ന് പറയുന്നത് തന്നെ വലിയ കാര്യം ആണ്.

കൊച്ചിയിൽ വർഷങ്ങളോളം താമസിച്ചിട്ട് നാട്ടിലേക്ക് മടങ്ങാൻ എന്താണ് പ്രേരിപ്പിച്ചത് ?

യാദൃശ്ചികമായി വന്നതാണ് കൊച്ചിയിൽ. എൻജിനീയറിംഗ് പഠന ശേഷം ആണ് കൊച്ചിയിൽ എത്തുന്നത്. എന്റെ രീതിക്കും സ്വഭാവത്തിനും എന്റെ നാടാണ് ഇഷ്ടം. ലോകത്ത് എവിടെപ്പോയാലും തിരികെ നടുവട്ടത്തു തന്നെ ജീവിക്കാനാണ് ഇഷ്ടം. എന്നാൽ എല്ലാ സ്ഥലവും ഇഷ്ടം ആണ്. അവിടെ എല്ലാം നിൽക്കും. ജീവിക്കും. എന്റെ ഇടം നടുവട്ടം തന്നെയാണ്. സിനിമയ്ക്കുവേണ്ടി ഒരു ജീവിതം രൂപപ്പെടുത്തിയിട്ടില്ല. നടുവട്ടത്ത് മനോഹരേട്ടന്റെയും കല ചേച്ചിയുടെയും മകൾ ജീവിക്കുന്ന ജീവിതം ആണ് ഞാൻ ജീവിക്കുന്നതെന്ന് തോന്നുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, ANUMOL, LATESNEWS, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA