SignIn
Kerala Kaumudi Online
Monday, 25 May 2026 3.48 PM IST

'വാഴ 2ലെ ആ സീൻ ഇദ്ദേഹത്തിന്റെ ജീവിതമാണ്, വീഡിയോ വൈറലായതോടെ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു'

bijukuttan

കൊച്ചി: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ചിത്രമാണ് വാഴ 2. ചിത്രത്തിലെ വൈകാരികമായ രം​ഗമായിരുന്നു വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ ബിജുക്കുട്ടന്റെ കഥാപാത്രം റോഡിൽ വീഴുന്ന സംഭവം. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ച രം​ഗത്തിലാണ് മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടൻ അഭിനയിച്ചത്.

ഇപ്പോഴിതാ വൈറലായ രംഗത്തിന് പിന്നിൽ കണ്ണീരണിയിക്കുന്ന യാഥാർത്ഥ്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജുക്കുട്ടൻ. തന്നെ തേടി യഥാർത്ഥ സംഭവത്തിലെ ആളായ ഷിബൻ എത്തിയെന്നും ബിജുക്കുട്ടൻ ഫേസ്‌ബുക്കിൽ കുറിച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളുമാണ് ബിജുക്കുട്ടനെ കാണാൻ വീട്ടിലെത്തിയത്.

വാഴ 2 സിനിമ കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി. ആ വീഴ്ചയ്ക്കപ്പുറത്തേക്ക് ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. 'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണത്. അന്ന് ഞാൻ വീഴുന്നത് കണ്ട എന്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നുകരുതി പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.

പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫംഗ്‌ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെപ്പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു. പക്ഷേ സിനിമ കണ്ടിറങ്ങിയ എന്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു. സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്. ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നിയെന്ന് അദ്ദേഹം പറഞ്ഞതായി ബിജുക്കുട്ടന്‍ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BIJUKUTTAN, FACEBOOK POST, VAZHA2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY