SignIn
Kerala Kaumudi Online
Sunday, 07 June 2026 9.32 AM IST

'ഇവിടം വിട്ട് പോയില്ലെങ്കിൽ വിവരമറിയും'; സെറ്റിൽ വച്ച് ജോജുവുമായി കയ്യാങ്കളി, പിന്നാലെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നുവെന്ന് ക്യാമറാമാൻ വേണു

READ ENGLISH VERSION
venu

തൃശൂർ: നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'പണി' യിൽ നിന്ന് ഛായാഗ്രാഹകൻ വേണുവിനെ പുറത്താക്കി. ഇതിന് പിന്നാലെ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി വേണു പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ഒരു മാസമായി തൃശൂരിൽ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. തുടക്കം മുതൽ ജോജുവും വേണുവും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. സെറ്റിലുള്ളവരോട് മുഴുവൻ വേണു അപമര്യാദമായി പെരുമാറുന്നുവെന്ന പരാതിയും ഇതിനിടെ ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചിത്രീകരണത്തിനിടെ ജോജുവും വേണുവും തമ്മിൽ പരസ്യമായി വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയുടെ വക്കിൽവരെ എത്തിയെന്നാണ് പറയപ്പെടുന്നത്. ഒരു എയർകണ്ടീഷണർ തകരുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വേണുവിനെ ഇനി തുടരാൻ അനുവദിക്കില്ലെന്ന് നിർമാതാവ് കൂടിയായ ജോജു തീരുമാനിക്കുകയായിരുന്നു. പിന്നാലെ 'ഇരട്ട'യുടെ ക്യാമറാമാനായ വിജയ്‌യെ വിളിച്ചുവരുത്തി.

ഇതിനിടെ ഹോട്ടലിൽ തങ്ങിയ വേണുവിനെ ഗുണ്ടകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. ഇന്നലെ രാവിലെയാണ് അദ്ദേഹം തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഉടൻ നഗരം വിട്ട് പോയില്ലെങ്കിൽ വിവരമറിയും എന്നായിരുന്നു ഭീഷണി. ഹോട്ടലിലേക്കെത്തിയ ഫോൺ കോളുകളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.

'വേണുവിനും സഹായികൾക്കും മുഴുവൻ പ്രതിഫലവും നൽകി. ഇനിയും 60 ദിവസം ചിത്രീകരണം ബാക്കിയുണ്ട്. എനിക്ക് മാത്രമല്ല, മറ്റുള്ളവർക്ക് കൂടി പ്രശ്നം സൃഷ്ടിക്കുന്നതുകൊണ്ടാണ് വേണുവിനെ മാറ്റിയത്. '- ജോജു പറഞ്ഞു.

ഇതാദ്യമായല്ല വേണു ഒരു ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ നിർമിച്ച 'കാപ്പ' എന്ന സിനിമയുടെ സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് ഇദ്ദേഹത്തെയാണ്. പക്ഷേ ഷൂട്ടിംഗ് തുടങ്ങും മുമ്പുതന്നെ വേണുവുമായി റൈറ്റേഴ്‌സ് യൂണിയനും സഹനിർമാതാക്കളും അഭിപ്രായഭിന്നതയിലായി. പ്രതിഫലത്തിലുൾപ്പെടെ വേണുവിന്റെ പലനിലപാടുകളും അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു നിർമാതാക്കൾ പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VENU, JOJU GEORGE, MOVIE, CINEMATOGRAOHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY