
താരസംഘടനയായ അമ്മയിലെ ഞെട്ടിക്കുന്ന ചില സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. നടി അൻസിബ ഹസനെ ജിഹാദി, മതം മാറ്റുന്നവൾ എന്നെല്ലാം വിളിച്ച് അധിക്ഷേപിച്ചു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ. നിലവിലെ ഭാരവാഹികളുടെ പ്രശ്‌നങ്ങൾ കാരണം ഈ കമ്മിറ്റി പിരിച്ചുവിട്ട് പുതിയൊരു തിരഞ്ഞെടുപ്പ് നടക്കണം എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇതിനിടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. അമ്മയിലെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സംഭവിച്ച കാര്യമാണ് ആലപ്പി തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
'അമ്മയിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അൻസിബ. ഇതിലൂടെ തന്നെ എല്ലാവർക്കും അൻസിബയോടുള്ള താൽപ്പര്യവും ഇഷ്‌ടവും വ്യക്തമാണ്. സംഘടനാ പ്രവർത്തനങ്ങളിൽ അവർ പ്രത്യേക മികവ് കാണിച്ചിരുന്നു. യോഗങ്ങളിൽ കൃത്യമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്‌തു. പല മുതിർന്ന താരങ്ങൾക്കും വ്യക്തമായ അഭിപ്രായവും നിലപാടുമില്ലാതെ മുന്നോട്ട് പോകുന്ന വേളയിലും അൻസിബ അഭിപ്രായം പറഞ്ഞു. അതാണ് ചിലർ അവർക്കുനേരെ തിരിയാൻ കാരണം.
തിരഞ്ഞെടുപ്പ് സമയത്ത് അൻസിബയുടെ പേര് ഉയർന്നുവന്നപ്പോൾ ആ മേത്തച്ചിയുടെ പേര് വെട്ടിയേക്ക് എന്നൊരു നടൻ പറഞ്ഞു. എല്ലാവരും ബഹുമാനിക്കുന്ന നടൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അൻസിബയെയും മോഹൻലാലിനെയും ചേർത്ത് ചില കാര്യങ്ങൾ കൂടി ആ നടൻ പറഞ്ഞു. ഇത്രയും മോശം മനസിന് ഉടമകളാണോ സിനിമാ താരങ്ങൾ എന്ന് തോന്നിപ്പോകും. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയിലെ ഭാരവാഹികൾ എടുത്ത തീരുമാനത്തിന് കാലം നൽകുന്ന തിരിച്ചടിയാണിത്. ഇതെല്ലാം മാറണമെങ്കിൽ വിദ്യാസമ്പന്നനായ ജഗദീഷ് അമ്മയുടെ തലപ്പത്ത് എത്തണം. അദ്ദേഹം ഒരിക്കലും ഇത്തരം ജാതി വിവേചനങ്ങളെ പ്രോത്സാഹിപ്പിക്കില്ല ' - ആലപ്പി അഷ്‌റഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |