SignIn
Kerala Kaumudi Online
Saturday, 15 August 2026 8.03 AM IST

ടോം ഹോളണ്ട്; ലോകസിനിമയിലെ ഷോമാൻ

g

ഇതാ, പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്‌പൈഡർമാൻ. അതെ, ടോം ഹോളണ്ട് തന്നെ, 'തോമസ് സ്‌റ്റാൻലി ഹോളണ്ട് '. വയസ് 30. ഏതാനും വർഷങ്ങൾ മുമ്പ് അരങ്ങേറ്റം കുറിച്ച പുതുമുഖ നടൻ. ഇന്ന് പുതുതലമുറയിലെ ഹോളിവുഡ് ആരാധകരുടെ സൂപ്പർ ഹീറോയാണെങ്കിലും ഏറ്റവും ഉയർന്ന പ്രതിഫലമുള്ള നടനല്ല. എന്നാൽ, ടോമിന്റെ ചിത്രങ്ങൾ ആഗോളതലത്തിൽ നേടിയത് ആകെ 1,400 കോടി ഡോളറിലേറെ കളക്ഷൻ. ഇക്കാര്യത്തിൽ ടോമിനെ വെല്ലാൻ ഏത് യുവ നടൻമാരുണ്ട്?

ചുരുങ്ങിയ കാലയളവിൽ പലനടൻമാർക്കും ലഭിക്കാതെ പോയ ഇരിപ്പിടങ്ങളിൽ ഈ ലണ്ടൻകാരനുണ്ട്. കൊച്ചുകുട്ടികളുടേതു പോലെ നിഷ്‌കളങ്ക മുഖവുമായി അച്ചടക്കവും ഭാഗ്യവും നിറഞ്ഞ ഹോളിവുഡ് യാത്രയായിരുന്നു ടോമിന്റേത്. 1996 ജൂൺ ഒന്നിന് ലണ്ടൻ നഗരത്തിലാണ് ടോമിന്റെ ജനനം. പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല. കുഞ്ഞായിരിക്കുമ്പോൾ തന്നെ ഡിസ്‌ലക്‌സിയ (എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ട്)​ കണ്ടെത്തി. അതിനാൽ ക്ലാസ്‌റൂം ടോമിന് കഠിനമായിരുന്നു.

എന്നാൽ ക്ലാസ്‌മുറിയല്ല ടോമിന്റെ ജീവിതം നിശ്ചയിക്കുകയെന്ന് മാതാപിതാക്കളായ നിക്കോള ഫ്രോസ്റ്റിനും ഡൊമിനിക് ഹോളണ്ടിനും അറിയാമായിരുന്നു. അതിനപ്പുറത്തേക്ക് മറ്റൊരു ലോകം അവനെ കാത്തിരിക്കുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. നാല് ആൺമക്കളിൽ മൂത്തവനായ ടോമിനെ മികച്ച ഗ്രേഡുകൾ വാങ്ങാൻ അവർ സമ്മർദ്ദം നൽകിയില്ല. ഡൊമിനിക് ഒരു ഹാസ്യനടനും എഴുത്തുകാരനുമായിരുന്നു. നിക്കോള ഫോട്ടോഗ്രാഫറും.

g

ഫിസിക്കൽ ആക്ടിവിറ്റികൾ ഇഷ്ടപ്പെട്ടിരുന്ന ടോമിനെ ഡാൻസ് മുതൽ ജിംനാസ്‌റ്റി‌ക്സ് വരെയുള്ള കലാ-കായിക ലോകത്തിന്റെ വാതിൽ തുറന്നുനൽകി. ലണ്ടനിലെ ഡാൻസ് സ്കൂളാണ് ടോമിന് വഴിത്തിരിവായത്. മനോഹരമായ മെയ്‌വഴക്കത്തോടെ നൃത്തച്ചുവടുകൾ വയ്‌ക്കുന്ന പത്തുവയസുകാരനായ ടോമിനെ ഒരു കോറിയോഗ്രാഫർ ശ്രദ്ധിക്കുകയും 'ബില്ലി എലിയറ്റ്' സംഗീത നാടകത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ഇതിനായി രണ്ട് വർഷം ബാലെയും ടാപ് ഡാൻസും അക്രോബാറ്റിക് പാഠങ്ങളും ടോം പരിശീലിച്ചു.

ബ്രിറ്റ് ‌സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സിൽ ചേർന്ന ടോം, ഓഡീഷനിൽ പങ്കെടുത്ത് സിനിമയിലേക്ക് പ്രവേശിച്ചു. 2004ൽ ഇന്ത്യൻ മഹാസമുദ്രത്തെ ഇറക്കിമറിച്ച ഭീകരൻ സുനാമി പശ്ചാത്തലമാക്കിയ 'ദ ഇംപോസിബിൾ ' എന്ന ചിത്രത്തിലൂടെ ടോം നാടകവേദിയിൽ നിന്ന് വെള്ളിത്തിരയിലേക്കെത്തി. ഇമോഷണൽ സീനുകളൊക്കെ ടോമിന് നന്നായി ചെയ്യാനായി. അതിനിടെ, മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിനായി ഒരു പുതുമുഖ സ്‌പൈഡർമാനെ തേടുകയായിരുന്നു മാർവെൽ സ്റ്റുഡിയോസ്.

1500ലേറെ യുവാക്കളിൽ നിന്ന് അതിനുള്ള ഭാഗ്യം ടോമിന് ലഭിച്ചു. വുൾഫ് ഹാൾ, ഇൻ ദ ഹാർട്ട് ഒഫ് ദ സീ തുടങ്ങിയ ചിത്രങ്ങളിലെയും സീരീസുകളിലെയും പ്രകടനവും ഡാൻസ് - ജിംനാ‌സ്‌റ്റി‌ക്‌സ് വഴക്കവും ടോമിന് പ്ലസ് പോയിന്റായി. ടോം സ്‌പൈഡർമാന്റെ കടുത്ത ഫാൻ കൂടിയായിരുന്നു. സ്‌പൈഡർമാൻ ചിത്രമുള്ള വസ്ത്രങ്ങൾ മുതൽ ബെഡ്‌ഷീറ്റുകൾ വരെ ടോമിന്റെ ശേഖരത്തിലുണ്ടായിരുന്നു.

g

ക്യാപ്‌റ്റൻ അമേരിക്ക: സിവിൽവാറിലാണ് (2016) ടോം ആദ്യമായി സ്പൈഡർമാന്റെ വേഷമണിഞ്ഞത്. സ്‌പൈഡർമാൻ പരമ്പരയിലെ ഹോം കമിംഗ് (2017), ഫാർ ഫ്രം ഹോം (2019), നോ വേ ഹോം (2021), ബ്രാൻഡ് ന്യൂ ഡേ (2026) എന്നിവ റെക്കാഡുകളുടെ പെരുമഴ തീർത്തു. ഇതിനിടെ സൂപ്പർ ഹീറോ വേഷമില്ലാതെ ഒഡീസി, അൺചാർട്ടഡ് തുടങ്ങിയ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു.

നടി സെൻഡേയയുമായുള്ള ടോമിന്റെ പ്രണയവും വാർത്തകളിൽ നിറഞ്ഞെങ്കിലും സ്വകാര്യത സംരക്ഷിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. ഇക്കൊല്ലം ആദ്യം തങ്ങൾ വിവാഹിതരായെന്ന കാര്യം പോലും അടുത്തിടെയാണ് ടോം സ്ഥിരീകരിച്ചത്. സിനിമയിൽ നിന്നുള്ള ടോമിന്റെ വരുമാനവും കുത്തനെ ഉയരുകയാണ്. സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയ്‌ക്ക് 2 കോടി - 3 കോടി ഡോളർ വരെ അടിസ്ഥാന പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.

അഭിനയ മികവല്ല, മാർവെൽ ചിത്രങ്ങളാണ് ടോമിന്റെ വിജയങ്ങൾക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. ആഴത്തിലുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ടോം ഏറെ മെച്ചപ്പെടാനുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ റിലീസായ ക്രിസ്റ്റഫർ നോളന്റെ ഒഡീസിയിലെ അഭിനയത്തിന് ടോമിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOM HOLLAND, HOLLYWOOD, LATESTNEWS, CINEMANEWS, SPIDERMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY