SignIn
Kerala Kaumudi Online
Wednesday, 22 July 2026 10.38 AM IST

'സത്യം പുറത്തുവരും, പല മുഖംമൂടികളും പിച്ചിച്ചീന്തപ്പെടും'; നടൻ തിലകനെ ഓർമ്മിപ്പിച്ച് മുന്നറിയിപ്പുമായി വിനയൻ

READ ENGLISH VERSION
vinayan

ലഹരി ഉപയോഗിച്ചതിനുശേഷം സിനിമാ സെറ്റിൽവച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെടുത്തി നടൻ തിലകനെക്കുറിച്ച് സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരുന്നുപയോഗിച്ചതിനല്ല, കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല. മറിച്ച് "ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു" എന്നു പറഞ്ഞതിനാണ് അദ്ദേഹത്തെ സിനിമാ സംഘടനകൾ ശിക്ഷിച്ചതെന്ന് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിനയൻ ആരോപിച്ചു. സത്യത്തെ സ്വർണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരുമെന്നും അന്ന് പല മുഖംമൂടികളും പിച്ചിച്ചീന്തപ്പെടുമെന്നും വിനയൻ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരുന്നുപയോഗിച്ചതിനല്ല.. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല.."ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു" എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്..

നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനൽ പ്രവർത്തിയാണല്ലോ തിലകൻ ചേട്ടൻ അന്നു ചെയ്തത്.. അല്ലേ..ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയിൽ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം...

ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു..വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്..ഇതിന് മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണും..

മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടി ഘോഷിച്ചുവന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിർത്താൻ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?... പ്രേക്ഷകർക്കതു നോക്കി നിൽക്കാനല്ലേ കഴിയു..സർക്കാരാണെങ്കിൽ ഇതിഹാസങ്ങൾക്ക് മുന്നിൽ കണ്ണഞ്ചി നിൽക്കുന്നൂ…

പക്ഷേ സത്യത്തെ സ്വർണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ...അതിവിടെ യാഥാർത്ഥ്യമാകും ഉറപ്പാണ്...അന്നു പല മുഖംമൂടികളും പിച്ചിച്ചീന്തപ്പെടും…

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THILAKAN, VINAYAN, SHINE TOM CHACKO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY