SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.07 AM IST

ജനക്ഷേമം, കരുതൽ നൂറുദിന കർമ്മപദ്ധതി വിജയത്തിലേക്ക്

a

സംസ്ഥാന ഭരണത്തിൽ വിസ്മയങ്ങൾ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട്. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതി അത്ഭുതാവഹമായ നേട്ടമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 50 വകുപ്പുകളിലായി 588 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 568 എണ്ണം (96.6 ശതമാനം) പൂർണമായും നടപ്പാക്കി. ശേഷിക്കുന്നവ 90 ശതമാനത്തിന് മുകളിൽ പൂർത്തീകരിച്ചു. 42 വകുപ്പുകളാണ് 100 ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ചത്. 42 പദ്ധതികളിൽ 39 എണ്ണം പൂർത്തീകരിച്ച ഇലക്ട്രോണിക്സ് ആൻഡ് വിവര സാങ്കേതിക വിദ്യ വകുപ്പും 30ൽ 29ഉം പൂർത്തീകരിച്ച പൊതുമരാമത്ത് വകുപ്പുമാണ് (99 ശതമാനം) രണ്ടാം സ്ഥാനത്ത്.

ആദ്യപ്രഖ്യാപനമായി നടപ്പാക്കിയ പ്രിയദർശിനി യാത്രാ പദ്ധതിയാണ് വമ്പൻ ഹിറ്റായത്. പദ്ധതി എത്രത്തോളം വിജയമാവുമെന്ന സംശയം പലഭാഗങ്ങളിൽ നിന്നുയർന്നെങ്കിലും ഇതുപയോഗപ്പെടുത്തുന്ന സ്ത്രീയാത്രക്കാരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. സ്ത്രീകൾക്കു വേണ്ടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ച് നാപ്കിനുകൾ ലഭ്യമാക്കിയ നടപടിയും എടുത്തുപറയേണ്ടതാണ്.

ആശാ വർക്കർമാരുടെ വേതന വർദ്ധനയാണ് സർക്കാരിന്റെ തിളക്കം കൂട്ടിയ മറ്റൊരു നടപടി. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായ വികസനം, ടൂറിസം തുടങ്ങിയ മേഖലകളെ മുൻനിറുത്തി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. വയോജനങ്ങൾക്കായി ഒരു വകുപ്പ് തന്നെ രൂപീകരിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയും നേടി.

മുൻഗണനാ റേഷൻ കാർഡ്

സാധാരണക്കാരെ ചേർത്തു പിടിക്കുക എന്ന നയമാണ് പദ്ധതി നടത്തിപ്പിൽ സർക്കാർ മുഖ്യമായും ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമാണ് മുൻഗണനാ റേഷൻകാർഡ് വിതരണം. 73,024 കുടുംബങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. 2.56 ലക്ഷംപേർ ഇതിന്റെ ഗുണഭോക്താക്കളുമായി. 12.79 ലക്ഷം കിലോ പ്രതിമാസ സൗജന്യ ഭക്ഷ്യധാന്യമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.

വിജയത്തിലേക്ക് വിഴിഞ്ഞം

വിഴിഞ്ഞം തുറമുഖത്ത് ചരക്ക് നീക്കം പ്രതീക്ഷിച്ചതിലും വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനുള്ള മുഖ്യമേഖലകളിലൊന്നായിട്ടാണ് വിഴിഞ്ഞത്തെ കാണുന്നത്. ഇതിനുപുറമേയാണ് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മാണം. 260 കോടി ചെലവ് പ്രതീക്ഷിക്കുന്ന വമ്പൻ പദ്ധതിയാണിത്.

തൊഴിൽ ലഭ്യത

തൊഴിൽ ലഭ്യതയ്ക്കും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഐ.ടി പാർക്കുകൾ വികസിപ്പിക്കാൻ എറണാകുളത്ത് ഇൻഫോപാർക്ക് നാലാം ഘട്ടത്തിന്റെയും തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ 2 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിട നിർമ്മാണത്തിന്റെയും പ്രാരംഭ ജോലികൾ തുടങ്ങി. നാലാംഘട്ടം പൂർത്തിയാകുമ്പോൾ ഇൻഫോ പാർക്കിൽ 50,000 പേർക്ക് നേരിട്ടുള്ള തൊഴിലും ഒരു ലക്ഷം പേർക്ക് പരോക്ഷ തൊഴിലും ലഭിക്കും. 3000 കോടിയുടെ നേരിട്ടുള്ള നിക്ഷേപവും പ്രതീക്ഷിക്കുന്നു. ടെക്‌നോപാർക്കിൽ 18 മാസത്തിനുള്ളിൽ 1500 പേർക്ക് തൊഴിൽ ലഭിക്കും.

സ്റ്റാർട്ടപ്പ് സെല്ലുകൾ

കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ വനിതാ സ്റ്റാർട്ടപ്പ് സെല്ലുകൾ ആരംഭിച്ചു. സ്റ്റാർട്ടപ്പുകളുടെ നൂതന ആശയങ്ങൾക്ക് പേറ്റന്റ് നേടാൻ സഹായിക്കുന്ന സംവിധാനത്തിലൂടെ 22 സ്റ്റാർട്ടപ്പുകൾക്ക് പേറ്റന്റ് സഹായം ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY