SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.47 PM IST

ടാപ്പുവെള്ളം കുടിച്ചുനടന്ന പയ്യനിൽ നിന്ന് ഭാരതിരാജയിലേയ്ക്ക്

bharathiraja

തേനിയിലെ അല്ലിനഗരം എന്ന ദരിദ്ര ഗ്രാമത്തിൽ നിന്ന് മദിരാശി മഹാനഗരത്തിലെത്തി തമിഴ് സിനിമയുടെ ദിശമാറ്റിയ സംവിധായകനാണ് ഭാരതിരാജ. പെരിയമായ തേവരുടെയും മീനാക്ഷിയമ്മാളുടെയും മകനായ ചിന്നസ്വാമിയിൽ നിന്ന് ഭാരതിരാജ എന്ന വിഖ്യാത സംവിധായകനിലേക്കുള്ള ദൂരം കഠിനാധ്വാനത്തിന്റെയും തിക്താനുഭവങ്ങളുടേതുമാണ്.

നാടകമെഴുത്തിലും സംവിധാനത്തിലും കുട്ടിക്കാലം മുതലേ ചിന്നസ്വാമിക്ക് കമ്പമുണ്ടായിരുന്നു. 1952ൽ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ 'പരാശക്തി' ഹൃദയത്തിൽ കയറിക്കൂടി. ശിവാജിയായി ജീവിച്ച ചിന്നസ്വാമിക്ക് 'ചിന്ന ശിവാജി'യെന്ന വട്ടപ്പേരും ലഭിച്ചു. തമിഴ് സിനിമയുടെ കേന്ദ്രമായ മദിരാശിയിലെത്തുക ചിന്നസ്വാമിയുടെ ജീവിത സ്വപ്‌‌നമായി മാറി.

പത്താം ക്ളാസ് പഠനം കഴിഞ്ഞുനിൽക്കുന്ന കാലം. തേനിയിലും സമീപപ്രദേശങ്ങളിലും മലേറിയ പടർന്നു. രോഗത്തെക്കുറിച്ച് ബോധവത്‌കരണം നടത്താൻ സർക്കാർ ദിവസവേതനത്തിന് ആളെയെടുക്കുന്നുവെന്ന് ചിന്നസ്വാമി കേട്ടു. മനസിൽ അഭിനയമോഹവുമായി ചിന്നസ്വാമി സാനിറ്ററി ഇൻസ്‌‌പെക്‌ടറായി മാറി.

തേനിക്കടുത്തുള്ള ഗ്രാമത്തിൽ ജോലി ചെയ്യവേ ഒരു നാടകം കാണാനിടയായി. നാടകത്തിന് പിന്നണി ചേർത്തത് ഇളയരാജയായിരുന്നു. പിന്നീട് ഇളയരാജയ്ക്കൊപ്പം ചിന്നസ്വാമിയും കൂടി. നാടകങ്ങളുമായി മുന്നോട്ടുപോകവേ സിനിമയിൽ കയറിക്കൂടണമെന്ന മോഹം ചിന്നസ്വാമിയിലും ഇളയരാജയിലും ശക്തമായി. സിനിമയിൽ കയറമെങ്കിൽ മദിരാശിയിലെത്തണം.

മകന്റെ സിനിമാഭ്രാന്ത് തിരിച്ചറിഞ്ഞത് ചിന്നസ്വാമിയുടെ അമ്മയാണ്. കടം വാങ്ങിയ 300 രൂപയും കുറച്ചു തുണികളും ബാഗിലാക്കി മദിരാശിക്ക് പോവുകയായിരുന്ന ഒരു ലോറിയിൽ അമ്മ ചിന്നസ്വാമിയെ കയറ്റിവിട്ടു. രണ്ടുദിവസത്തിനുശേഷം മദിരാശിയിലെത്തിയ ചിന്നസ്വാമി തങ്ങിയത് ഒരു ബന്ധുവീട്ടിലായിരുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് പിന്നീട് ടാപ്പുവെള്ളം കുടിച്ചായിരുന്നു ജീവിതം.

ഇതിനോടകം ഇളയരാജയും സഹോദരങ്ങളും മദിരാശിയിലെത്തിയിരുന്നു. നാടകങ്ങൾക്ക് പിന്നണിചേർക്കലായിരുന്നു ഉപജീവനമാർഗം. ചിന്നസ്വാമിയും അവരോടൊപ്പം കൂടി. ഇളയരാജയ്ക്ക് ബന്ധമുണ്ടായിരുന്ന ഒരു നിർമാതാവ് വഴിയാണ് കന്നഡ സംവിധായകനായ പുട്ടണ്ണയിലേയ്ക്കും ആദ്യ സിനിമയായ 16 വയതിനിലേയ്ക്കും ചിന്നസ്വാമിയെത്തിയത്. ചിന്നസ്വാമിയെന്ന പേരുമാറ്റാൻ നിർദേശിച്ചത് അദ്ദേഹമാണ്. അനുജൻ ജയരാജനുമായി ചിന്നസ്വാമിക്ക് വലിയ ബന്ധമുണ്ടായിരുന്നു. ഭാരതി പ്രിയപ്പെട്ട സഹോദരിയും. അങ്ങനെ ഇരുവരുടെയും പേരുചേർത്ത് ചിന്നസ്വാമി ഭാരതിരാജയായി.

തിരക്കേറിയപ്പോൾ പുട്ടണ്ണ ബംഗളൂരുവിലേയ്ക്ക് ചേക്കേറി. തുടർന്ന് എം കൃഷ്ണൻനായർ, കെ എസ് സേതുമാധവൻ ഉൾപ്പെടെ പല സംവിധായകരുടെയും സഹായിയായി ഭാരതിരാജ പ്രവർത്തിച്ചു. ഇതിനിടെ സ്വയം സിനിമ സംവിധാനം ചെയ്യാമെന്ന ആത്മവിശ്വാസമുണ്ടായി. മനസിലുണ്ടായിരുന്ന പല കഥകളും ഒട്ടേറെ നിർമാതാക്കളോട് പറഞ്ഞു. ആയിടയ്ക്കാണ് രാജ്‌ക്കണ്ണ് എന്നയാളെ പരിചയപ്പെടുന്നത്. പുതിയ സിനിമയുടെ ആലോചനയുമായി അദ്ദേഹം മദിരാശിയിലുണ്ടായിരുന്നു. മൂന്ന് കഥകൾ പറഞ്ഞതിൽ 'മയിൽ' എന്ന കഥ അദ്ദേഹത്തിനിഷ്ടമായി. സിനിമ സംവിധാനം ചെയ്യാൻ പല സംവിധായകരെയും നിർദേശിച്ചെങ്കിലും രാജ്‌ക്കണ്ണിന് തൃപ്‌തിയായില്ല. ഒടുവിൽ അഞ്ചുരൂപയുടെ നോട്ടെടുത്ത് രാജ്‌ക്കണ്ണ് ഭാരതിരാജയുടെ പോക്കറ്റിലിട്ടുകൊണ്ട് പറഞ്ഞു 'നീതന്നെ ഈ സിനിമയുടെ സംവിധായകൻ'.

എന്നാൽ സിനിമയുടെ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. ഇതിനിടെ ചന്ദ്രലീലയെന്ന അകന്ന ബന്ധു ഭാരതിരാജയുടെ ഭാര്യയായി. ഒരുദിവസം ഉച്ചയ്ക്ക് രാജ്‌ക്കണ്ണിന്റെ വാടക വീടിനുമുന്നിൽ ഒരു അംബാസിഡർ കാർ വന്നുനിന്നു. അന്ന് ഭാരതിരാജ ഒരച്ഛനായിക്കഴിഞ്ഞിരുന്നു. കാറിൽ നിന്നിറങ്ങി വീട്ടിലെത്തി രാജ്‌ക്കണ്ണ് തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഭാരതിരാജയുടെ കുഞ്ഞിന്റെ ശരീരത്തിൽ ഒരുകെട്ട് നോട്ടുവച്ചു. എത്രയും വേഗം സിനിമയുടെ പ്രവർത്തനങ്ങളാരംഭിക്കാൻ നിർദേശം നൽകി. പിറ്റേന്നുതന്നെ ഭാരതിരാജ പണിതുടങ്ങി.

തമിഴ് സിനിമയുടെ ഗതിമാറ്റിമറിച്ച '16 വയതിനിലെ' അങ്ങനെയാണ് പിറവികൊണ്ടത്. കന്നി സിനിമയിൽ ബാല്യകാലസുഹൃത്ത് ഇളയരാജ പിന്നണിയും പാട്ടുമൊരുക്കി. സിനിമയിലെ 'സിന്ദൂരപ്പൂവേ' എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ജാനകിക്ക് ലഭിച്ചു. സിനിമയിലെ നായകനായ കമലഹാസന് 30,000 രൂപയായിരുന്നു വേതനം. നായിക ശ്രീദേവിക്ക് 8000 രൂപയും. സിനിമയിലെ മറ്റൊരു താരമായ രജനീകാന്തിന് 3000 രൂപയും. 16 വയതിനിലെ ഒരു വർഷം മുഴുവൻ തിയേറ്ററുകളിൽ നിറഞ്ഞോടി. തമിഴ് സിനിമയിൽ പുതിയൊരു യുഗത്തിന് അങ്ങനെ ആരംഭമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BHARATHIRAJA, ILAYARAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY